തമിഴ്നാട്ടിൽ കനത്ത മഴ: 4 മരണം, 7000 പേരെ മാറ്റിപ്പാർപ്പിച്ചു


ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയെത്തുടർന്ന് 4 പേർ മരിച്ചു. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെ വിവിധയിടങ്ങളിൽ മുഖ്യമന്ത്രി നിയോഗിച്ചു. 

റെയിൽപ്പാളത്തിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി. തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാല് ജില്ലകളിലായി ഏഴായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും മൊബൈൽ നെറ്റ്‌വർക്കുകൾ തകരാറിലാവുകയും ചെയ്തു.

ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാൻ തീവ്രശ്രമം. ഇവർക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നൽകാൻ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്. 

സുളൂർ വ്യോമതാവളത്തിൽ നിന്ന് 2 ടണ്ണോളം ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്റ്റർ എത്തിയെങ്കിലും കനത്ത വെള്ളപ്പാച്ചിൽ തുടരുന്നതിനാൽ ഇതു നിലത്തിറക്കാനായില്ല. ട്രെയിനിലുള്ള എണ്ണൂറോളം പേരിൽ 300 പേരെ സമീപത്തെ സ്കൂളിലേക്കു മാറ്റിയത് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ്. മറ്റുള്ളവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത വിധം കനത്ത വെള്ളപ്പാച്ചിലാണ് പ്രദേശത്തുള്ളത്. തിരുച്ചെന്തൂർ – തിരുനെൽവേലി സെക്‌ഷനുകളിൽക്കിടിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിലാണു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത്. ഇൗ ഭാഗത്തെ 7 കിലോമീറ്ററിലധികം വരുന്ന റെയിൽ പാതയുടെ അടിയിൽ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണ്. വൈദ്യുതി ബന്ധം നിലച്ചതും ആവശ്യത്തിനു വെളിച്ചമില്ലാതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്. 

കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനം. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രങ്ങളിലേക്ക്  മാറ്റി. 11 ക്യാംപുകളിലായി 553 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങൾ  മന്ത്രി ടി.മനോ തങ്കരാജ്, ജില്ലാ കലക്ടർ പി.എൻ.ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. 

കന്യാകുമാരി വിവേകാനന്ദസ്മാരകത്തിലേക്കുള്ള ബോട്ട് സർവീസ് രണ്ടാം ദിനമായ ഇന്നലെയും നിർത്തി വച്ചു. ജില്ലയിലെ പ്രധാന ജലസംഭരണികളായ പേച്ചിപ്പാറ, പെരുഞ്ചാണി എന്നിവിടങ്ങളിൽ നിന്ന് 4600 ഘനഅടി ഉപരിജലം വീതം തുറന്നുവിടുന്നുണ്ട്. തിരുനെൽവേലി ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനമുണ്ട്. തിരുനെൽവേലിയിൽ നിന്നു നാഗർകോവിലിലേക്ക് മാത്രമേ നിലവിൽ തമിഴ്നാട് സർക്കാർ ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് സർവീസ് നടത്തുന്നുള്ളൂ.

തുത്തൂക്കുടി, തിരുച്ചെന്തൂർ, തെങ്കാശി എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തെങ്കാശി കുറ്റാലത്തും പഴയ കുറ്റാലത്തും അഞ്ചരുവിയിലും സഞ്ചാരികളുടെ പ്രവേശനം വിലക്കി. ശബരിമല സീസൺ ആയതിനാൽ തീർഥാടകരുടെ വലിയ തിരക്കിലാണു കുറ്റാലം. നീരൊഴുക്ക് ശാന്തമാകാതെ വെള്ളച്ചാട്ടങ്ങളിലേക്കു സഞ്ചാരികളെ കയറ്റിവിടില്ല. 

തമിഴ്നാട്ടിലുണ്ടായ പ്രളയത്തെ തുടർന്നു കേരളത്തിലൂടെ സർവീസ് നടത്തുന്നത് അടക്കമുള്ള 17 ട്രെയിനുകൾ റദ്ദാക്കി; ചിലത് വഴി തിരിച്ചു വിട്ടു. തിരുനെൽവേലി, തിരിച്ചെന്തൂർ, തെങ്കാശി, തൂത്തുക്കുടി ഉൾപ്പെടെയുള്ള മേഖലകളിലെ പാസഞ്ചർ ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കി.


Read Previous

കാമുകിയെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ചു; ഐഎഎസ് ഉദ്യോഗസ്ഥന്റെ മകനും 2 കൂട്ടാളികൾക്കും ജാമ്യം

Read Next

രാഹുലും പ്രിയങ്കയും ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണം; ആവശ്യവുമായി സംസ്ഥാന നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular