ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്; എതിരാളി ഓസീസ്


ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. അഞ്ച് വട്ടം ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതൽ പോരാട്ടം ആരംഭിക്കും. ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് വിരുന്നെത്തുന്ന ക്രിക്കറ്റ് മാമാങ്കത്തിലൂടെ ഐസിസി ട്രോഫികളിൽ നേരിടുന്ന വരൾച്ച അവസാനിപ്പി ക്കാനാവും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ ശ്രമം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ തങ്ങളുടെ ആദ്യ സുപ്രധാന കിരീടമായ ഏഷ്യാ കപ്പ് നേടിയ ശേഷമാണ് ഇന്ത്യ ലോകകപ്പിന് എത്തുന്നത്. ഓസ്‌ട്രേലിയക്ക് എതിരെ സ്വന്തം നാട്ടിൽ ഇറങ്ങുമ്പോൾ മറ്റൊരു 2011 ആവർത്തിക്കാനാവും ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആതിഥേയ കിരീടമണിഞ്ഞ സാഹചര്യത്തിൽ ഇക്കുറി ഇന്ത്യയ്ക്കും സാധ്യതകളുണ്ട്, കണക്കിൽ മാത്രമല്ല കടലാസിലും. ശക്തമായ നിരയുമായി തന്നെയാണ് ഇന്ത്യ എത്തുന്നത്.

മുൻപ് ഇതേ ഗ്രൗണ്ടിൽ ലോകകപ്പ് മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയത് ഒരേയൊരു തവണയാണ്, 1987ലായിരുന്നു അത്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തോൽവി ഏതൊരു ക്രിക്കറ്റ് ആരാധകനും മറക്കാൻ ആഗ്രഹിക്കുന്നതാണ്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ജെഫ് മാർഷിന്റെ സെഞ്ചുറിയുടെ ബലത്തിൽ 270 റണ്സെടുത്തു. തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ശക്തമായ പോരാട്ട വീര്യം പ്രകടിപ്പിച്ചു, ഒടുവിൽ ഒരു പന്ത് ശേഷിക്കെ കേവലം ഒരു റൺസ് അകലെ ഇന്ത്യ പൊരുതിവീണു.

അതേ ഗ്രൗണ്ടിൽ 36 വർഷങ്ങൾക്ക് ശേഷം ഇരു ടീമുകളും മുഖാമുഖം വരുമ്പോൾ അന്നത്തെ കണ്ണുനീരിന് പകരം ചോദിക്കുകയാകും ഇന്ത്യയുടെ പ്രഥമലക്ഷ്യം. എങ്കിലും ഐസിസി ടൂർണമെന്റുകളിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത മേൽക്കോയ്‌മ സ്വന്തമായുള്ള ഓസീസ് സംഘത്തിനെ വരുതിയിലാക്കുക ഒട്ടും എളുപ്പമാവില്ല.

ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഓപ്പണർ ശുഭ്മാൻ ഗില്ലിന് ആദ്യ മത്സരം നഷ്‌ടമായേക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഇഷാൻ കിഷൻ രോഹിതിനൊപ്പം ഓപ്പൺ ചെയ്യാനാണ് സാധ്യത. വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർ ബാറ്റിംഗ് നിരയ്ക്ക് മികവേകും.

മൂന്ന് സ്‌പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാൽ ലോക്കൽ ബോയ് അശ്വിൻ തന്റെ സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങാനും സാധ്യതയുണ്ട്. ജസ്പ്രീത് ബുമ്ര നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, ഷമി എന്നിവർക്ക് സാധ്യതകളുണ്ട്. അന്തിമ തീരുമാനം കോച്ച് രാഹുൽ ദ്രാവിഡും, രോഹിത് ശർമ്മയും പിച്ച് സവിശേഷതകൾ നോക്കിയാവും സ്വീകരിക്കുക.

മറുഭാഗത്ത് ഓസീസ് നിരയിൽ ട്രാവിസ് ഹെഡ്, മാർക്കസ് സ്‌റ്റോയിനിസ് എന്നിവർ ആദ്യ മത്സരത്തിൽ ഉണ്ടാവാനിടയില്ല. ഹെഡിന് തുടക്കത്തിലേ രണ്ടോ മൂന്നോ മത്സരങ്ങൾ നഷ്‌ടമായേക്കും. സ്‌റ്റോയിനിസ് ഹാംസ്ട്രിങ് പരിക്ക് മൂലം വലയുന്ന സാഹചര്യത്തിൽ ആദ്യ മത്സരത്തിൽ വിശ്രമം അനുവദിക്കാനാണ് സാധ്യത. ഓൾറൗണ്ടർമായ കാമറൂൺ ഗ്രീൻ, മാക്‌സ്‌വെൽ എന്നിവർ മത്സരത്തിൽ നിർണായക സാന്നിധ്യമാവും. പേസ് നിരയാണ് ഓസീസിന്റെ കരുത്ത്, അവരും മികവ് കാട്ടിയാൽ ചെപ്പോക്കിൽ ഇന്ന് തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.


Read Previous

‘അവശിഷ്‌ടങ്ങളാക്കി മാറ്റും’; ഹമാസിന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്

Read Next

എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും’; ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി ജെഡിഎസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular