‘എനിക്ക് ബോധ്യമുണ്ട്…പക്ഷേ തെളിവില്ല’: ഹമാസ് ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തി ബൈഡന്‍


ഇസ്രയേലിനെതിരെ ഹമാസ് ഭീകരാക്രമണം അഴിച്ചുവിട്ടതിന്റെ ഒരു കാരണം ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇക്കാര്യം തനിക്ക് ബോധ്യപ്പെട്ടു. എന്നാല്‍ തെളിവുകളൊന്നും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്റെ പ്രസ്താവന. അടുത്തിടെ ന്യൂഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ഹമാസിന്റെ ഭീകരാക്രമണത്തിന് സാധ്യതയുള്ള കാരണ മായി ബിഡന്‍ പരാമര്‍ശിക്കുന്നത്. മുഴുവന്‍ പ്രദേശത്തെയും റെയില്‍വേ ശൃംഖലയു മായി സംയോജിപ്പിക്കുന്നതാണ് ഈ പദ്ധതി. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന് ബദലായി പലരും കാണുന്ന പുതിയ സാമ്പത്തിക ഇടനാഴി സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്.

ജി20 ഉച്ചകോടിയില്‍ അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ നേതാക്കള്‍ സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയെ ഗള്‍ഫ് മേഖലയുമായി ബന്ധിപ്പി ക്കുന്ന കിഴക്കന്‍ ഇടനാഴിയും ഗള്‍ഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കന്‍ ഇടനാഴിയും ഉള്‍പ്പെടുന്നതാണ് ഈ പുതിയ സാമ്പത്തിക ഇടനാഴി.

ജോര്‍ദാനിലെ അബ്ദുള്ള രാജാവ്, ഈജിപ്ത് പ്രസിഡന്റ്, പലസ്തീന്‍ പ്രസിഡന്റ്, സൗദി അറേബ്യയുടെ കിരീടാവകാശി എന്നിവരുള്‍പ്പെടുന്ന മേഖലയിലെ നേതാക്കളുമായി താന്‍ സംസാരിച്ചതായി ബൈഡന്‍ പറഞ്ഞു. പലസ്തീന്‍ ജനതയുടെ അഭിലാഷങ്ങള്‍ പരിഗണിച്ച് തന്നെ ഇസ്രയേലിന്റെ കൂടുതല്‍ ഏകീകരണത്തിനായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമ ണത്തില്‍ 1,400-ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു അത്. ഇതിന് ശേഷമാണ് ഹമാസിനെതിരെ ഇസ്രായേല്‍ വന്‍ പ്രത്യാക്രമണം ആരംഭിച്ചത്. 5,800 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇരുഭാഗത്തും മരിച്ചവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.


Read Previous

‘നവംബര്‍ ഒന്നിന് മുമ്പ് കുടിയേറ്റക്കാര്‍ പാകിസ്ഥാന്‍ വിടണം’; മുന്നറിയിപ്പുമായി ഇടക്കാല ആഭ്യന്തര മന്ത്രി

Read Next

അസീസ് എന്നെ അനുകരിക്കുന്നത് മോശമായിട്ട്: അശോകൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular