ഗാസയിൽ കര വഴിയുള്ള ആക്രമണം ശക്തമാക്കി ഇസ്രയേൽ; ആക്രമണത്തെ പൂർണ്ണ ശക്തിയോടെ നേരിടും, എല്ലാ പലസ്‌തീൻ പ്രതിരോധ സേനകളും പൂർണ്ണമായും സജ്ജമാണ്” ഹമാസ്; ഇന്ന് രാത്രി ഗാസ ഞങ്ങളുടെ ശക്തി അറിയുമെന്ന് നെതന്യാഹു


ഗാസയിൽ കര വഴിയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സൈന്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.

ഓൺലൈൻ വാർത്താ ഏജൻസിയായ വിസെഗ്രാഡ് 24 ട്വീറ്റ് ചെയ്‌ത വീഡിയോയിൽ ഇസ്രയേലി ടാങ്കുകൾ ഗാസയുടെ ഭാഗത്തേക്ക് വെടിയുതിർക്കുന്നതും വലിയ സ്ഫോടന ശബ്‌ദം കേൾക്കുന്നതും കാണിക്കുന്നു. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ ആക്രമണങ്ങൾക്ക് പുറമേ, കരസേന ഇന്ന് രാത്രി അവരുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു,” ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്‌മിറൽ ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

സംഘർഷം രൂക്ഷമാവുകയും മേഖലയിൽ ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കിയതോടെ ഗാസയിൽ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ തകരാറിലായി. ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, നിലവിൽ 2.3 ദശലക്ഷം ആളുകളാണ് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നത്.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇങ്ങനെ

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിൽ ഒരു പുരോഗതിയും കൈവരിക്കാനാകാത്തതിനെത്തുടർന്ന് വ്യാഴാഴ്‌ച രാത്രി ഇസ്രയേൽ യുദ്ധ കാബിനറ്റ് ഗാസയിൽ തങ്ങളുടെ കര ആക്രമണം വിപുലീകരിക്കാനുള്ള തീരുമാനമെടുത്തതായി രണ്ട് ഇസ്രയേലി ഉദ്യോഗസ്ഥർ ആക്‌സിയോസിനോട് പറഞ്ഞു.

ഹമാസ് കുഴിച്ച തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും ഇസ്രയേൽ യുദ്ധവിമാനങ്ങൾ നിരന്തരം ആക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രയേൽ സൈനിക വക്താവ് ഹഗാരി പറഞ്ഞു.ഗാസയുടെ വടക്കൻ ഭാഗത്ത് ഇസ്രയേൽ കര ആക്രമണം വ്യാപകമാക്കിയതിനാൽ പലസ്‌തീനികളോട് തെക്കൻ ഗാസയിലേക്ക് നീങ്ങാനുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവർത്തിച്ചു.

ഗാസയുടെ വടക്കുകിഴക്കൻ പട്ടണമായ ബെയ്ത് ഹനൂനിലും അൽ-ബുറൈജിന്റെ മധ്യമേഖലയിലും തങ്ങളുടെ പോരാളികൾ ഇസ്രയേൽ സൈനികരുമായി ഏറ്റുമുട്ടുക യാണെന്ന് ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു. “ഇസ്രായേലിന്റെ ആക്രമണ ത്തെ പൂർണ്ണ ശക്തിയോടെ നേരിടാനും അവരുടെ നുഴഞ്ഞുകയറ്റങ്ങളെ പരാജയപ്പെടുത്താനും അൽ-ഖസ്സാം ബ്രിഗേഡുകളും എല്ലാ പലസ്‌തീൻ പ്രതിരോധ സേനകളും പൂർണ്ണമായും സജ്ജമാണ്” ഹമാസ് പുറത്തുവിട്ട പ്രസ്‌താവനയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ഇസ്രായേലിന്റെ ഗ്രൗണ്ട് ഓപ്പറേഷൻസ് കാരണം എല്ലാ ആശയവിനിമയ, ഇന്റർനെറ്റ് സേവനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടുവെന്ന് പലസ്‌തീൻ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ പാൽടെൽ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ നിരസിക്കുകയും യുഎൻ ജനറൽ അസംബ്ലി പാസാക്കിയ പ്രമേയത്തെ നിന്ദ്യം എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. “ലോകം നാസികളെയും ഇസ്ലാമിക് സ്‌റ്റേറ്റിനെയും നേരിട്ടതുപോലെ ഹമാസിനെ ഇല്ലാതാക്കാനാണ് ഇസ്രയേൽ ഉദ്ദേശിക്കുന്നത്” എന്ന് കോഹൻ ഒരു ട്വീറ്റിൽ പറഞ്ഞു.

ഹമാസിനെക്കുറിച്ച് ഒരു പരാമർശവും നടത്താത്തതിനാൽ, യുഎൻ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. എംഎസ്എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റെഗെവ്, ഹമാസിനെതിരെ ഇസ്രയേൽ തിരിച്ചടി ആരംഭിച്ചതായും ഇന്ന് രാത്രി ഗാസ ഞങ്ങളുടെ ശക്തി അറിയുമെന്നും പറഞ്ഞു.

യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇസ്രയേലിൽ 1,400-ലധികം ആളുകൾ കൊല്ലപ്പെട്ടു, ഗാസയിൽ 7,000-ത്തിലധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്ന് പലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളടക്കം ഇരുന്നൂറിലധികം പേരെ ഹമാസ് തട്ടിക്കൊണ്ടുപോയി ഗാസയിൽ തടവിലാക്കിയിട്ടുണ്ട്.


Read Previous

എബിവിപി പരിപാടിയില്‍ പങ്കെടുത്തില്ല; വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടി; നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; എന്‍എസ്എസ് കോളജില്‍ ക്രൂരറാഗിങ്

Read Next

മിസോറാമിലെ വനഭൂമിയും ആദിവാസികളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന പുതിയ ബില്‍ പാസാക്കും: ജയറാം രമേശ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular