110 കിലോമീറ്റര്‍ വേഗത്തില്‍ മിഷോങ് ആന്ധ്രാതീരത്ത്; എട്ട് ജില്ലകളില്‍ ജാഗ്രത; ചെന്നൈയില്‍ മഴ കുറഞ്ഞു; നാളെയും അവധി


അമരാവതി: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരത്ത് എത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായി കരയിലേക്ക് കയറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാനത്തെ എട്ട് തീരദേശജില്ലകള്‍.

അതേസമയം, കോനസീമ, കാക്കിനാഡ, കൃഷ്ണ, ബാപട്ല, പ്രകാശം എന്നീ ഏഴ് ജില്ലകളില്‍ നിന്ന് 211 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,454 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ബാപട്‌ല മേഖലയെ സാരമായി ബാധിക്കുമെന്നതിനാല്‍ താമസക്കാര്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു

ബാപട്ല തീരത്ത് കടല്‍ക്ഷോഭം ശക്തമാണ് ആറടി ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നെല്ലുര്‍. മെച്‌ലി പട്ടണം നഗരങ്ങള്‍ വെള്ളത്തിനടയിലാണ്. ചിന്നഗജ്ജാമില്‍ ഇരുപത് മണിക്കൂറിലേറെയായി വൈദ്യുതി ബന്ധമില്ല. ചില അണക്കെട്ടുകള്‍ തുറന്നു. ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിജയവാഡ, വിശാഖപട്ടണം. തിരുപ്പതി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വൈകുകയാണ്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ദുരിതപ്പെയ്ത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം സെക്കന്തരാബാദ് സ്‌പെഷല്‍, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, എറണാകുളം പട്‌ന എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ്, ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.


Read Previous

പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കും; മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും: മന്ത്രി വീണാ ജോര്‍ജ്.

Read Next

ഇന്ത്യക്കും സൗദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍; ഹജ്ജ് വിസ നടപടി ലഘൂകരിക്കാന്‍ ധാരണ, ഈ വര്‍ഷത്തെ ഹജ്ജ് നയം പുറത്തിറക്കിയതായി മന്ത്രി സ്മൃതി ഇറാനി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular