ദുബായില്‍ ആഡംബരവീടുകള്‍ സ്വന്തമാക്കുന്നവരില്‍ കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപകരെന്ന് റിപ്പോര്‍ട്ട്


ദുബായ്: ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിലവിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. ബെറ്റര്‍ഹോംസ് റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും മറ്റ് രാജ്യങ്ങളെ മറികടന്ന് ഇന്ത്യന്‍ നിക്ഷേപകര്‍ ഒന്നാം സ്ഥാനം നേടി.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് നിക്ഷേപകരായിരുന്നു ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നത്. നിക്ഷേപത്തില്‍ മികച്ച വരുമാനം കൂടാതെ ഗോള്‍ഡന്‍ വിസയ്ക്കുള്ള യോഗ്യതയും ലഭിക്കുന്നതാണ് ആഡംബര ഭവനങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യന്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. ഈ കാരണങ്ങളാണ് റാങ്കിംഗിലെ മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ദുബായ് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ ഒരു പ്രധാന ആകര്‍ഷണം ഗോള്‍ഡന്‍ വിസ ആണ്. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന നിക്ഷേപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദുബായില്‍ അഞ്ച് വര്‍ഷത്തെ റെസിഡന്‍സിയാണ് വാഗ്ദാനം ചെയ്യുന്നത്. ആവശ്യമെങ്കില്‍ അത് പത്ത് വര്‍ഷത്തേക്ക് നീട്ടാവുന്നതുമാണ്. രണ്ടു മില്യണ്‍ ദിര്‍ഹം (ഏകദേശം 4.5 കോടി രൂപ) വിലമതിക്കുന്ന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നതാണ് ഈ വിസ ലഭിക്കുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡം.

ദുബായിലെ ഏറ്റവും മികച്ച അഞ്ച് വീട് വാങ്ങുന്നവരില്‍ ഇന്ത്യക്കാര്‍ ഏറെക്കാലമായി സ്ഥിരമായി ഉള്‍പ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ സമ്പത്തിന്റെ വര്‍ദ്ധനയും റഷ്യക്കാര്‍ പിന്നോട്ടു പോയതും പോലുള്ള സമീപകാല ഘടകങ്ങള്‍ ദുബായ് വിപണിയില്‍ ഇന്ത്യക്കാരെ ഒന്നാമതെത്തിച്ചു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഉയര്‍ന്ന വരുമാനം തേടുന്ന നിരവധി ഇന്ത്യന്‍ നിക്ഷേപകര്‍ ദുബായിലെ ആഡംബര ഭവനങ്ങളില്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ദുബായിലെ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെറ്റര്‍ഹോംസിന്റെ സിഇഒ റിച്ചാര്‍ഡ് വൈന്‍ഡ് വ്യക്തമാക്കി.


Read Previous

ദേശീയ ദിനം; പ്രവാസികൾ ഉൾപ്പെടെ 166 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ ഭരണാധികാരി

Read Next

വൈകാരികമായ ആചാരങ്ങൾ കൊണ്ട് മാതൃഭാഷയെ രക്ഷിക്കാനാവില്ല: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular