ആദിവാസികളെ ഭയപ്പെടുത്തുന്നത് തുടര്‍ന്നാല്‍, ബി.ജെ.പി. തുടച്ചുനീക്കപ്പെടും; ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ച സോറനെ, ബി.ജെ.പി. ജയിലിലടച്ചു; ഖാര്‍ഗെ


റാഞ്ചി: ഇന്ത്യസഖ്യത്തില്‍നിന്ന് പുറത്തുവരാന്‍ വിസമ്മതിച്ചതിനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ബി.ജെ.പി. ജയിലിലടച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലെ പ്രഭാഗത് താര മൈതാനത്ത് ഇന്ത്യ സഖ്യത്തിന്റെ ‘ഉല്‍ഗുലന്‍ ന്യായ്’ റാലിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

തലകുനിയ്ക്കുന്നതിനെക്കാള്‍ ജയിലില്‍പ്പോകാന്‍ ഇഷ്ടപ്പെട്ട ധീരനാണ് ഹേമന്ത് സോറന്‍. ആദിവാസികളെ ഭയപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ബി.ജെ.പി. തുടച്ചുനീക്കപ്പെടും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാമക്ഷേത്രപ്രതിഷ്ഠയ്ക്കും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും ക്ഷണിക്കാത്തതിലൂടെ ഗോത്രവര്‍ഗക്കാരെയും മോദി അപമാനിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. 150 മുതല്‍ 180 വരെ സീറ്റുകളായി ചുരുങ്ങുമെന്നും ഖാര്‍ഗെ പറഞ്ഞു. പ്രതിപക്ഷം ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ താഴെയിറക്കാനാണ് ബി.ജെ.പി. ശ്രമിയ്ക്കുന്നതെന്നും എന്നാല്‍, ജനാധിപത്യത്തെ പരാജയപ്പെടുത്താന്‍ അനുവദിയ്ക്കില്ലെന്നും സോറന്‍ ജയിലില്‍നിന്നുള്ള സന്ദേശത്തില്‍ പറഞ്ഞു. ഭാര്യ കല്പനാ സോറനാണ് സന്ദേശം വായിച്ചത്. അസുഖംകാരണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി റാലിയില്‍ പങ്കെടുത്തില്ല.

ഇന്ത്യസഖ്യം ‘ജംഗിള്‍രാജ്’ എന്ന് ബി.ജെ.പി.

റാഞ്ചിയില്‍ റാലിക്കിടെ വേദിയില്‍ സംഘര്‍ഷമുണ്ടായതിന്റെ വീഡിയോദൃശ്യം പുറത്തുവന്നതിനുപിന്നാലെ പരിഹാസവുമായി ബി.ജെ.പി. രംഗത്ത്. ഇന്ത്യ സഖ്യം ‘ജംഗിള്‍രാജ്’ ആണെന്നും കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. പ്രവര്‍ത്തകരാണ് തമ്മിലടിച്ചതെന്നും ബി.ജെ.പി. ആരോപിച്ചു. വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ.യാണ് സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവിട്ടത്. വേദിയിലുള്ളവര്‍ പരസ്പരം കസേരകള്‍ എറിയുന്നതും തലയില്‍ ചോര ഒലിപ്പിച്ചുനില്‍ക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.


Read Previous

രാഹുലിനു വേണ്ടി ദേശീയ നേതാക്കള്‍ വയനാട്ടില്‍

Read Next

രാജ്യത്തിന്‍റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കും;മോദിയുടെ പ്രസംഗത്തില്‍ രൂക്ഷവിമര്‍ശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular