ഏക വോട്ടർ പട്ടിക,ഒരേ സമയം തിരഞ്ഞെടുപ്പ്


ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭകളിലേക്കു മാത്രമല്ല, മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും കൂടി ഏക വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ഒരേ സമയം തിരഞ്ഞെടുപ്പു നടത്താൻ താൽപര്യപ്പെടുന്നതായി കേന്ദ്ര സർക്കാർ വ്യക്തമായ സൂചന നൽകി. മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദ് അധ്യക്ഷനായി രൂപീകരിച്ച ഉന്നതതല സമിതിയുടെ പരിഗണനാ വിഷയമായാണ് ഈ ആശയം മുന്നോട്ടുവച്ചിരിക്കുന്നത്.

ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയും ഉൾപ്പെടുന്ന സമിതിയെയാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, അംഗമാകാനില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെഴുതിയ കത്തിൽ അധീർ വ്യക്തമാക്കി. സമിതി രൂപീകരണത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത അധീർ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ ഉൾപ്പെടുത്താതിരുന്നത് പാർലമെന്ററി ജനാധിപത്യത്തെ മനഃപൂർവം അപമാനിക്കലാണെന്നും കുറ്റപ്പെടുത്തി.

അധീറിനു പുറമെ, അമിത് ഷാ, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഗുലാം നബി ആസാദ്, ധനകാര്യ കമ്മിഷൻ മുൻ അധ്യക്ഷൻ എൻ.കെ.സിങ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുഭാഷ് സി.കശ്യപ്, അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ മുഖ്യ വിജിലൻസ് കമ്മിഷണർ സഞ്ജയ് കോഠാരി എന്നിവരും ഉൾപ്പെടുന്നതാണ് നിയമ മന്ത്രാലയം വിജ്ഞാപനം ചെയ്ത സമിതി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവ്; നിയമകാര്യ വകുപ്പ് സെക്രട്ടറി നിതേൻ ചന്ദ്രയാണ് സമിതിയുടെ സെക്രട്ടറി.

സമിതി ഉടൻ പ്രവർത്തനം തുടങ്ങി, എത്രയും വേഗം റിപ്പോർട്ട് നൽകണം; സമയപരിധി പറഞ്ഞിട്ടില്ല. നടപടിക്രമം സമിതിക്കു തീരുമാനിക്കാം; വ്യക്തികളിൽനിന്ന് അഭിപ്രായം ശേഖരിക്കാം

∙ ഭരണഘടനയുടെയും നിയമങ്ങളിലെ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ ലോക്സഭ നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പു നടത്തുന്നതിന് ശുപാർശ നൽകുക. അതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമങ്ങളിലും (1950, 1951) ചട്ടങ്ങളിലും മറ്റു നിയമങ്ങളിലും ചട്ടങ്ങളിലും വേണ്ട ഭേദഗതികൾ നിർദേശിക്കുക.

∙ ഭരണഘടനാ ഭേദഗതികൾക്ക് സംസ്ഥാനങ്ങളുടെ അംഗീകാരം വേണോയെന്ന് പരിശോധിക്കുക.

∙ ത്രിശങ്കു സഭ, അവിശ്വാസ പ്രമേയം പാസാകുന്ന സ്ഥിതി, കൂറുമാറ്റം തുടങ്ങിയ സാഹചര്യങ്ങളിലെ പരിഹാരം നിർദേശിക്കുക.

∙ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടത്തുന്നതിന് ചട്ടക്കൂട് നിർദേശിക്കുക.  ഒറ്റ ഘട്ടം സാധ്യമല്ലെങ്കിൽ, എത്ര ഘട്ടമായി എത്ര സമയത്തിനകം നടത്തണമെന്നും ഭരണഘടനയിലും നിയമങ്ങളിലും വേണ്ട േഭദഗതികൾ എന്തൊക്കെയെന്നും നിർദേശിക്കുക.

∙ ഒരേസമയം തിരഞ്ഞെടുപ്പിനു തുടർച്ച ഉറപ്പാക്കാനുള്ള മുൻകരുതലുകളും ഭരണഘടനാ ഭേദഗതികളും നിർദേശിക്കുക.

∙ വേണ്ടിവരുന്ന വോട്ടിങ് യന്ത്രങ്ങൾ, വിവിപാറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ആൾബലം എന്നിവ പരിശോധിക്കുക.

∙ ലോക്സഭ മുതൽ തദ്ദേശതലം വരെ തിരഞ്ഞെടുപ്പിന് ഒരേ വോട്ടർ പട്ടിക ഉപയോഗിക്കാൻ ആവശ്യമായ നടപടികൾ നിർദേശിക്കുക.

‘ഒരേസമയം തിരഞ്ഞെടുപ്പ് ദേശീയ താൽപര്യം’

ഒരേസമയം തിരഞ്ഞെടുപ്പ് എന്നത് ദേശീയ താൽപര്യത്തിന് അഭികാമ്യമാണെന്ന് ഉന്നതതല സമിതി രൂപീകരിച്ചുള്ള വിജ്ഞാപനത്തിൽ പറയുന്നു. 1951–52 മുതൽ 1967 വരെ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഏറെയും ഒരേസമയമാണ് തിരഞ്ഞെടുപ്പു നടന്നിരുന്നത്. ഈ രീതി മാറിയതിന്റെ പ്രശ്നങ്ങളായി സർക്കാർ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇവയാണ്:

∙ എല്ലാ വർഷവും ഒരേവർഷം തന്നെ പല തവണയും നടക്കുന്ന തിരഞ്ഞെടുപ്പുകൾ സർക്കാരിനും പാർട്ടികൾക്കും വൻ ചെലവിനു കാരണമാകുന്നു.

∙ സുരക്ഷാ സേനകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പ്രാഥമിക ചുമതലകളിൽനിന്ന് ദീർഘകാലം മാറിനിൽക്കേണ്ടി വരുന്നു.

∙ ദീർഘ കാലയളവിൽ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുന്നത് വികസന പ്രവർത്തനങ്ങൾക്കു തടസ്സമാകുന്നു.

ഒരേ സമയം തിരഞ്ഞെടുപ്പു നടത്തണമെന്ന ലോ കമ്മിഷൻ റിപ്പോർട്ടിലെ നിരീക്ഷണവും 2 ഘട്ടമായി നടത്തുന്നതാകും പ്രായോഗികമെന്ന നിയമമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതിയുടെ 2015 ലെ ശുപാർശയും വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടുണ്ട്.


Read Previous

സാമ്രാജ്യ സ്ഥാപകന്‍റെ കാലം മുതൽ നിലനില്‍ക്കുന്ന, മംഗോളിയയിലെ മതസ്വാതന്ത്ര്യത്തെ പ്രകീർത്തിച്ച്, ഫ്രാൻസിസ് മാർപാപ്പ

Read Next

മദ്യപിച്ചെത്തിയതിനെച്ചൊല്ലി വഴക്കിട്ടു; ഭാര്യയെ അമ്മിക്കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular