‘ജീവിതം ഒരു പെന്‍ഡുലം’ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്


തിരുവനന്തപുരം: 47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം.

വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. ഈ മാസം 27ന് പുരസ്‌കാരവിതരണം ചെയ്യുമെന്ന് ഭാരവാഹി കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. 1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ‘

സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു. 2018 ല്‍മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു. മധു, ശാരദ എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2015ൽ പുറത്തിറങ്ങിയ ‘അമ്മയ്ക്കൊരു താരാട്ട്’ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.

2022ലെ വയലാര്‍ രാമവര്‍മ സാഹത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിനായിരുന്നു ലഭിച്ചത്.


Read Previous

ആർഎസ്എസ് മതനിരപേക്ഷത അംഗീകരിക്കുന്നില്ല, കേരളത്തില്‍ ബിജെപി നിലംതൊടില്ല; മുഖ്യമന്ത്രി

Read Next

ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ തുടരുന്നു; മരണ സംഖ്യ 300 കടന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular