പന്നൂന്‍ വധശ്രമക്കേസ്;  ഫെഡറല്‍ സര്‍ക്കാരിനോട് തെളിവ്‌ ആവശ്യപ്പെട്ട് യു.എസ്. കോടതി


Gurpatwant Singh Pannun

ന്യൂയോര്‍ക്ക്: ഖലിസ്താന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നൂനെ വധിയ്ക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ നിഖില്‍ ഗുപ്തയുടെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഫെഡറല്‍ സര്‍ക്കാരിനോട് തെളിവ്‌ ആവശ്യപ്പെട്ട് യു.എസ്. കോടതി. ഗൂഢാലോചന കേസില്‍ ഗുപ്തയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ സംബന്ധിച്ച് വിവരങ്ങളാണ് അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.

യു.എസ്. പൗരനും വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവുമായ പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയെന്നാരോപിച്ചാണ് ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയെ അറസ്റ്റ് ചെയ്തത്. ഈ വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ന്യൂഡല്‍ഹിയിലുള്ള ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബര്‍ 29-ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച യു.എസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ഗുപ്തയും ഇന്ത്യന്‍ ഉദ്യോഗസ്ഥനുംതമ്മില്‍ മെയ് മാസം മുതല്‍ ടെലിഫോണിലൂടെയും അല്ലാതെയും ആശയവിനിമയം നടത്തിയിരുന്നെന്നും അതിനുശേഷമാണ് വധിക്കാന്‍ പദ്ധതിയിട്ടതെന്നും ഈ രണ്ടുപേരും ഡല്‍ഹിയില്‍ വെച്ച് നേരിട്ട് കണ്ടിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യങ്ങളിലാണ് കോടതി തെളിവാവശ്യപ്പെട്ടത്.

ഇതിനിടെ ഗുപ്തയുടെ കുടുംബത്തിലൊരാള്‍ ഗുപ്തയുടെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും വിഷയത്തിൽ ഇന്ത്യ ഇടപെടണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള കോടതിയെ സമീപിയ്ക്കണമെന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളുകയാണുണ്ടായത്.


Read Previous

മോഷണമുതല്‍ പൊളിച്ചുവില്‍ക്കുന്ന സംഘം അറസ്റ്റില്‍

Read Next

നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ മാറ്റണം; പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തുനല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular