അറാഷ് എന്നാണ് ഈ പ്രദേശത്തെ ഇറാന്‍ വിളിക്കുന്നത്. ദുര്‍റ എന്ന് കുവൈത്തും. കോടികള്‍ കുഴിച്ചെടുക്കും!! സൗദി അറേബ്യ പിന്തുണ പ്രഖ്യാപിച്ചു; ഉടക്കി ഇറാന്‍


റിയാദ്: പ്രകൃതി വിഭവങ്ങളുടെ കലവറയാണ് കുവൈത്തും ഇറാനും അതിര്‍ത്തി പങ്കിടുന്ന പ്രദേശം. അറാഷ് എന്നാണ് ഈ പ്രദേശത്തെ ഇറാന്‍ വിളിക്കുന്നത്. ദുര്‍റ എന്ന് കുവൈത്തും. കുവൈത്തിനൊപ്പമാണ് സൗദി അറേബ്യ വിഷയത്തില്‍ നിലകൊള്ളു ന്നത്. ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എങ്കിലും അടുത്തിടെ ഇരു രാജ്യങ്ങളും കൈകൊടുത്തു. ഇതോടെ തടസം ഇറാന്‍ മാത്രമായി.

സൗദി അറേബ്യയും കുവൈത്തും സംയുക്തായി ഇറക്കിയ പ്രസ്താവനയാണ് ഇന്ന് ഗള്‍ഫ് രാഷ്ട്രീയ രംഗത്തെ പ്രധാന ചര്‍ച്ച. അതിര്‍ത്തിയിലെ എണ്ണ-വാതക പാടത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് മാത്രമാണ് എന്നാണ് ഇവരുടെ പ്രസ്താവന. മൂന്നാമതൊരു കക്ഷി അവകാശവാദം ഉന്നയിക്കേണ്ടെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന വരുംദിവസ ങ്ങളില്‍ വലിയ വിവാദത്തിന് കാരണമായേക്കും.

അറാഷ് തങ്ങളുടെത് മാത്രമാണ് എന്നാണ് ഇറാന്റെ വാദം. എന്നാല്‍ കുവൈത്തും സമാനമായ ആവശ്യവുമായി രംഗത്തുണ്ട്. ഇറാനുമായി പലതവണ കുവൈത്ത് ചര്‍ച്ചകള്‍ക്ക് ശ്രമിച്ചു. നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ മാസം വീണ്ടും ചര്‍ച്ചകള്‍ക്ക് ശ്രമിച്ചപ്പോള്‍ ഇറാന്‍ മുഖം തിരിച്ചു. മാത്രമല്ല അവര്‍ വലിയ പ്രഖ്യാപനം നടത്തുകയും ചെയ്തു.

അറാഷില്‍ വാതക ഖനനം ആരംഭിക്കാന്‍ പോകുന്നു എന്നാണ് ഇറാന്റെ പ്രഖ്യാപനം. കോടികളുടെ മൂല്യമുള്ള വാതകമാണ് മേഖലയില്‍. ഖനനം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി മാറാം. ഇറാനെ സംബന്ധിച്ചിടത്തോളം അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയാണ് ഖനനത്തിന് തടസം. എങ്കിലും ഖനനം തുടങ്ങാന്‍ പോകുന്നുവെന്ന് അവര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചു.

ഇറാനുമായി സമവായത്തിന്റെ പാത സ്വീകരിക്കാന്‍ കുവൈത്ത് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് സൗദിയും കുവൈത്തും സംയുക്തമായി ഇന്ന് പ്രസ്താവന ഇറക്കിയിരിക്കുന്നത്. പ്രദേശത്തിന്റെ ഉടമസ്ഥാവകാശം കുവൈത്തിനും സൗദിക്കും മാത്രമാണെന്നും മറിച്ചുള്ള വാദങ്ങള്‍ ശരിയല്ലെന്നുമാണ് പ്രസ്താവന. ഇത് ഇറാനെ ചൊടിപ്പിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും ഖനനമാണ് അടുത്ത ദൗത്യമെന്നും ഇറാന്‍ എണ്ണ വകുപ്പ് മന്ത്രി ജവാദ് ഓജി ഞായറാഴ്ച പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ കുവൈത്ത് മന്ത്രി സഅദ് അല്‍ ബറാക്കും സമാനമായ പ്രതികരണവുമായി രംഗത്തെത്തി. ശേഷമാണ് സൗദി ഭരണകൂടവുമായി വിഷയം ചര്‍ച്ച ചെയ്തതും സംയുക്ത പ്രസ്താവന ഇറക്കിയതും.

1960ലാണ് ഈ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. ഇറാനും കുവൈത്തും വ്യത്യസ്ത ഖനന കരാറുകള്‍ നല്‍കിയതാണ് വിവാദത്തിന് കാരണം. ആംഗ്ലോ-ഇറാനി യന്‍ ഓയില്‍ കമ്പനിക്കാണ് ഇറാന്‍ കരാര്‍ നല്‍കിയത്. കുവൈത്ത് റോയല്‍ ഡച്ച് ഷെല്‍ കമ്പനിക്കും. രണ്ട് രാജ്യങ്ങളും ഒരേ പ്രദേശത്തെ ഖനനത്തിന് കരാര്‍ നല്‍കിയതോടെ തര്‍ക്കമാകുകയും എല്ലാം നിലയ്ക്കുകയും ചെയ്തു. 222 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതക ശേഖരം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.


Read Previous

ഗ്യാന്‍വാപിയില്‍ പുരാവസ്തു സര്‍വേ തുടരാം; ഖനനം പാടില്ലെന്ന് സുപ്രീംകോടതി

Read Next

രാഹുലിന്റെ അയോഗ്യതക്ക് സ്‌റ്റേ | രാജ്യത്ത് നീതിയും ന്യായവും കാക്കാനുള്ള സംവിധാനം ഇപ്പോഴുമുണ്ടെന്ന ജനങ്ങളുടെ ആത്മവിശ്വാസം കൂടി |കുഞ്ഞാലിക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular