കെ.എസ്.ഇ.ബി കാട്ടുകള്ളൻമാർ; നമ്മുടെ 600 അവർക്ക് 200; സോളാർ വെച്ചിട്ടും വൈദ്യുതി ബിൽ പതിനായിരത്തിനുമേൽ: മുന്‍ ഡി ജി പി ആര്‍. ശ്രീലേഖ


തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ. സോളാര്‍ വൈദ്യുതി ഉപയോഗിച്ചിട്ടും വൈദ്യുതി ബില്‍ തുടര്‍ച്ചയായി വര്‍ധിച്ച് കഴിഞ്ഞ മാസം ബില്‍ത്തുക പതിനായിരം രൂപയിലെത്തി യതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആര്‍. ശ്രീലേഖ പറഞ്ഞു. സോളാര്‍ പാനല്‍വെച്ച ആദ്യ മാസങ്ങളില്‍ വൈദ്യുതി ഉപഭോഗത്തിന് നല്‍കേണ്ടിവന്ന ബില്‍ത്തുകയില്‍ കുറവ് വന്നെങ്കിലും ഇപ്പോള്‍ ഇതാണവസ്ഥയെന്ന് അവര്‍ പറയുന്നു. കൂടാതെ പ്രതിമാസം 500 മുതല്‍ 600 യൂണിറ്റ് സോളാര്‍ വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നല്‍കുന്നുണ്ടെന്നും എന്നാല്‍ 200, 300 യൂണിറ്റായി മാത്രമേ കെ.എസ്.ഇ.ബി. കണക്കാക്കുകയുള്ളൂവെന്നും സോളാര്‍ വെക്കുമ്പോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡാക്കി വെക്കുന്നതാണ് നല്ലതെന്നും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

‘വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് (ON GRID) ആക്കല്ലേ.. KSEB കട്ടോണ്ട് പോകും! രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ഓൺ ഗ്രിഡായി ചെയ്തു. പിന്നീട് ബില്ല് മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030. അതായത് സോളാർ വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ.

വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സി ലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ ടെക്നിക്കൽ പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി .മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ.

എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി ഓഫ് ​ഗ്രിഡ് വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! കഴിഞ്ഞ മാസത്തെ ബില്ല് താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?’


Read Previous

വരുമാനത്തിൽ 11 ശതമാനം വർധനവുമായി ബുർജീൽ ഹോൾഡിങ്‌സ് ആദ്യ പാദ സാമ്പത്തിക ഫലം; ആശുപത്രികളുടെ അറ്റാദായത്തിൽ മുന്നേറ്റം

Read Next

അരവിന്ദ് കെജരിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി; കെജരിവാൾ പുറത്തേയ്ക്ക്: ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular