കട്ടപ്പന ഇരട്ടക്കൊല: നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്; വയറുനിറയെ ഭക്ഷണം കഴിച്ചത് അറസ്റ്റിലായ ശേഷമെന്ന്, വിഷ്ണു


കട്ടപ്പന: ഇരട്ടക്കൊല കേസിലെ പ്രധാന പ്രതി നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്. സ്വന്തം ജീവിതവും കുറ്റകൃത്യങ്ങളും ഒക്കെയായി ബന്ധം തോന്നിക്കുന്ന ‘മഹാമാന്ത്രികം’ ഉള്‍പ്പെടെ മൂന്ന് നോവലുകളാണ് ഇയാള്‍ ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യം രണ്ടില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടി ചെയ്യുംപോലെ.

ദൃശ്യം രണ്ട് ഇറങ്ങുന്നത് രണ്ട് കൊല്ലം മുന്‍പ് തന്നെ ആത്മകഥാംശമുള്ള ‘മഹാമാന്ത്രികം’ നിതീഷ് പോസ്റ്റ് ചെയ്ത് തുടങ്ങിയിരുന്നു. സ്വന്തം കുഞ്ഞിനേയും അതിന്റെ മുത്തശ്ശനേയും കൊലപ്പെടുത്തിയ കേസില്‍ നിതീഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

കൊല്ലപ്പെട്ട വിജയന്റെ കുടുംബത്തിലേക്ക് മന്ത്രവാദത്തിന്റെ പേര് പറഞ്ഞാണ് നിതീഷ് കടന്നുകയറുന്നത്. ഇതിനിടെ വിജയന്റെ മകള്‍ക്ക് നിതീഷില്‍ കുട്ടി ജനിച്ചു. നാലുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ 2016-ല്‍ കൊലപ്പെടുത്തി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ നിതീഷ് ‘മഹാമാന്ത്രികം’ എന്ന ഓണ്‍ലൈന്‍ നോവല്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിലൂടെ സ്വന്തം വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു മന്ത്രവാദിയാണ് അതിലെ വില്ലന്‍. ഈ പെണ്‍കുട്ടിയെ രക്ഷിക്കാനായി മറ്റൊരു മാന്ത്രികന്‍ ശ്രമിക്കുന്നു. ആറാമെത്തെ അധ്യായം വലിയ സസ്‌പെന്‍സില്‍ നിര്‍ത്തിയതിനുശേഷം ‘തുടരും’ എന്ന് അടയാളപ്പെടുത്തി. 2018 ഡിസംബര്‍ 16-നായിരുന്നു ഇത്. എന്നാല്‍, പിന്നീട് നോവല്‍ തുടര്‍ന്നില്ല. പകരം നോവലില്‍ പറയുന്നതുപോലുള്ള ആഭിചാര ക്രിയകളുമായി നോവലിസ്റ്റിന്റെ ജീവിതം മുന്നോട്ടു പോകുകയായിരുന്നു.

ആറ് അധ്യായം മാത്രമേ പോസ്റ്റ് ചെയ്തിട്ടുള്ളൂവെങ്കിലും അന്‍പത്തിരണ്ടായിരത്തില്‍ അധികംപേര്‍ ഈ നോവല്‍ വായിച്ചിരുന്നു.

കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ പല സന്ദര്‍ഭങ്ങള്‍ക്കും ജിത്തു ജോസഫ്-മോഹന്‍ലാല്‍ സിനിമ ‘ദൃശ്യ’ത്തിന്റെ ഒന്ന്, രണ്ട് ഭാഗങ്ങളുമായി സാമ്യമുണ്ട്.

2023-ല്‍ വിജയനെ കൊന്ന് വാടക വീട്ടിന്റെ തറ തുരന്ന് കുഴിച്ചു മൂടിയത് ദൃശ്യം ഒന്ന് മോഡലിലാണ്. ബസ് ടിക്കറ്റ് കാണിച്ച് നിതീഷ് കുറ്റകൃത്യം മറക്കാന്‍ ശ്രമിച്ചതിലും സാമ്യമുണ്ട്.

പിന്നീട് നടന്ന കാര്യങ്ങള്‍ക്കാണ് ദൃശ്യം രണ്ടുമായി സാമ്യം. നിതീഷിനെ ഒരു മോഷണക്കേസിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. വീടിന്റെ തറ തുരന്നപ്പോള്‍ അസ്ഥികൂടം കണ്ടെത്തി. കിറുകൃത്യം ദൃശ്യം രണ്ട്. ഇതേ സിനിമയില്‍ നിയമത്തിന്റെ മുന്‍പില്‍നിന്ന് രക്ഷപ്പെടാനായി കുറ്റകൃത്യത്തോട് സാമ്യമുള്ള ഒരു നോവല്‍ ജോര്‍ജുകുട്ടി എഴുതിപ്പിക്കുന്നുണ്ട്. ഈ സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ നിതീഷ് തന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഒരു നോവല്‍ എഴുതിയിരുന്നു.

മന്ത്രശക്തിക്ക് ഫലം കിട്ടാനെന്ന പേരില്‍ തങ്ങള്‍ക്കും കുടുംബത്തിനും നിതീഷ് ഭക്ഷണം നിഷേധിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട വിജയന്റെ മകനും പ്രതിയുമായ വിഷ്ണു പോലീസിനോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം വയറുനിറച്ച് ഭക്ഷണം കഴിച്ചത് പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോഴാണെന്നും വിഷ്ണു പറയുന്നുണ്ട്.

മന്ത്രവാദത്തിന്റെ പേരില്‍ വിജയന്റെ കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റിയ നിതീഷ് സമാനതകളില്ലാത്ത ക്രൂരതകളാണ് പിന്നീട് നടത്തിയത്. വിജയന്റെ മകനായ വിഷ്ണുവിനെ പലതും പറഞ്ഞ് ഭയപ്പെടുത്തി. മാനസികമായി വിഷ്ണുവിനെ അടിമപ്പെടുത്തി. നിതീഷ് പറയുന്നതെല്ലാം വിശ്വസിക്കുന്നതും ചെയ്യുന്നതുമായ സ്ഥിതിയിലേക്ക് എത്തിച്ചു.

വിജയന്റെ വീട് വിറ്റുകിട്ടിയ പണത്തിന്റെ വലിയഭാഗം മന്ത്രവാദത്തിന്റെ പേരില്‍ നിതീഷ് കൈക്കലാക്കി. പിന്നീട് വിജയനുമായി പണത്തേക്കുറിച്ച് തര്‍ക്കമുണ്ടായി. അങ്ങിനെയാണ് അയാളെ വകവരുത്തിയത്. വിജയന്റെ മൃതദേഹം മറവുചെയ്യാന്‍ വിഷ്ണു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ സഹായിച്ചുവെന്നാണ് നിതീഷിന്റെ മൊഴി. അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഷ്ണുവിന്റെ സഹോദരിയില്‍ തനിക്കുണ്ടായ കുഞ്ഞിനെ നിതീഷ് കൊലപ്പെടുത്തിയിരുന്നു. ഇതിലും വിഷ്ണു പങ്കാളിയായെന്ന് പോലീസ് പറയുന്നു.

നിതീഷ് കുറ്റാന്വേഷണ വിഷയങ്ങളുള്ള നോവലുകളും യുട്യൂബ് ചാനലുകളും സ്ഥിരമായി കണ്ടിരുന്നു. ഇത് പോലീസിന്റെ ചോദ്യം ചെയ്യലിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ പ്രതിയെ ഏറെ സഹായിച്ചു.

2016 ജൂലായിലാണ് നവജാത ശിശുവിന്റെ കൊലപാതകം നടന്നത്. 2023 ഓഗസ്റ്റില്‍ നെല്ലിപ്പള്ളില്‍ വിജയനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്ന് വാടകവീടിന്റെ തറ തുരന്ന് മൃതദേഹം മൂടുകയായിരുന്നു.

വയോധികയെ ഏറെ നാള്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലും നിതീഷിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കൊലക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ സംഭവം പുറത്തറിയുന്നത്. വയോധിക പരാതി നല്‍കിയിട്ടുണ്ട്.


Read Previous

‘എന്താണമ്മേ ഇങ്ങള് നന്നാവാത്തത്?’; താരസംഘടനയെ വിമർശിച്ച് ഹരീഷ് പേരടി

Read Next

വാഹന ഇന്‍ഷുറന്‍സ് ഏതുവേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം, വാഹനം വാങ്ങുന്നവര്‍ക്ക്; കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular