വടി കൊടുത്ത് അടിമേടിച്ച് മോഡി: ‘മോഡിജി… താങ്കള്‍ ചെറുതായി പേടിച്ചിട്ടുണ്ടോ’; പ്രധാനമന്ത്രിയുടെ ആക്ഷേപത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അദാനിക്കും അംബാനിക്കും കൊടുത്ത അത്രയും പണം കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങള്‍ക്ക് നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ‘അംബാനി-അദാനി’ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ല എന്ന മോഡിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘മോഡിജി… താങ്കള്‍ ചെറുതായി പേടിച്ചിട്ടുണ്ടോ’എന്നായിരുന്നു രാഹുലിന്റെ പരിഹാസം. സാധാരണ രഹസ്യമായാണ് അദാനിയുടെയും അംബാനിയുടെയും പേര് മോഡി പറയുന്നത്. എന്നാല്‍ ആദ്യമായത് പരസ്യമായി പറയുന്നുവെന്നും സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ രാഹുല്‍ പറഞ്ഞു.

ഗൗതം അദാനിയുമായും മുകേഷ് അംബാനിയുമായും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നായിരുന്നു മോഡിയുടെ പ്രധാന ആരോപണം. തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കഴിഞ്ഞ ദിവസം സംസാരി ക്കവെയായിരുന്നു അദേഹം പുതിയ ആരോപണമുന്നയിച്ചത്. അതിനുള്ള മറുപടിയായിട്ടായിരുന്നു രാഹുലിന്റെ വീഡിയോയിലൂടെയുള്ള പ്രതികരണം.

അംബാനിയില്‍ നിന്നും അദാനിയില്‍ നിന്നും എത്ര പണം വാങ്ങിയെന്ന മോഡിയുടെ ചോദ്യത്തിന് താങ്കളുടെ അനുഭവമാണോ പറയുന്നത് എന്നായിരുന്നു രാഹുലിന്റെ മറുചോദ്യം. ടെമ്പോയിലാണ് പണം തന്നതെന്ന് പറയുന്നത് സ്വന്തം അനുഭവമാണോ? അങ്ങനെയെങ്കില്‍ ഇരുവരുടെയും അടുത്തേക്ക് ഇ.ഡിയെയും സി.ബി.ഐയെയും പറഞ്ഞു വിടാനും രാഹുല്‍ നിര്‍ദേശിച്ചു.

നരേന്ദ്ര മോഡി അദാനിക്കും അംബാനിക്കും കൊടുത്ത അത്രയും പണം കോണ്‍ഗ്രസ് രാജ്യത്തെ പാവങ്ങള്‍ക്ക് നല്‍കും. മഹാലക്ഷ്മി പോലെയുള്ള പദ്ധതികള്‍ വഴി അവരിലേക്ക് പണമെത്തിക്കും. മോഡിയും ബിജെപിയും കുറച്ചു പേരെയാണ് കോടിപതികളാക്കിയതെങ്കില്‍ കോണ്‍ഗ്രസ് കോടിക്കണക്കിന് ദരിദ്രരായ മനുഷ്യരെ ലക്ഷ പ്രഭുക്കളാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതിനിടെ കഴിഞ്ഞ ദിവസവും ജാര്‍ഖണ്ഡില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ അദാനിയെ വിമര്‍ശിച്ചിരുന്നു. വനഭൂമി അദാനിക്ക് നല്‍കുകയാണ് ബിജെപി ചെയ്യുന്നതെന്നായി രുന്നു അദേഹം പറഞ്ഞത്.

‘അവര്‍ ചെയ്യുന്നതെന്തും ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ്. അദാനി, അംബാനി തുടങ്ങിയ 22-25 സുഹൃത്തുക്കളാണ് ഉള്ളത്. എന്ത് ജോലിയും ചെയ്യുന്നത് അവര്‍ക്ക് വേണ്ടി മാത്രമാണ്. ഭൂമി അവര്‍ക്കുള്ളതാണ്, കാട് അവര്‍ക്കുള്ളതാണ്, മാധ്യമങ്ങള്‍ അവരുടേതാണ്, അടിസ്ഥാന സൗകര്യങ്ങള്‍ അവരുടേതാണ്, മേല്‍പ്പാലങ്ങള്‍ അവരുടേതാണ്, പെട്രോള്‍ അവരുടേതാണ്. എല്ലാം അവര്‍ക്കുള്ളതാണ്’- രാഹുല്‍ ആക്ഷേപിച്ചു.

ദലിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്കും പൊതുമേഖലയില്‍ സംവരണം ലഭിച്ചിരുന്നു. ഇപ്പോള്‍ അവര്‍ എല്ലാം സ്വകാര്യ വല്‍കരിക്കുന്നു. റെയില്‍വേയും സ്വകാര്യവല്‍കരിക്കുമെന്ന് പരസ്യമായി പറയുന്നു. ഇതാണ് നിങ്ങളുടെ ആസ്തി മേഖല.മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. അവര്‍ എപ്പോഴെങ്കിലും ആദിവാസികളെക്കുറിച്ച് സംസാരിക്കാറുണ്ടോ? അവര്‍ അംബാനി യുടെ കല്യാണം 24 മണിക്കൂറും കാണിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


Read Previous

ദുബായ് എയർപോർട്ടില്‍ നാല് സെക്കൻഡിനുള്ളിൽ നടപടി പൂർത്തിയാക്കാൻ കഴിയുന്ന 127 സ്മാർട്ട്‌ ഗേറ്റുകൾ നിലവില്‍ വന്നു

Read Next

മോഡി ഭരണത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചുവെന്ന അവകാശവാദം വെറും വ്യാജം’; അന്താരാഷ്ട്ര അക്കാദമിക് വിദഗ്ദരുടെ റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular