ഭരണനിർവഹണത്തിന് തടസ്സം: കേരള, തമിഴ്നാട് ഗവർണർമാർക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്


ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നാരോപിച്ച് കേരളത്തിലെയും തമിഴ്നാട്ടിലെയും ഗവർണർമാർക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസിന് അനുമതി തേടി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നിൽ സുരേഷ് നോട്ടീസ് നൽകിയിരിക്കുന്നത്. നിയമസഭ പാസാക്കിയ രണ്ട് ബില്ലുകൾക്കു കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയിരുന്നു. ധനവിനിയോഗ ബിൽ, ചില കോർപറേഷനുകളിലെയും കമ്പനികളിലെയും നിയമനം പിഎസ്‍സിക്കു വിടുന്ന രണ്ടാം ഭേദഗതി ബിൽ എന്നിവയ്ക്കാണ് ​ഗവർണർ അം​ഗീകാരം നൽകിയത്. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്.

ഇനിയും ഏതാനും ബില്ലുകളും രണ്ട് ഓർഡിനൻസുകളും മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ നിയമിക്കാനുള്ള ശുപാർശയും ഗവർണർക്കു മുന്നിലുണ്ട്. ബില്ലുകൾ പിടിച്ചു വെച്ച ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി രം​ഗത്തെത്തിയിരുന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയത്. ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർക്ക് അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ലോകായുക്ത നിയമഭേദഗതിയും സർവകലാശാല നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നൽകിയത്. നിയമസഭ രണ്ടാമതും പാസാക്കിയ10 ബില്ലുകളാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. 2020 മുതൽ രാജ്ഭവൻറെ പരിഗണനയിൽ ഇരുന്ന ബില്ലുകൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവർണർ മടക്കുകയായിരുന്നു. കഴിഞ്ഞ മാസം 18ന് പ്രത്യേക നിയമസഭാ സമ്മേളനം ചേർന്നാണ് സർക്കാർ വീണ്ടും ബില്ലുകൾ പാസാക്കി ഗവർണർക്ക് അയച്ചത്.

ബില്ലുകളിൽ ഒപ്പിടുന്നതിൽ കാലതാമസം വരുത്തിയതിൽ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയ്‌ക്കെതിരെയും സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. 2020 ജനുവരി മുതൽ ബില്ലുകൾക്ക് അനുമതി നൽകാത്ത ഗവർണറുടെ നടപടി ആശങ്കാജനകമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഗവർണറുടെ അനുമതിതേടി തമിഴ്നാട് സർക്കാർ അയച്ച 10 ബില്ലുകളിൽ ഒപ്പിടാതെ ആർ എൻ തിരിച്ചയച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബില്ലുകൾ പുനരാരംഭിച്ചത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗവർണറുടെ ബില്ലുകൾ തടഞ്ഞുവച്ചുള്ള നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ ഉൾക്കൊള്ളുന്ന ബില്ലുകളാണ് ഗവർണർ തിരിച്ചയച്ചത്.


Read Previous

സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തം; തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്ന് പ്രധാനമന്ത്രി

Read Next

ക്യാപ്റ്റൻ ആരോഗ്യവാനാണ്.. ഉടൻ വീട്ടിലേക്ക് മടങ്ങും, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത് വിജയകാന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാര്യ പ്രേമലത

Leave a Reply

Your email address will not be published. Required fields are marked *

Most Popular