കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ പാകിസ്താന്‍, അതോറിറ്റി രൂപവത്കരിച്ചു


ഇസ്ലാമാബാദ്: മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാകിസ്താന്‍. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്‍ട്രോള്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആര്‍.എ) രൂപവത്കരിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കി.

മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മാണം, വില്‍പ്പന തുടങ്ങിയ പ്രക്രിയകള്‍ക്കും ഈ റെഗുലേറ്ററി ബോര്‍ഡിനായിരിക്കും ഉത്തരവാദിത്വം. 13-അംഗങ്ങളാണ് സി.സി.ആര്‍.എ യിലുള്ളത്. വിവിധ സര്‍ക്കാര്‍ ഡിപാര്‍ട്‌മെന്റുകള്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, സ്വകാര്യ മേഖലകള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഈ അതോറിറ്റിയുടെ ഭാഗമാകും. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന 2020-ലാണ് ഈ അതോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച് ആദ്യമായി നിര്‍ദേശം വരുന്നത്.

കഞ്ചാവും അതുമായി ബന്ധപ്പെട്ട ആഗോളവിപണിയില്‍ കടന്നുചെല്ലാനുള്ള പാകിസ്താന്റെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതി, വിദേശനിക്ഷേപം, ആഭ്യന്തര വില്‍പ്പന എന്നിവയിലൂടെ വലിയ തോതിലുള്ള വരുമാനം ലക്ഷ്യമിടുന്നുണ്ട്. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴ്ന്ന നിലയിലാണ്.

യു.എന്‍ നിയമപ്രകാരം ഒരു രാജ്യത്തിന് കഞ്ചാവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യണമെങ്കില്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു ഫെഡറല്‍ സ്ഥാപനമുണ്ടായിരിക്കണം. വിനോദ ആവശ്യങ്ങള്‍ക്കായി നിയമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ പിഴശിക്ഷയുണ്ട്. വ്യക്തികള്‍ക്ക് ഒരു മില്ല്യണ്‍ മുതല്‍ 10 മില്ല്യണ്‍ വരെയും കമ്പനികള്‍ക്ക് ഒരു കോടി മുതല്‍ 20 കോടി വരെയുമുള്ള പാകിസ്താനി രൂപയാണ് പിഴ. സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട ലൈസന്‍സ് നല്‍കുന്നത്.


Read Previous

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു; 147 പേർക്ക് യോഗ്യത

Read Next

സര്‍ക്കാരിന്‍റെയും ഡ്രൈവിങ് സ്‌കൂളുകാരുടെയും പിടിവാശി; കുടുങ്ങിയത് അപേക്ഷകര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular