സിദ്ധാര്‍ഥന്‍റെ മരണം: കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ


തിരുവനന്തപുരം: ആൾക്കൂട്ടവിചാരണയ്ക്കിരയായ, പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസ് സി.ബി.ഐ.ക്ക് കൈമാറാത്തത് വിവാദമായതോടെ നടപടികൾ ഊർജിതമാക്കി സർക്കാർ. അന്വേഷണം അട്ടിമറിക്കുന്നെന്ന്‌ ആരോപിച്ച് സിദ്ധാർഥന്റെ കുടുംബവും പ്രതിപക്ഷവും രംഗത്തെത്തിയതോടെ ചൊവ്വാഴ്ച വൈകീട്ട് പ്രത്യേക ദൂതൻവഴി രേഖകൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എത്തിച്ചു. രേഖകൾ യഥാസമയം കൈമാറുന്നതിൽ വീഴ്ചവരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

അന്വേഷണം കൈമാറാനുള്ള സർക്കാർ വിജ്ഞാപനം 16-ന് സി.ബി.ഐ. കൊച്ചി ഓഫീസിന്‌ നൽകിയിരുന്നു. എന്നാൽ, പെർഫോമ റിപ്പോർട്ട് കൈമാറിയില്ല. സംസ്ഥാന ആഭ്യന്തരവകുപ്പാണ് നൽകേണ്ടത്. പ്രഥമവിവര റിപ്പോർട്ടും അന്വേഷണത്തിന്റെ നാൾവഴികളും അടക്കമുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കണോയെന്ന് സി.ബി.ഐ. തീരുമാനിക്കുന്നത്. പ്രാദേശികയൂണിറ്റിന്റെ റിപ്പോർട്ടും സി.ബി.ഐ. ഡയറക്ടർ തേടും.

അടിയന്തരപ്രാധാന്യത്തോടെ സർക്കാർ കൈകാര്യംചെയ്ത വിഷയത്തിൽ വീഴ്ചവരുത്തിയെന്ന കുറ്റംചുമത്തിയാണ് ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത്, സെക്‌ഷൻ ഓഫീസർ വി.കെ. ബിന്ദു, അസിസ്റ്റന്റ് എസ്.എൽ. അഞ്ജു, എന്നിവരെ സസ്പെൻഡ് ചെയ്തത്.

സി.ബി.ഐ.ക്ക് കേസ് കൈമാറുന്നത് വൈകിപ്പിക്കാനും അട്ടിമറിക്കാനും നീക്കംനടക്കുകയാണെന്നാരോപിച്ച് സിദ്ധാർഥന്റെ കുടുംബം ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പെർഫോമ റിപ്പോർട്ടുമായി പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി. എസ്. ശ്രീകാന്തിനെ ഡൽഹിയിലേക്ക് അയച്ചത്. രേഖകൾ കൈമാറാത്തത് മുഖ്യന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്നാണ് വിശദീകരണം. വീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് നിർദേശിച്ചു.


Read Previous

#Putin’s special forces have been shown to IS terrorists| ചെവി അറുത്തെടുത്ത് കഴിപ്പിച്ചു; ജനനേന്ദ്രിയത്തില്‍ ഷോക്ക് അടിപ്പിച്ചു: ക്രൂരത എന്തെന്ന് ഐ.എസ് ഭീകരര്‍ക്ക് കാണിച്ച് കൊടുത്ത് പുടിന്റെ പ്രത്യേക സൈന്യം

Read Next

ടൈറ്റാനിക്‌: റോസിനെ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് കോടികൾക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular