CPM തൃശ്ശൂര്‍ ജില്ലാകമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതിവകുപ്പ്


തൃശ്ശൂര്‍: സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി.

സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്ഡ്. ഈ ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത 3.8 കോടി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം.

ഈ തുക പലതവണ അക്കൗണ്ടിലേക്ക് വരുകയും പോകുകയും ചെയ്തിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ തൃശ്ശൂര്‍ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച പരിശോധന രാത്രിവരെ തുടര്‍ന്നു. പരിശോധനാ സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ ആനുവദിച്ചിരുന്നില്ല. എറണാകുളത്ത് ഇ.ഡി.യുടെ മൊഴിയെടുപ്പിന് ശേഷമായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസില്‍നിന്ന് മൊഴി ശേഖരിച്ച് തുടങ്ങിയത്.

ഈ അക്കൗണ്ട് വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടാതിരുന്നതിനെക്കുറിച്ച് എം.എം. വര്‍ഗീസിന്റെ മറുപടി തൃപ്തികരമല്ലെന്ന നിലയിലാണ് സംഘം ഇന്നലെ മടങ്ങിയത്. പാര്‍ട്ടിയും പാര്‍ട്ടിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ജില്ലാ സെക്രട്ടറിയും അക്കൗണ്ടിലെ ഇത്ര വലിയ തുക ഇതേവരെ കണക്കില്‍ കാണിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു.

കരുവന്നൂര്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിശദമായ അന്വേഷണം നടത്തിവരികയാണ്. കരുവന്നൂരില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ സി.പി.എമ്മിന് ഉണ്ടെന്ന് ഇ.ഡി. പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ വിവരങ്ങളെല്ലാം ഇ.ഡി. ആര്‍.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിരുന്നു.


Read Previous

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച്, സ്മൃതി ഇറാനി

Read Next

അതിഥി തൊഴിലാളിയുടെ മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവ്; CPI മുൻ പഞ്ചായത്ത് അംഗം അടക്കം 10 പേർ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular