സൗദി വിദേശകാര്യ മന്ത്രി ഇറാനില്‍; 2016ന് ശേഷം ആദ്യമായിട്ടാണ് ഒരു സൗദി മന്ത്രി ഇറാനിലെത്തുന്നത്; എംബസി ഉടന്‍ തുറക്കും, യമനില്‍ നിന്ന് സൗദിയിലേക്ക് ഹജ്ജ് വിമാനം


റിയാദ്/ടെഹ്‌റാന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഇറാനില്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ച ശേഷമാണ് മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ടെഹ്‌റാനിലെത്തിയത്. ഇറാന്റെ തലസ്ഥാന നഗരിയില്‍ വൈകാതെ എംബസി തുറക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍ സൗദി മന്ത്രി പറഞ്ഞു.

ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദിയും ഇറാനും തീരുമാനിച്ചത്. ശേഷം ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പരസ്പരം സന്ദര്‍ശിച്ചു. ഇപ്പോള്‍ സൗദിയുടെ വിദേശകാര്യ മന്ത്രി ഇറാനിലെത്തി. സൗദി രാജാവിനെ ഇറാനും ഇറാന്‍ പ്രസിഡന്റിനെ സൗദിയും സന്ദര്‍ശനത്തിന് വേണ്ടി ക്ഷണിച്ചിട്ടുണ്ട്.

റിയാദില്‍ ഇറാന്‍ എംബസി തുറന്നിട്ടുണ്ട്. മാത്രമല്ല, ജിദ്ദയിലെ കോണ്‍സല്‍ ജനറല്‍ ഓഫീസും ഇറാന്‍ തുറന്നു. പരസ്പരം ബഹുമാനിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാമെന്ന് സൗദി മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന ഉപാധിയും സൗദി അറേബ്യ മുന്നോട്ടുവച്ചു. ടെഹ്‌റാനില്‍ എംബസിയും മശ്ഹദില്‍ കോണ്‍സുലേറ്റും തുറക്കാനാണ് സൗദിയുടെ പദ്ധതി.

2016ന് ശേഷം ആദ്യമായിട്ടാണ് ഒരു സൗദി മന്ത്രി ഇറാനിലെത്തുന്നത്. ശിയാ പണ്ഡി തനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കത്തിന് കാരണം. ഇറാനും സൗദിയും സമാധാന കരാറില്‍ ഒപ്പുവച്ച പിന്നാലെ പശ്ചിമേഷ്യയിലെ പല പ്രശ്‌നങ്ങളും അവസാനിച്ച മട്ടാണ്. യമന്‍ യുദ്ധവും അവസാനിച്ചിട്ടുണ്ട്.

2016ന് ശേഷം ആദ്യമായി യമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് സൗദിയിലേക്ക് ഹജ്ജ് വിമാനം പുറപ്പെട്ടു. സന്‍ആ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. അടുത്ത കാലം വരെ ഇവിടെ സൗദി സൈന്യം ആക്രമണം നടത്തിയിരുന്നു. എന്നാല്‍ സമാധാന കരാറുണ്ടാക്കിയതോടെയാണ് ഹജ്ജ് വിമാനം പുറപ്പെട്ടത്. 277 പേരാണ് വിമാനത്തില്‍ ഹജ്ജിന് വേണ്ടി എത്തിയത്. നേരത്തെ സന്‍ആ വിമാനത്താവളം സൗദി ഉപരോധിച്ചിരുന്നു.

സിറിയയുമായും സൗദി അറേബ്യ ബന്ധം ശക്തമാക്കിയിട്ടുണ്ട്. സിറിയയുടെ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ജിദ്ദയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിക്ക് എത്തിയത് സൗദിയുടെ ക്ഷണ പ്രകാരമാണ്. 10 വര്‍ഷത്തിന് ശേഷമാണ് അസദ് ഉച്ചകോടിക്ക് എത്തിയത്. ഖത്തര്‍, ഇറാന്‍, യമന്‍, സിറിയ വിഷയത്തിലുണ്ടായിരുന്ന ഭിന്നത സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുകയാണ്. അതേസമയം, അസദുമായി ഖത്തര്‍ ഉടക്കിലാണ്.


Read Previous

അറബ് മേഖലയില്‍ ‘സൗഹൃദക്കാലം’; വൈരം മറന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും, എംബസികള്‍ തുറന്നു

Read Next

ആകാശം കീഴടക്കാൻ: എ 320 നിയോ ഇനത്തിൽ പെട്ട 30 വിമാനങ്ങൾ വാങ്ങാൻ സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസ്; കരാർ ഒപ്പുവെച്ചത് പാരീസ് എയർ ഷോക്കിടെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular