മക്കളെ കൊണ്ട് മമ്മി ഡാഡി എന്ന് വിളിപ്പിക്കുന്നു. വീട്ടില്‍ മലയാളം സംസാരിച്ചാല്‍ തല്ല് കൊടുക്കുന്നു. നോക്കണേ കാര്യങ്ങളുടെ ഒരു പോക്ക് !; “എനിക്ക് മലയാലം അരിയില്ല” ഇന്ന് ലോക മാതൃഭാഷാദിനം


.ഭാഷാവൈവിധ്യങ്ങളുടെ നാടായ ഇന്ത്യയെ സംബന്ധിച്ച് മാതൃഭാഷാ സംരക്ഷണം സുപ്രധാനമാണ്. ലോകത്ത് 6500ത്തിലധികം ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുമുണ്ട്. മാതൃഭാഷാ മനുഷ്യന്‍ സ്വപ്നം കാണുന്ന ഭാഷയാണ്. എല്ലാ ഭാഷകള്‍ക്കും അതിന്റേതായ സൗന്ദര്യവും സംസ്‌കാരവുമുണ്ട്. ആ വൈവിധ്യ ങ്ങളുടെ ആഘോഷമാണ് ലോക മാതൃഭാഷാ ദിനം.

ലോക മാതൃഭാഷാദിനത്തിനു പിന്നിലും ചോരനിറമാര്‍ന്നൊരു ചരിത്രമുണ്ട്. 1952ല്‍ ബംഗ്ലാദേശ് ഗവണ്‍മെന്റ് അവരുടെ മാതൃഭാഷയായ ബംഗാളിയെ മാറ്റി ഉറുദുവിനെ ഭരണഭാഷയാക്കി. ആ തീരുമാനം ബഹുഭൂരിപക്ഷം വരുന്ന ബംഗാളികളെ ക്ഷുഭിത രാക്കി. മാതൃഭാഷയ്ക്കുവേണ്ടി ബംഗ്ലാദേശ് ഉജ്വലമായൊരു സമരഭൂമിയായി. ബംഗ്ലാദേശ് സര്‍ക്കാര്‍ സമരത്തെ അടിച്ചമര്‍ത്താന്‍ നടത്തിയ വെടിവെപ്പില്‍ 1952 ഫെബ്രുവരി 21ന് സര്‍വകലാശാലാ വിദ്യാര്‍ഥികളായ നാലു പേര്‍ മരിച്ചു. മാതൃ ഭാഷയ്ക്കുവേണ്ടി രക്തസാക്ഷികളായ ആ വിദ്യാര്‍ഥികളുടെ സ്മരണ നിലനിര്‍ത്താ നാണ് ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹു ഭാഷാത്വവും പ്രചരിപ്പി ക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.

തമിഴ് പറഞ്ഞ് അതിന്‍റെ ഇംഗ്ലീഷ് പരിഭാഷ ഉടനേ പറയും എന്ന് വിദ്യാസമ്പന്നരായ തമിഴന്‍‌മാരെ കളിയാക്കിയ മലയാളി ഇന്ന് ഇംഗ്ലീഷും മലയാളവും ഔചിത്യമില്ലാതെ കൂട്ടിക്കലര്‍ത്തുന്ന സങ്കരഭാഷയാണ് സംസാരിക്കുന്നതും പ്രചരിപ്പിക്കുന്നതും എഴുതുന്നതും വളര്‍ത്തിയെടുക്കുന്നതും. അവരതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു എന്നതാണ് രസകരം.

ഇന്ന് അന്തര്‍ദ്ദേശീയ മാതൃഭാഷാ ദിനമാണ്. മലയാളി മലയാളത്തെ കുറിച്ച് ചിന്തി ക്കേണ്ട ദിനം. മാതൃഭാഷയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിക്കണം എന്നാണ് വള്ളത്തോള്‍ പറഞ്ഞുവച്ചത്. മറ്റ് ഭാഷകളെല്ലാം സഹോദര തുല്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

മലയാളി വിശ്വപൌരനായി മാറിക്കൊണ്ടിരിക്കുമ്പോള്‍, പുറം കാലുകൊണ്ട് ചവിട്ടുന്നത് മാതൃഭാഷയെയാണ്. ആഗോള മാധ്യമമായ ഇന്‍റര്‍നെറ്റില്‍ തന്നെ ഈ സ്വഭാവ വൈചിത്ര്യം നമുക്ക് കാണാം. മലയാളം സൈറ്റും പോര്‍ട്ടലും കാണുന്ന മലയാളികള്‍ തീരെ കുറവാണ്. തമിഴനും ഹിന്ദിക്കാരനും അവരവരുടെ ഭാഷകളെ ഭ്രാന്തമായ ആവേശത്തോടെ സ്വന്തമാക്കി വയ്ക്കുമ്പോള്‍ മലയാളി സൌകര്യ മുണ്ടെങ്കില്‍ മാത്രം എന്ന് തിരിഞ്ഞു നോക്കുന്നതേയുള്ളു.

സാക്ഷര കേരളം മാതൃഭാഷ നിരക്ഷതയിലേക്ക് വീണു പോവുകയാണോ ? ഇംഗ്ലീഷ് ലോകഭാഷയാണെന്നത് കൊണ്ടും ,ഇംഗ്ലീഷ് പഠിച്ചാല്‍ ആധുനിക ലോകത്തില്‍ മെച്ചമേറെ എന്നുള്ളതുകൊണ്ടും പല മാതാപിതാക്കളും മാതൃഭാഷ ഇംഗ്ലീഷ് ആക്കാനുള്ള തത്രപ്പാടിലാണ്. മക്കളെ കൊണ്ട് മമ്മി ഡാഡി എന്ന് വിളിപ്പിക്കുന്നു. വീട്ടില്‍ മലയാളം സംസാരിച്ചാല്‍ തല്ല് കൊടുക്കുന്നു. നോക്കണേ കാര്യങ്ങളുടെ ഒരു പോക്ക് !

മലയാള ഭാഷയ്ക്ക് വലിയ പ്രായമില്ല. പക്ഷെ, അത് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത സ്ഥാനം വളരെ വലുതാണ്. സാഹിത്യത്തിലും സംസ്കാരത്തിലും വിജ്ഞാനത്തിലും ഏതിനോടും കിടപിടിക്കാനുള്ള പ്രാപ്തി മലയാളത്തിനുണ്ട്. പക്ഷെ പുതിയ തലമുറയില്‍ പെട്ട ആരും അത് മനസ്സിലാക്കുന്ന അല്ലെങ്കില്‍ മനസ്സിലാക്കാന്‍ മിനക്കെടുന്നില്ല.

ലളിതമയി എഴുതുക, സംസാരിക്കുക എന്നതാണ് ഭാഷ നന്നായി അറിയും എന്നതിന്‍റെ സൂചന. ഭാഷ വെറുമൊരു വിനിമയ ഉപാധിയല്ല. അതില്‍ വിചാരങ്ങളെ പോലെ വികാരങ്ങളും ഉണ്ടായിരിക്കണം.

അമ്മ മകനെ ‘സുവര്‍ണ്ണതനയാ‘ എന്ന് വിളിച്ചാല്‍ അതില്‍ വിചാരത്തിന്‍റെ അംശമുണ്ട്. അര്‍ത്ഥം വ്യക്തമാണ്. പക്ഷെ അതില്‍ വൈകാരികതയില്ല. എന്നാല്‍ പൊന്നുമോനേ… എന്നാണെങ്കിലോ ? അത് വളരെ ഹൃദ്യമാവുന്നു. വികാരവും വിചാരവും ഒന്നിച്ച് ലളിതമായ ഭാഷാ പ്രയോഗമായി മാറുന്നു.

ഭാഷ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. എങ്കിലേ വളര്‍ച്ചയുള്ളു. മലയാളത്തെ പോലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട മറ്റൊരു ഭാഷയുണ്ടാവില്ല. സംസ്കൃതവും ഇംഗ്ലീഷും പേര്‍ഷ്യനും അറബിയും എല്ലാം മലയാളത്തിന്‍റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്.

മലയാളത്തിലെ പിഞ്ഞാണം ഫിന്‍‌ജാന്‍ എന്ന പേര്‍ഷ്യന്‍ പദമാണെന്ന് എത്രപേര്‍ക്ക റിയാം.നമ്മുടെ മൈതാനിയും മൈതാനവും പേര്‍ഷ്യനാണ്. ബസും കാറും ലോറിയും ഫാനും എല്ലാം ഇംഗ്ലീഷാണ്. സാരിയും മേശയും ഹിന്ദിയാണ്. പക്ഷെ ഇന്നത്തെ പ്രവണത തല്‍ഭവങ്ങളേക്കാള്‍ കൂടുതല്‍ തല്‍‌സമങ്ങള്‍ സ്വീകരിക്കുന്നതാണ്. ഭാഷയില്‍ തല്‍‌സമ പദങ്ങള്‍ കൂടുന്നത് വളരെ ആരോഗ്യകരമായ ഒരു പ്രവണത യാണെന്ന് പറഞ്ഞുകൂട. തല്‍‌ഭവങ്ങളാണ് നല്ലത്.

മാഷ് എന്ന തല്‍‌സമ ശബ്ദം തനിമലയാളം അല്ലെന്ന് ആരു പറയും. മലയാളത്തോട് അത്രത്തോളം ഇഴുകിച്ചേര്‍ന്ന ഒരു ഇംഗ്ലീഷ് തല്‍‌ഭവമാണ് അത് (മാസ്റ്റര്‍). അതുപോലെ തന്നെ ഭാഷയില്‍ പുതിയ പുതിയ പദങ്ങള്‍ ഉണ്ടാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഉണ്ടാവുന്നതാവട്ടെ മിക്കതും സംസ്കൃതത്തില്‍ നിന്നും രൂപം കൊള്ളുന്നതാണു താനും.

തമിഴനെ പോലെ കമ്പ്യൂട്ടറിന് കണിനി എന്നോ കോളേജിന് കല്ലൂരി എന്നോ പറയാന്‍ മലയാളിക്ക് നാണമാവും. പാഠശാല, കലാലയം തുടങ്ങിയ സംസ്കൃത ശബ്ദങ്ങളാണ് സ്കൂളിനും കോളേജിനും പകരമായി മലയാളത്തില്‍ ഉള്ളത്. പള്ളിക്കൂടം ആളുകള്‍ മറന്നുപോയിരിക്കുന്നു.

ഇതിനിടെ പുതിയ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ക്ക് തുല്യമായ മലയാള പദങ്ങള്‍ കണ്ടെത്താന്‍ മലയാള മനോരമ വര്‍ഷം നീണ്ട ശ്രമം നടത്തിയിരുന്നു. അതില്‍ കുറെയേറെ വാക്കു കള്‍ ഉണ്ടായിത്തീരുകയും ചെയ്തു. പക്ഷെ സ്പീഡ് ഗവര്‍ണ്ണര്‍ക്ക് പകരം ഉപയോഗി ക്കാവുന്ന വേഗപ്പൂട്ട് ഒഴിച്ച് പലതും ആരും ഉപയോഗിച്ചതേയില്ല – മനോരമ പോലും.

ഈ നിലയ്ക്കുള്ള ഭാഷാ വികസന പരിശ്രമങ്ങള്‍ എല്ലാ രംഗത്തും എല്ലാ തലത്തിലും ഉണ്ടാവണം. ചുരുങ്ങിയത് യു.പി സ്കൂള്‍ (ഈശ്വരാ ഇതിനും പകരമായൊരു മലയാളം വാക്കില്ലല്ലോ !) തലം വരെയെങ്കിലും മലയാളം മാത്രമേ പഠിപ്പിക്കാവു.ഈ അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തില്‍ മലയാളത്തെ രക്ഷിക്കാനുള്ള ഒരു പ്രതിജ്ഞ നാം എടുക്കേണ്ട തുണ്ട്. വിദേശങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളും ബ്ലോഗുകളിലൂടെയും വ്യക്തി ഗത സൈറ്റുകളിലൂടെയും തനിമലയാളം പ്രചരിപ്പിക്കുന്ന വ്യക്തികളും തീര്‍ച്ചയായും പ്രശംസ അര്‍ഹിക്കുന്നു.

കേരളത്തിലെ ഭാഷാ പ്രതിജ്ഞ

“മലയാളമാണ്‌ എന്റെ ഭാഷ.
എന്റെ ഭാഷ എന്റെ വീടാണ്‌.
എന്റെ ആകാശമാണ്‌.
ഞാൻ കാണുന്ന നക്ഷത്രമാണ്‌.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്‌.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്‌ എന്റെ ഭാഷയിലാണ്‌.
എന്റെ ഭാഷ ഞാൻ തന്നെയുമാണ്‌”


Read Previous

ഒന്നുകിൽ ഞാൻ അല്ലെങ്കിൽ കമലാ ഹാരിസ്’: 2024ൽ യുഎസിൽ വനിതാ പ്രസിഡൻ്റ് ഉണ്ടാകുമെന്ന് നിക്കി ഹേലി

Read Next

നടിക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്; ദിലീപിന്റെ ആവശ്യം തള്ളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular