പ്രതിസന്ധിയില്‍ കോൺഗ്രസിന് ആശ്രയം; കെ. മുരളീധരൻ, ജയിച്ചാൽ തങ്ങളുടെ പ്രസക്തി നഷ്ടപെട്ടുപോകുമോ എന്ന ആശങ്കയില്‍ കോൺഗ്രസ് നേതാക്കള്‍


മുരളി ജയിച്ചാൽ തങ്ങളുടെ പ്രസക്തി നഷ്ടപെട്ടുപോകുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കളെ ചെറുതല്ലാതെ അലട്ടുന്നുണ്ട്.

എവിടെയെങ്കിലും സ്ഥാനാർഥിത്വ പ്രതിസന്ധി നേരിട്ടാൽ കോൺഗ്രസ് ആദ്യം ആശ്രയിക്കുന്ന പേരാണ് കെ. മുരളീധരൻ. 2019-ൽ വടകരയിൽ സി. പി.എമ്മിന്റെ കരുത്തനായ പി. ജയരാജനെ നേരിടാൻ ആരെന്ന് ചിന്ത വന്നപ്പോൾ കെ. മുരളീധരനെയല്ലാതെ ആരെയും അവർ കണ്ടില്ല. 2016-ൽ കടുത്ത മത്സരത്തിലൂടെ ബി.ജെ.പി.യുടെ കുമ്മനം രാജശേഖരനെ തറപറ്റിച്ച് എം.എൽ.എ.യായി തുടരുമ്പോഴാണ് ആ വിളി വന്നത്. പിന്നീട് 2021-ൽ ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ നേമത്ത് പാർട്ടിയുടെ മാനം കാക്കാനും മുരളീധരനയേ അവർ കണ്ടുള്ളൂ. ജയിക്കാനായില്ലെങ്കിലും േനമത്ത് കോൺഗ്രസിന്റെ വോട്ടു ശതമാനം ഗണ്യമായി ഉയർത്തി ബി.ജെ.പി. യെ പിന്നിലാക്കാൻ സാധിച്ചു. പത്മജയുടെ ബി.ജെ.പി. പ്രവേശനത്തോടെ തൃശ്ശൂർ കോൺഗ്രസിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാനും ഇപ്പോൾ മുരളീധരനെത്തന്നെയാണ് കോൺഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പുകളിൽ ജയവും തോൽവിയും മുരളിക്ക് പരിചിതമാണ്. ഇതുവരെ മത്സരിച്ച പന്ത്രണ്ട് തിരഞ്ഞെടുപ്പുകളിൽ ആറു ജയവും ആറു പരാജയവുമാണ് മുരളിയുടെ സമ്പാദ്യം. അതിൽ ഏഴുതവണയും മത്സരിച്ചത് ലോക്‌സഭയിലേക്കാണ്. നാലു ജയം, മൂന്ന് തോൽവി. അഞ്ചുതവണ അസംബ്ലിയിലേക്ക് മത്സരിച്ചതിൽ രണ്ടു ജയവും മൂന്നു തോൽവിയുമാണ് മുരളിയുടെ പേരിലുള്ളത്.
2024-ൽ തൃശ്ശൂരിൽ തന്റെ 13-ാം അങ്കത്തിനിറങ്ങുമ്പോൾ ഗ്രൂപ്പ് വഴക്കുകളിൽ ആടിയുലഞ്ഞു നിൽക്കുകയാണ് കോൺഗ്രസ്. കരുണാകരനും മുരളിയും പാർട്ടിവിട്ട് ഡി.ഐ.സി. രൂപവത്‌കരിച്ചതു മുതലാണ് തൃശ്ശൂരിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചുതുടങ്ങിയതെന്ന വസ്തുത മുരളിയും സമ്മതിക്കും. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് മുരളിക്ക്‌ കോൺഗ്രസിൽ തിരിച്ചെത്താനായതെങ്കിലും പിന്നീട് കാണുന്നത് മറ്റൊരു മുരളിയെയാണ്. 2011-ൽ വട്ടിയൂർക്കാവിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുരളി നിയമസഭയ്ക്കകത്തും പുറത്തും പാർട്ടിയുടെ മൂർച്ചയുള്ള ശബ്ദമായി മാറി. നിലപാടുകളിലെ കാർക്കശ്യവും എതിരാളികളെ മുൾമുനയിലാക്കുന്ന പ്രസംഗശൈലിയും ശ്രദ്ധപിടിച്ചുപറ്റി. 2016-ലും മുരളി വട്ടിയൂർക്കാവിൽനിന്ന് വിജയിച്ചു. ഇടതുമുന്നണിയുടെ അമരത്ത് പിണറായി വിജയൻ എത്തിയതോടെ സഭയ്ക്കകത്തും പുറത്തും പലപ്പോഴും മുരളിയാണ് കോൺഗ്രസിന്റെ രക്ഷകനായി മാറിയത്. മുരളിയുടെ വർഗീയവിരുദ്ധ നിലപാടുകൾ ബി.ജെ.പി.യെയും അരിശംകൊള്ളിക്കാറുണ്ട്. 2016-ൽ വട്ടിയൂർക്കാവിലും 2021-ൽ നേമത്തും കുമ്മനം രാജശേഖരനെ തോൽപ്പിച്ചത് കെ. മുരളീധരൻ എന്ന വ്യക്തിയാണെന്ന് അവർ കണക്കൂകൂട്ടുന്നു.

ഇത്തവണ വടകരയിൽ മുരളിയെ എങ്ങനെയും തോൽപ്പിക്കണമെന്ന വാശിയിലായിരുന്നു ബി.ജെ.പി. ഇടതുമുന്നണി സ്ഥാനാർഥിയായി കെ.കെ. ശൈലജ വന്നതോടെ കാര്യങ്ങൾ എളുപ്പമായെന്ന് ബി.ജെ.പി. കണക്കുകൂട്ടിയിരുന്നു. പൊടുന്നനെയാണ് കാര്യങ്ങൾ മാറിമറിഞ്ഞ് മുരളി തൃശ്ശൂരിൽ സ്ഥാനാർഥിയാവുന്നത്. കെ. കരുണാകരന്റെ മകൾ എന്ന നിലയിൽ പത്മജയുടെ ചുവടുമാറ്റം തൃശ്ശൂർ കോൺഗ്രസിൽ ഉണ്ടാക്കിയേക്കാവുന്ന അപസ്വരങ്ങൾ പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞാണ് ഇരുട്ടിവെളുക്കും മുൻപേ മുരളിയെ ഇങ്ങോട്ടു മാറ്റിയത്.

മുരളിയുടെ വരവ് തൃശ്ശൂരിലെ പാർട്ടി അണികളിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. ഡി.ഐ.സി. രൂപവത്‌കരണം, കരുണാകരന്റെ മരണം എന്നിവയ്ക്കുശേഷം നിഷ്‌ക്രിയരായ വലിയൊരു വിഭാഗം പാരമ്പര്യ കോൺഗ്രസുകാർ ഇപ്പോൾ സക്രിയമായത് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുരളിക്ക് ജയം അത്ര എളുപ്പമല്ല തൃശ്ശൂരിൽ. പ്രതാപനെതിരേ ഉണ്ടാകുമായിരുന്ന വിരുദ്ധവികാരം മുരളിക്കുണ്ടാവില്ല. മുസ്‌ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ വലിയതോതിൽ മുരളിക്ക് ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് ഉറച്ച് വിശ്വസിക്കുന്നു. ഒപ്പം കേന്ദ്ര-സംസ്ഥാനഭരണങ്ങളോടുള്ള എതിർവികാരവും വോട്ടാക്കാനുള്ള ശ്രമത്തിലാണവർ. തൃശ്ശൂർ ലോക്‌സഭാമണ്ഡലത്തിൽപ്പെടുന്ന കരുവന്നൂർ സഹകരണബാങ്ക് ക്രമക്കേട് കോൺഗ്രസ്‌ നന്നായി ഉപയോഗിക്കുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും കോൺഗ്രസിനെ അലട്ടുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. മുൻപത്തെക്കാൾ അവരുടെ സംഘടനാസംവിധാനം കുത്തഴിഞ്ഞു കിടക്കുകയാണ്. നേതാക്കളധികവും ഓരോ പാർട്ടിയായി പ്രവർത്തിക്കുകയാണ് ഇവിടെ. സി.എൻ. ബാലകൃഷ്ണന്റെ മരണശേഷം ആജ്ഞാശക്തിയുള്ള കരുത്തനായ ഒരു നേതാവ് തൃശ്ശൂരിൽ കോൺഗ്രസിനില്ല. തേറമ്പിൽ രാമകൃഷ്ണൻ സജീവരാഷ്ട്രീയം വിട്ട മട്ടിലായിരുന്നു. പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം നേരിട്ടിറങ്ങി പ്രവർത്തിക്കുന്നണ്ടെന്നത് കോൺഗ്രസുകാർക്ക് മറ്റൊരു ആശ്വാസം. അനർഹർക്ക് പലർക്കും സ്ഥാനമാനങ്ങൾ ലഭിച്ചതും അർഹതയുള്ളവർ തഴയപ്പെടുന്നതും നീറിക്കിടപ്പുണ്ട്. മുരളിയുടെ സ്ഥാനാർഥിത്വത്തെ എതിർത്തില്ലെങ്കിലും മത്സരരംഗത്തുനിന്ന് പിന്മാറിയതോടെ ടി. എൻ. പ്രതാപന്റെ പ്രവർത്തനം മന്ദീഭവിച്ചതായി ആക്ഷേപം ഉയരുന്നുണ്ട്.

എതിർ സ്ഥാനാർഥികളായ സുനിൽകുമാറും സുരേഷ് ഗോപിയും ഉയർത്തുന്ന വെല്ലുവിളികൾ നിസ്സാരമല്ല. മുൻ മന്ത്രിയും ഊർജസ്വലനായ സി.പി.ഐ. നേതാവുമായ സുനിൽകുമാറിന്റെ പ്രവർത്തനം ഇടതുമുന്നണിയുടെ ശക്തമായ അടിത്തറയിൽ ഭദ്രമാണ്. ജനങ്ങൾക്കിടയിൽ ഊളിയിട്ടിറങ്ങി പ്രവർത്തിക്കാനുള്ള സുനിലിന്റെ മിടുക്ക് അവർക്ക് മുതൽക്കൂട്ടാണ്. സുരേഷ് ഗോപിയുടെ പ്രതീക്ഷ സ്ത്രീ വോട്ടർമാരിലാണ്. അതുകൊണ്ടദ്ദേഹം കൂടുതലും കുടുംബയോഗങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ക്രിസ്ത്യൻ സഭയുമായുള്ള അടുപ്പവും തനിക്ക് തുണയാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. 2014-ൽ ബി.ജെ.പി.യുടെ കെ.പി. ശ്രീശൻ നേടിയത് 1,02,000-ത്തിൽ പരം വോട്ടാണെങ്കിൽ 2019-ൽ സുരേഷ്‌ഗോപി അത് 2,93,000-ത്തിൽ പരമാക്കി ഉയർത്തിയത് അവർ ചൂണ്ടിക്കാട്ടുന്നു. കണക്കുകളിൽ ഇടതുമുന്നണി ബഹുദൂരം മുന്നിലാണ്. കഴിഞ്ഞതവണ പ്രതാപന്റെ ഭൂരിപക്ഷം 93,633 ആയിരുന്നു. പക്ഷേ, തുടർന്ന് 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽപ്പെടുന്ന ഏഴ് നിയോജകമണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് ജയിച്ചത്. അവർക്ക് കിട്ടിയ ആകെ ഭൂരിപക്ഷം 1,32,000-ത്തിൽപ്പരം വോട്ടാണ്. 2016-ലെ തിരഞ്ഞെടുപ്പിൽ 1,22,000-ത്തിൽപ്പരം വോട്ടിന് ഇടതുമുന്നണി മുന്നിലായിരുന്നു. രാഷ്ട്രീയത്തിൽ രണ്ടും രണ്ടും നാലല്ല എന്നു പറഞ്ഞത് ലീഡർ കെ. കരുണാകരനാണ്. ആപ്രതീക്ഷയിലാണ് കോൺഗ്രസുകാർ. ഒരു കാര്യം ഉറപ്പാണ്. കോൺഗ്രസ്‌ ഇവിടെ ജയിക്കുകയാണെങ്കിൽ അതിൽ മുരളിയുടെ പ്രവർത്തന മികവിനും വ്യക്തിത്വത്തിനും കിട്ടുന്ന വോട്ടിനായിരിക്കും മുൻതൂക്കം.

ആപ്രതീക്ഷയിലാണ് കോൺഗ്രസുകാർ. ഒരു കാര്യം ഉറപ്പാണ്. കോൺഗ്രസ്‌ ഇവിടെ ജയിക്കുകയാണെങ്കിൽ അതിൽ മുരളിയുടെ പ്രവർത്തന മികവിനും വ്യക്തിത്വത്തിനും കിട്ടുന്ന വോട്ടിനായിരിക്കും മുൻതൂക്കം. മുരളി ജയിച്ചാൽ തങ്ങളുടെ പ്രസക്തി നഷ്ടപെട്ടുപോകുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കളെ ചെറുതല്ലാതെ അലട്ടുന്നുമുണ്ട്.


Read Previous

മഴയും വെള്ളക്കെട്ടും: ദുബായ് സാധാരണ ജീവിതത്തിലേക്ക്; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

Read Next

പാകിസ്ഥാനില്‍ ഒറ്റ പ്രസവത്തില്‍ 27-കാരിക്ക് പിറന്നത് ആറ് കണ്‍മണികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular