ചോറ് കൊടുത്ത് പുറത്തേയ്ക്ക് പോയതാണ്, 14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ കിട്ടിയതാണ്’; കോടതിയില്‍ നാടകീയ രംഗങ്ങള്‍, പൊട്ടിക്കരഞ്ഞ് അമ്മ 


മൂന്നാര്‍: ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ട് കൊണ്ടുള്ള വിധി പ്രസ്താവിച്ച കോടതിയില്‍ നാടകീയ രംഗങ്ങള്‍. കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനെ വെറുതെ വിട്ട് കൊണ്ടുള്ള കട്ടപ്പന അതിവേഗ പ്രത്യേക കോടതിയുടെ വിധി കേട്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞു. നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ കോടതിക്ക് പുറത്ത് പ്രതിഷേധിച്ചു.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രതിക്കെതിരായ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ജുനെ കോടതി വെറുതെ വിട്ടത്. ഇത് കേട്ടാണ് കോടതിയില്‍ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞത്. ‘എന്റെ മകളെ അവന്‍ കൊന്നതാണ്. പൂജാമുറിയില്‍ ഇട്ടാണ് കൊന്നത്. അലമാരയ്ക്ക് അകത്തിരുന്ന ഷര്‍ട്ട് എടുത്താണ് കെട്ടിത്തൂക്കിയത്. കുഞ്ഞിന് ചോറ് കൊടുത്ത് പുറത്തേയ്ക്ക് പോയ സമയത്തായിരുന്നു അവന്‍ വീട്ടില്‍ കയറിയത്. 14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ കിട്ടിയതാണ്. അറിയാമോ?. നീതി ലഭിച്ചില്ല. അവന്‍ തന്നെയാണ് കുഞ്ഞിനെ കൊന്നത്. അതാണ് സത്യം’- കുട്ടിയുടെ അമ്മയുടെ വാക്കുകള്‍.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നല്‍കുന്ന അര്‍ജുന്റെ തലയില്‍ കേസ് കെട്ടിവെയ്ക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം. പൊലീസ് അർജുനെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുകയും  കള്ളസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്തു. അന്ന് ഡിവൈഎഫ്‌ഐ നേതാവ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞ് ആഘോഷിച്ചു. ഇപ്പോള്‍ കോടതി നീതി നടപ്പിലാക്കിയതായി അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡിവൈഎഫ്‌ഐ നേതാവായിരുന്നു എന്നതാണോ തെളിവ്?,യഥാര്‍ഥ പ്രതി എവിടെ?  കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അര്‍ജുന് വേണ്ടി നഷ്ടപരിഹാരവും ആവശ്യപ്പെടും. അര്‍ജുനെ രണ്ടര വര്‍ഷമാണ് ജയിലില്‍ കിടത്തിയതെന്നും അഭിഭാഷകന്‍ ആരോപിച്ചു.

കുറ്റപത്രം സമര്‍പ്പിച്ച് രണ്ടു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്നും കൊലപ്പെടുത്തിയെന്നുമാണ് പറയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുന്‍ പൊലീസ് പിടിയിലാകുന്നത്.  പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

2021 സെപ്റ്റംബര്‍ 21 നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.  കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ  വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരുന്നത്. കേസില്‍ 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളുമാണ് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചത്


Read Previous

സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകും’: ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

Read Next

മുഖ്യ ആസൂത്രകന്‍ അധ്യാപകനായ ലളിത് ഝാ?; പ്രതിഷേധത്തിന്റെ വീഡിയോ പകര്‍ത്തി കൊല്‍ക്കത്തയിലെ എന്‍ജിഒയ്ക്ക് അയച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular