റമദാന് ആഴ്ചകള്‍ മാത്രം ബാക്കി; മദീന പള്ളിയില്‍ വിശ്വാസികളെ സ്വീകരിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി; കഴിഞ്ഞ വര്‍ഷം മദീന പള്ളി സന്ദര്‍ശിച്ചത് 28 കോടിയിലധികം പേര്‍; ഏറ്റവുമധികം തീര്‍ത്ഥാടകര്‍ മക്കയിലെത്തുന്നത് റദമാന്‍ മാസത്തില്‍


മദീന: റമദാന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ വിശ്വാസികളെ സ്വീകരിക്കാന്‍ മദീന പള്ളിയില്‍ തയ്യാറെടുപ്പ് തുടങ്ങി. ഇസ്ലാമിന്റെ രണ്ടാമത്തെ പുണ്യസ്ഥലമായ പ്രവാചക മസ്ജിദ് എന്നറിയപ്പെടുന്ന മദീന മസ്ജിദുന്നബവിയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ തിരക്ക് അനുഭവപ്പെടും. സൗദി വിഷന്‍ 2030ന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് ഉംറ വിസ അനുവദിക്കുന്ന പശ്ചാത്തലത്തിലാണിത്.

മദീനയിലും മക്കയിലും എല്ലാ വര്‍ഷവും ഏറ്റവുമധികം വിശ്വാസികളെത്തുന്ന മാസമാണ് പുണ്യ റമദാന്‍. തീര്‍ത്ഥാടര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഹറം കാര്യാലയ വിഭാഗം പരിശോധിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്.

ഈ വര്‍ഷം മാര്‍ച്ച് 11ന് വ്രതാരംഭം പ്രതീക്ഷിക്കുന്നു. ഇഫ്താറിന് 85 ലക്ഷത്തിലധികം ഭക്ഷണ പൊതി വിശ്വാസികള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 25 ലക്ഷം കുപ്പി സംസം വെള്ളവും പ്രവാചകന്റെ പള്ളിയില്‍ വിതരണം ചെയ്യും. പള്ളിയില്‍ എല്ലാ ഭാഗത്തും സംസം വെള്ളം ലഭ്യമാക്കാന്‍ 18,000 കണ്ടെയ്നറുകള്‍ ഘടിപ്പിക്കും.

റമദാനിന് മുന്നോടിയായി, മദീന പള്ളിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ശില്‍പശാല സംഘടിപ്പിച്ച് ഒരു മാസത്തേക്കുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധന പ്രതീക്ഷിക്കുന്നതിനാല്‍ സേവനങ്ങള്‍ കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കാന്‍ ശില്‍പശാലയില്‍ തീരുമാനിച്ചു. വിശാലമായ സ്ഥലത്തുടനീളം വിരിച്ചിരിക്കുന്ന കാര്‍പറ്റുകള്‍ വൃത്തിയാക്കലും അണുവിമുക്തമാക്കലും തിരക്കേറിയ സമയങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കലും സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.

റദമാന്‍ മാസത്തിലാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ മക്കയിലെത്തുക. ഗ്രാന്‍ഡ് മോസ്‌കിലെ ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏതാണ്ട് എല്ലാ തീര്‍ത്ഥാടരും മദീന സന്ദര്‍ശനം കൂടി കഴിഞ്ഞാണ് മടങ്ങിപ്പോവുക. അതുകൊണ്ട് തന്നെ സമാനമായ ക്രമീകരണങ്ങള്‍ മദീനയിലും ആവശ്യമാണ്. കഴിഞ്ഞ വര്‍ഷം 28 കോടിയിലധികം പേര്‍ മദീന പള്ളി സന്ദര്‍ശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. മുഹമ്മദ് നബിയുടെ (സ) ഖബറിടം സ്ഥിതിചെയ്യുന്ന റൗദ ശരീഫ് ഈ പള്ളിയിലാണ്.


Read Previous

ലളിതമായ നടപടിക്രങ്ങള്‍; സൗദി സന്ദര്‍ശകര്‍ ഡിജിറ്റല്‍ പ്രിന്റ് എടുക്കേണ്ടത് എങ്ങനെ? , അബ്ഷിര്‍ വഴി എല്ലാം സാധ്യം; അറിയാം വിശദവിവരങ്ങള്‍

Read Next

പാക് പണച്ചാക്കുകള്‍ ദുബായിലേക്ക് കളംമാറി; രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ബിസിനസ് സുരക്ഷിതമാക്കുക ലക്ഷ്യം’ 20 മാസത്തിനിടെ നിരവധി ബിസിനസുകാര്‍ ദുബായിലേക്ക് മാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular