ഷെയ്ഖ് മിഷ്അല്‍ കുവൈറ്റിന്റെ പുതിയ ഭരണാധികാരി; അമീര്‍ ഷെയ്ഖ് നവാഫിന്റെ ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും, ഷെയ്ഖ് നവാഫ് വിടവാങ്ങുന്നത് ആറ് പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് ശേഷം; കുവൈറ്റില്‍ 40 ദിവസം ദുഖാചരണം


കുവൈറ്റ്: കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹ് (86) വിടവാങ്ങിയതോടെ രാജ്യത്തിന്റെ പുതിയ ഭരണാധികാരിയായി ഷെയ്ഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ (83) തെരഞ്ഞെടുത്തു. അമീര്‍ ഷെയ്ഖ് നവാഫിന്റെ ഖബറടക്ക തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സ്റ്റേറ്റ് മീഡിയ അറിയിച്ചു. നിലവില്‍ കിരീടാവകാശിയായി സേവനമനുഷ്ടിച്ചുവന്ന ഷെയ്ഖ് മിഷ്അല്‍ അല്‍ സബാഹിനെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് അമീറായി തെരഞ്ഞെടുത്തത്. ഷെയ്ഖ് നവാഫിന്റെ അര്‍ദ്ധസഹോദരനാണിദ്ദേഹം.

വിടപഞ്ഞ കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് കഴിഞ്ഞ നവംബര്‍ 29 മുതല്‍ അസുഖം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചതെന്ന് അമീരി ദിവാനി കാര്യാലയം ദേശീയ ചാനലിലൂടെ അറിയിക്കുകയായിരുന്നു. അമീര്‍ ഷെയ്ഖ് നവാഫ് തന്റെ നാഥന്റെ സവിധത്തിലേക്ക് മടങ്ങിയതായി ഏറെ ദുഖത്തോടെ എല്ലാവരെയും അറിയിക്കുന്ന തായി അമീരി കോടതി മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അല്‍ സബാഹ് ശനിയാഴ്ച സ്റ്റേറ്റ് ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

അമീര്‍ ഷെയ്ഖ് നവാഫിന്റെ അസുഖം സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യമാക്കി യിട്ടില്ല. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും മൂന്നു ദിവസം അവധി നല്‍കുകയും ചെയ്തിട്ടുണ്ട്.അമീറായി ഷെയ്ഖ് നവാഫ് പ്രവര്‍ത്തിച്ചത് മൂന്നു വര്‍ഷമാണ്. കുവൈറ്റ് ചരിത്രത്തില്‍ ഏറ്റവും ചെറിയ മൂന്നാമത്തെ കാലഘട്ടമാണിതെങ്കിലും അദ്ദേഹത്തിന്റെ യുഗം ശ്രദ്ധേയമാണ്. അധികാരമേറ്റെടുക്കുന്നതിന് മുമ്പ് ഷെയ്ഖ് നവാഫ് പതിറ്റാണ്ടുകളോളം ഉയര്‍ന്ന പദവി വഹിച്ചിരുന്നു. 2006ല്‍ കിരീടാവകാശിയായി നാമകരണം ചെയ്യപ്പെട്ട അദ്ദേഹം, 1990ല്‍ ഇറാഖി സൈന്യം എണ്ണ സമ്പന്നമായ എമിറേറ്റ് ആക്രമിച്ചപ്പോള്‍ പ്രതിരോധ മന്ത്രിയായിരുന്നു.

അല്‍-സബാഹ് രാജകുടുംബത്തില്‍ ഏറെ ജനപ്രീതി ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എല്ലാവരോടും എളിമയോടെ പെരുമാറിയിരുന്ന അദ്ദേഹം ലളിതമായ ജീവിതശൈലി എപ്പോഴും പിന്തുടരുകയും ചെയ്തു. ‘അനുരഞ്ജനത്തിന്റെ അമീര്‍’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ആധുനിക കുവൈറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അനുരഞ്ജനത്തിന് അദ്ദേഹം നേതൃത്വം നല്‍കിയെന്ന് കുവൈറ്റ് സര്‍വകലാശാല പ്രൊഫസര്‍ ബദര്‍ അല്‍ സെയ്ഫ് അഭിപ്രായപ്പെട്ടു.

25ാം വയസ്സില്‍ ഹവല്ലി ഗവര്‍ണറായി നിയമിതനായി 2006ലാണ് ഷെയ്ഖ് നവാഫ് കിരീടാവകാശിയാവുന്നത്, 2020 മുതല്‍ രാജ്യത്തിന്റെ ഭരണാധിപനായിരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റ് ഭരണാധികാരി അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് ജാബിര്‍ അല്‍ സബാഹ് വിടവാങ്ങുന്നത് ആറ് പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവന ത്തിന് ശേഷം. അസുഖബാധിതനായതിനെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം 86ാം വയസ്സില്‍ മരണപ്പെടുന്നതുവരെയും കര്‍മനിരതനായിരുന്നു. ആദര സൂചകമായി രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.

ആധുനിക കുവൈറ്റിന്റെ വളര്‍ച്ചയില്‍ തന്റേതായ കൈയൊപ്പ് ചാര്‍ത്തിയാണ് അദ്ദേഹം കാലയവനികക്കുള്ളില്‍ മറയുന്നത്. കുവൈറ്റിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും യമാമയുടെയും മകനായി 1937 ജൂണ്‍ 20ന് കുവൈറ്റ് സിറ്റിയിലെ ഷര്‍ഖ്ല്‍ ആണ് ഷെയ്ഖ് നവാഫിന്റെ ജനനം.

25ാം വയസ്സില്‍ ഹവല്ലി ഗവര്‍ണര്‍ ആയാണ് ഷെയ്ഖ് നവാഫ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1978 മാര്‍ച്ച് 19ന് കുവൈറ്റിന്റെ ആഭ്യന്തര മന്ത്രിയായി ചുമതല യേല്‍ക്കുന്നതു വരെ പദവിയില്‍ തുടര്‍ന്നു. 10 വര്‍ഷത്തോളം ആഭ്യന്തര മന്ത്രി പദവി വഹിച്ച അദ്ദേഹം 1988ല്‍ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി.

ഇറാഖ് അധിനിവേശത്തില്‍ നിന്ന് രാജ്യം മോചനം നേടിയ ശേഷം നിലവില്‍ വന്ന സര്‍ക്കാരില്‍ തൊഴില്‍-സാമൂഹിക കാര്യങ്ങളുടെ ഉപമന്ത്രി പദവിയും വഹിച്ചു. 1992 ഒക്ടോബര്‍ 17വരെ ആ പദവിയില്‍ തുടര്‍ന്നു. അധിനിവേശ കാലത്ത് കുവൈറ്റിന്റെ സൈനിക സജ്ജീകരണത്തില്‍ വന്ന പോരായ്മ ചൂണ്ടിക്കാട്ടി ഷെയ്ഖ് നവാഫിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തുകയുണ്ടായി.

പിന്നീട് 1994 ഒക്ടോബറിലാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡിന്റെ ഉപ മേധാവിയായി വീണ്ടും ഔദ്യോഗിക പദവിയിലെത്തുന്നത്. 2003 വരെ ആ പദവിയില്‍ തുടര്‍ന്നു. അതേവര്‍ഷം ഒക്ടോബറില്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി നിയമിക്കപ്പെട്ടു.

രാജ്യത്തിന്റെ കിരീടാവകാശിയായി 2006 ഫെബ്രുവരി ഏഴിനാണ് ഷെയ്ഖ് നവാഫ് അവരോധിക്കപ്പെടുന്നത്. നിലവിലെ കിരീടാവകാശി ഷെയ്ഖ് സബാഹ് ജനുവരി 29ന്
രാജ്യത്തിന്റെ അമീര്‍ ആയതോടെയാണ് ഷെയ്ഖ് നവാഫ് കിരീടാവകാശിയാവുന്നത്. അമീര്‍ ഷെയ്ഖ് സബാഹ് 2020 സെപ്റ്റംബര്‍ 29ന് മരണപ്പെട്ടതോടെ ഷെയ്ഖ് നവാഫ് രാജ്യത്തിന്റെ ഭരണാധികാരിയായി ഉയര്‍ത്തപ്പെട്ടു. രാജ്യത്തിന്റെ പതിനാറാമത്തെ അമീറായി സേവനം നടത്തിവരുന്നതിനിടെയാണ് നിര്യാണം.

ശാരീരിക അവശതകളെ തുടര്‍ന്ന് കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. 2021 നവംബര്‍ 15ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങള്‍ നിര്‍വഹിക്കാന്‍ ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അല്‍ അല്‍ സബാഹിനെ ചുമതലപ്പെടുത്തുകയുണ്ടായി. ശരീഫ സുലൈമാന്‍ അല്‍ ജാസ്സിം ആണ് ഭാര്യ. പ്രധാനമന്ത്രി ഷെയ്ഖ് അഹമദ് അല്‍ നവാഫ് സബാഹ് മൂത്ത മകനാണ്. ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് (ദേശീയ സേന മേധാവി), ഷെയ്ഖ് അബ്ദുല്ല അല്‍ നവാഫ്, ഷെയ്ഖ് സാലിം അല്‍ നവാഫ് (ദേശീയ സുരക്ഷാ മേധാവി), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കള്‍.


Read Previous

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

Read Next

‘പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകൾ’; എസ്എഫ്ഐ പ്രതിഷേധം എവിടെയെന്ന് പരിഹാസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular