ശംഭുവും ഹൃദ്യയും പുതുജീവിതത്തിലേയ്ക്ക്


തിരുവനന്തപുരം: എല്ലാ വധൂവരന്മാരെയും പോലെ കതിർമണ്ഡപത്തിൽ വധുവിന്റെ കൈപിടിച്ചല്ല ശംഭു വലംവെച്ചത്. അവളുടെ പരിമിതിയിലെ സഹായിയായ വീൽച്ചെയറിൽ പിടിച്ചായിരുന്നു. ചുറ്റും അനുഗ്രഹങ്ങൾ ചൊരിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും.

ജന്മനാ ഭിന്നശേഷിക്കാരിയായ ഹൃദ്യയെയും പൂജപ്പുര മുടവൻമുകൾ സ്വദേശി ശംഭു എസ്.ജയചന്ദ്രനെയും ഒന്നിപ്പിച്ചത് മാട്രിമോണിയൽ സൈറ്റിലെ പരിചയമാണ്. ഹൃദ്യയുടെ വിവാഹത്തിനായി അച്ഛൻ മാട്രിമോണിയൽ സൈറ്റിൽ പരസ്യം നൽകുകയായിരുന്നു. താല്പര്യമറിയിച്ച ശംഭുവിനോട് ഹൃദ്യക്ക്‌ ആദ്യം ഇഷ്ടം തോന്നിയില്ല. തുടരെത്തുടരെയുള്ള സംസാരത്തിലൂടെ ശംഭുവിനെ ഹൃദ്യക്കിഷ്ടമായി.

അങ്ങനെ ഏപ്രിൽ അഞ്ചിന്‌ തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർ.ഡി.ആർ. കൺവെൻഷൻ സെന്ററിൽ ഇരുവരും വിവാഹിതരായി.സ്‌പൈനോ മസ്‌കുലാർ അട്രോഫിയെന്ന രോഗമുള്ള ഹൃദ്യയുടെ ജീവിതം കാലങ്ങളായി വീൽച്ചെയറിലാണ്. സ്‌കൂൾപഠനകാലത്താണ് വീൽച്ചെയറിനെ ഒപ്പംചേർക്കുന്നത്. അച്ഛന്റെയും അമ്മയുടെയും സഹോദരീഭർത്താവിന്റെയും സഹായത്തോടെയായിരുന്നു യാത്രകളെല്ലാം. പഠനത്തിനും ജോലിക്കുമായി ആദ്യം ശ്രീകാര്യത്തേക്കും ഇപ്പോൾ തിരുമലയിലേക്കും കുടുംബസമേതം ഹൃദ്യ താമസം മാറി.

പുന്നയ്ക്കാമുകൾ സാവിത്രിഭവനിൽ എസ്.ഡി. സിന്ധുദേവിയുടെ മകനാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ശംഭു. ഡിഫൻസ് ഓഡിറ്റ് വകുപ്പിന്റെ ലോക്കൽ ഓഡിറ്റ് വിഭാഗത്തിൽ ഉദ്യോഗസ്ഥയാണ് സി.ഇ.ടി.യിൽനിന്ന്‌ എൻജിനിയറിങ് ബിരുദം നേടിയ ഹൃദ്യ. മടവൂർ സ്വദേശിയായ ഹൃദ്യ ബാങ്ക് ജീവനക്കാരനായിരുന്ന എ.വിനയചന്ദ്രൻ പിള്ളയുടെയും പദ്മാ വിനയചന്ദ്രന്‍റെയും മകളാണ്.


Read Previous

മൂവാറ്റുപുഴയിൽ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത് യുട്യൂബര്‍ ‘എംസി മുന്നു’; മര്‍ദനത്തിൽ ശ്വാസകോശം തകർന്നു

Read Next

ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിയ്ക്കും, മതേതര കോട്ടയായി തുടരും- എംകെ സ്റ്റാലിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular