മിൽമ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതി തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിയ്ക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി.


ന്യൂഡൽഹി: മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതിയിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ക്ഷീരസഹകരണ സംഘങ്ങളുടെ വോട്ടുകൾകൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കോൺഗ്രസ് നേതാവ് വട്ടപ്പാറ ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്. മിൽമ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പും ചെയർ പേർസണായി മണി വിശ്വനാഥിനെ തിരെഞ്ഞെടുത്തതും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും.

978 സംഘങ്ങളുൾപ്പെട്ട യൂണിയനിലേക്ക് 2022 -ൽ ആണ് തിരെഞ്ഞെടുപ്പ് നടന്നത്. ഇതിൽ 58 സൊസൈറ്റികളിൽ അഡ്മിനിസ്ട്രേറ്റർ ഭരണമാണ്. 23 സംഘങ്ങൾ യൂണിയന്റെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്. ഇവരുടെ വോട്ടുകൾ എണ്ണരുതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലുള്ള ക്ഷീരസഹകരണ സംഘങ്ങളുടെ വോട്ടുകൾ പരിഗണിക്കാതെ വോട്ടെണ്ണാൻ ആയിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.

എന്നാൽ, ഇതിനെതിരെ സംസ്ഥാന സർക്കാരും മിൽമയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. തുടർന്നാണ് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം നിലവിലുള്ള സംഘങ്ങളുടെ വോട്ടുകൾകൂടി പരിഗണിച്ച് ഫലം പ്രഖ്യാപിക്കാൻ ഡിവിഷൻബെഞ്ച് അനുമതി നൽകിയത്. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാർക്ക് മാത്രമേ യൂണിയന്റെ പൊതുയോഗത്തിൽ പങ്കെടുക്കാനാവൂ എന്ന സഹകരണ നിയമഭേദഗതി കണക്കിലെടുത്ത് അഡ്‌മിനിസ്ട്രേറ്റർ ഭരണമുള്ള സംഘങ്ങളുടെ വോട്ടുകൾ പരിഗണിക്കാനാവില്ലെന്നായിരുന്നു സിംഗിൾബെഞ്ച് വിധിച്ചത്. എന്നാൽ, ഈ നിയമഭേദഗതി പൊതുയോഗത്തിന് മാത്രമാണ് ബാധകമെന്ന് സഹകരണ നിയമത്തിലെ 28 (8) വകുപ്പിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടന്ന വോട്ടെടുപ്പിൽ ഒമ്പത് സീറ്റിൽ എൽ.ഡി.എഫും അഞ്ചുസീറ്റിൽ യു.ഡി.എഫും വിജയിച്ചു. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.ഐ. നേതാവ് ഭാസുരാംഗനെ നീക്കിയതിനെ തുടർന്ന് കൺവീനറായ ആലപ്പുഴ പത്തിയൂർക്കാല ക്ഷീരോത്പാദക സഹകരണ സംഘം പ്രസി‍ഡന്റ് മണി വിശ്വനാഥ് മേഖല യൂണിയന്റെ ചെയർ പേർസണായി ചുമതലയേൽക്കുകയും ചെയ്തു.


Read Previous

യു.കെയില്‍ അവസരം; സൈക്യാട്രിസ്റ്റുകള്‍ക്ക് അപേക്ഷിക്കാം, അഭിമുഖം കൊച്ചിയില്‍

Read Next

ഞാൻ ഈ ദിവസം അവധിദിനമായെടുത്തു; തന്‍റെ സപ്തതിയുടെ ആഘോഷത്തെപ്പറ്റി ബാലചന്ദ്രമേനോൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular