ഡികെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ


അനധികൃത സ്വത്ത് സമ്പാദനകേസിൽ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന സിബിഐ അന്വേഷണം പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. ആഭ്യന്തരവകുപ്പ് സമർപ്പിച്ച നിർദ്ദേശത്തിന് കർണാടക സർക്കാർ അംഗീകാരം നൽകി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ശിവകുമാറിനെതിരായ സിബിഐ അന്വേഷണം പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയത്. സിബിഐ അന്വേഷണം പിൻവലിക്കണമെന്ന ആവശ്യത്തിന് പുറമെ അന്വേഷണം സംസ്ഥാന പൊലീസ് വകുപ്പിന് കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്.

അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തി ലാണ് ഈ നിർദ്ദേശം തയ്യാറാക്കിയത്. ബിജെപി നേതൃത്വത്തിലുള്ള മുൻ കർണാടക സർക്കാരാണ് ഡികെ ശിവകുമാറിനെതിരായ കേസ് സിബിഐക്ക് കൈമാറിയത്. കർണാടകയിൽ 577 ഓളം അനധികൃത സ്വത്ത് സമ്പാദനകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും അവയൊന്നും സിബിഐക്ക് കൈമാറിയിട്ടില്ലെന്ന് ഡികെ ശിവകുമാറിന്റെ ഓഫീസ് ആരോപിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

ഇത്തരം കേസുകൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി), അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അല്ലെങ്കിൽ സംസ്ഥാനത്തെ ലോകായുക്ത എന്നിവരാണ് പരിശോധിച്ചിട്ടുള്ളതെന്നും വൃത്തങ്ങൾ അറിയിച്ചു. മുൻ കർണാടക ബിജെപി സർക്കാർ ഡി.കെ ശിവകുമാറിന്റെ കേസ് മാത്രമാണ് സിബിഐക്ക് കൈമാറിയതെന്നും ഉപമുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാനും സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കേസ് ലോകായുക്തയ്ക്ക് കൈമാറാനാണ് ബിജെപി സർക്കാർ തീരുമാനിച്ചതെന്നും ശിവകുമാറിന്റെ ഓഫീസിനെ ഉദ്ധരിച്ച് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

2018ലാണ് ഡികെ ശിവകുമാറിനെതിരെ സിബിഐ എഫ്‌ഐആർ ഫയൽ ചെയ്യുന്നത്. തുടർന്ന് 2019ലാണ് കേസിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ സമ്മതം മൂളിയത്. യെദ്യൂരപ്പ സർക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ നേരത്തെ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ഈ വർഷം ഏപ്രിലിൽ അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. സിബിഐ അന്വേഷണം ഏറെക്കുറെ അവസാനിച്ചതിനാൽ വിഷയത്തിൽ ഇടപെടില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.


Read Previous

എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ: അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍, വാദം ഉടന്‍

Read Next

ഒരു ബന്ദിക്ക് പകരമായി മൂന്ന് പലസ്തീൻ തടവുകാരെ മോചിപ്പിക്കും: ഹമാസും ഇസ്രായേലും തമ്മിൽ നാലു ദിവസത്തെ വെടിനിർത്തൽ കരാർ ഇങ്ങനെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular