പദയാത്രയിലെ ‘പാട്ടു’ വിവാദം; ബിജെപി ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രന്‍


കോഴിക്കോട്: കേരളപദയാത്ര പാട്ടിലുണ്ടായ അമളിയില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഐടി സെല്‍ ചെയര്‍മാനെതിരെ നടപടി വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്ററ് കെ സുരേന്ദ്രന്‍. ഐടി സെല്‍ ചെയര്‍മാന്‍ എസ് ജയശങ്കറിനെ മാറ്റണമെന്നാണ് സുരേന്ദ്രന്‍ ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പാട്ട് പാര്‍ട്ടി ഫെയ്‌സ്ബുക്കില്‍ വന്നതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ടത്.

മനഃപൂര്‍വം വരുത്തിയ വീഴ്ചയാണോ എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. പദയാത്ര ഗാനത്തില്‍ കേരള സര്‍ക്കാരിനു പകരം കേന്ദ്രസര്‍ക്കാര്‍ ഇടംപിടിച്ചതാണ് അമളിയായത്. ‘അഴിമതിക്ക് പേര് കേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്ക കൂട്ടരേ,”എന്ന് ആഹ്വാനം ചെയ്യുന്ന പാട്ട് ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

ഐടി സെല്‍ ചെയര്‍മാന്‍ ജയശങ്കറും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തമ്മില്‍ നേരത്തെ മുതല്‍ അഭിപ്രായഭിന്നതകള്‍ നിലനിന്നിരുന്നു. കൂടാതെ ബിജെപി സംസ്ഥാനനേതൃത്വം നടത്തുന്ന സമരപരിപാടികള്‍ക്ക് പാര്‍ട്ടിയുടെ സമൂഹമാധ്യമ പേജുകളില്‍ വലിയ പ്രാധാന്യം ലഭിക്കുന്നില്ലെന്നും സുരേന്ദ്രന് പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ വിവാദമുണ്ടാകുന്നത്.

കെ സുരേന്ദ്രന്റെ പദയാത്രയ്ക്കിടെ എസ് സി എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് നോട്ടീസ് അടിച്ചതും ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി സെല്‍ ചെയര്‍മാനെതിരെ കേന്ദ്രനേതൃത്വം ഉടന്‍ തന്നെ നടപടി എടുത്തേക്കുമെന്നാണ് സൂചന.


Read Previous

കുഞ്ഞനന്തന് ജയിലില്‍ ഭക്ഷ്യവിഷബാധയേറ്റത് ദുരൂഹം, കൊന്നവരെ കൊല്ലുന്നത് സിപിഎം രീതി; ആരോപണവുമായി കെ എം ഷാജി

Read Next

100 കോടിയുടെ ‘ജി ആന്റ് ജി’ സാമ്പത്തിക തട്ടിപ്പ്; അച്ഛനും മകനും പിടിയില്‍; പണം ആവശ്യപ്പെട്ട് നിക്ഷേപകര്‍ സ്റ്റേഷനില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular