ഐഫോണ്‍ 15 വാങ്ങാന്‍ ദുബായ് മാളില്‍ വന്‍ തിരക്ക്; ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് സുരക്ഷാ ജീവനക്കാര്‍


ദുബായ്: ഐഫോണ്‍ 15ന്റെ വില്‍പ്പന ആരംഭിച്ചതോടെ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക്. ഏതാനും ദിവസം മുമ്പ് വിപണിയിലെത്തിയ പുതിയ മോഡല്‍ ഫോണ്‍ ഇന്നു മുതലാണ് ഷോറൂമുകളില്‍ ഔദ്യോഗികമായി വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ ആപ്പിള്‍ പ്രേമികള്‍ ഇന്നലെ മുതല്‍ തന്നെ സ്റ്റോറിന് പുറത്ത് അണിനിരന്നതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ച വീഡിയോകള്‍ കാണിക്കുന്നു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 15 സീരീസ് ആദ്യമായി വാങ്ങാന്‍ നൂറുകണക്കിന് ആളുകള്‍ ദുബായ് മാളിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ക്യൂ നില്‍ക്കുക യാണ്. ജനക്കൂട്ടം മുന്നോട്ട് കുതിച്ചപ്പോള്‍ നിയന്ത്രിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതും കാണാം.

പുതിയ ഐഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാങ്ങാനുള്ള അവസരം സെപ്തംബര്‍ 15 മുതല്‍ ലഭ്യമാണെങ്കിലും ഷോറൂമുകളിലെ വില്‍പ്പനയും ഓര്‍ഡര്‍ ഡെലിവറിയും വെള്ളിയാഴ്ച രാവിലെ മുതലാണ് ആരംഭിച്ചത്.

സെപ്റ്റംബര്‍ 12 ചൊവ്വാഴ്ചയാണ് ആപ്പിള്‍ കമ്പനി ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിവ പുറത്തിറക്കിയത്. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറല്‍ ടൈറ്റാനിയം എന്നിവയു ള്‍പ്പെടെ നാല് അതിശയകരമായ പുതിയ ഫിനിഷുകളില്‍ ഇത് ലഭ്യമാണ്.

3,399 ദിര്‍ഹം (76,748 രൂപ) മുതല്‍ 6,799 ദിര്‍ഹം (1,53,519 രൂപ) വരെയാണ് ഫോണുകളുടെ വില. നിരവധി ഉപഭോക്താക്കള്‍ക്ക് ഇന്ന് പുതിയ ഐഫോണില്‍ തൊടാനും പുതിയ സവിശേഷതകള്‍ അനുഭവിച്ചറിയാനും സാധിച്ചു. യുഎഇയിലെത്തിയ ഈജിപ്ഷ്യന്‍ വിനോദസഞ്ചാരികള്‍ 22.58 ലക്ഷം രൂപ (100,000 ദിര്‍ഹം ) നല്‍കി 11 ഐഫോണുകള്‍ വാങ്ങിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


Read Previous

ബഹ്റൈനില്‍ ഇന്ത്യന്‍ അധ്യാപകര്‍ അറസ്റ്റില്‍; ബിഎഡ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് ആരോപണം

Read Next

നോര്‍ക്ക റൂട്ട്സിന് വീണ്ടും ദേശീയ അംഗീകാരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular