പ്രവാസത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് എം എ യുസഫലി, ദുബായ് റാഷിദ് തുറമുഖത്തെത്തിയ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്പോര്‍ട്ട് ഇന്നും നിധിപോലെ യൂസഫലി സൂക്ഷിക്കുന്നു; പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്.


മലയാളികളുടെ അഭിമാനമായ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി പ്രവാസ ജീവിതത്തിന്റെ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി. തൃശൂര്‍ ജില്ലയിലെ നാട്ടിക മുസലിയാംവീട്ടില്‍ അബ്ദുല്‍ ഖാദര്‍ യൂസഫലി എന്ന എം.എ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന്റെ ആ വലിയ യാത്രക്ക് ഇന്നേക്ക് അര നൂറ്റാണ്ട് തികയുകയാണ്.

പ്രവാസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 1973 ഡിസംബര്‍ 26ന് പുറപ്പെട്ട് 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്പോര്‍ട്ട് ഇക്കഴിഞ്ഞ ദിവസമാണ് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന് അബുദാബിയിലെ കൊട്ടാരത്തിലെത്തി യൂസഫലി കാണിച്ചു കൊടുത്തത്.

ഇന്നും നിധിപോലെ യൂസഫലി സൂക്ഷിക്കുന്ന പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെ യാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്. കൂടിക്കാഴ്ചയില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബുദാബി പടിഞ്ഞാറന്‍ മേഖല ഭരണാധികാരി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരും സംബന്ധിച്ചു.

അന്ന് ബോംബെയില്‍നിന്ന് ആറു ദിവസം ദുംറ എന്ന കപ്പലില്‍ യാത്ര ചെയ്താണ് 1973 ഡിസംബര്‍ 31ന് വെറും 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസഫലി ദുബൈയി ലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പല്‍ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡന്റിന് വിശദീകരിച്ചു കൊടുത്തു.

വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്ത് നല്‍കിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നല്‍കിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാര്‍ഡ്, ബഹറൈന്‍ സര്‍ക്കാര്‍ നല്‍കിയ ഓര്‍ഡര്‍ ഓഫ് ബഹറൈന്‍, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് പുരസ്‌കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്‌കാരം എന്നിവ ഇതിലുള്‍ പ്പെടും. അബുദാബി ചേംബറിന്റെ വൈസ് ചെയര്‍മാനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നാമനിര്‍ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.

തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമര്‍പ്പണ ത്തോടെയും അബുദാബിയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വര്‍ഷം പിന്നിടുമ്പോള്‍ 35,000 മലയാളികള്‍ ഉള്‍പ്പെടെ 49 രാജ്യങ്ങളില്‍നിന്നുള്ള 69,000-ലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പന്‍ സ്ഥാപനത്തിന്റെ മേധാവിയായി യൂസഫലി മാറിയതിന്റെ ചരിത്രം കുറിച്ചത്.


Read Previous

പപ്പാഞ്ഞി മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചു; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അടക്കം പത്ത് പേര്‍ക്കെതിരെ കേസ്

Read Next

റിയാദ് പ്രവാസി വെൽഫെയർ പുതുവർഷ കലണ്ടർ പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular