തലച്ചോറിന്റെ വിസ്മയ ലോകത്തിനുള്ളില്‍ കയറാം; സയന്‍സ് ഫെസ്റ്റിവലിലൂടെ


തിരുവനന്തപുരം: കഷ്ടിച്ച് ഒന്നര കിലോഗ്രാം ഭാരമുള്ള കൊഴുപ്പിന്റെ മൃദുവായ ഒരു കൂന മനുഷ്യജീവനേയും ജീവിതത്തേയും നിയന്ത്രിക്കുന്നതിന്റെ അത്ഭുത വഴികളി ലേക്ക് കാണികളെ നയിക്കുകയാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിലെ തലച്ചോറി ന്റെ പവലിയന്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിച്ച ജിഎസ്എഫ്കെയില്‍ ക്യൂറേറ്റഡ് സയന്‍സ് പ്രദര്‍ശനത്തിലേക്ക് അന്താരാഷ്ട്ര പവലിയനുകളും എത്തിത്തുടങ്ങി.

ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന പവലിയനില്‍ തലച്ചോറിന്റെ ഓരോ ഭാഗങ്ങള്‍ മാത്രമല്ല ഉറക്കവും സ്വപ്നവും തുടങ്ങി കംപ്യൂട്ടേ ഷണല്‍ ഉപകരണങ്ങള്‍ മനുഷ്യമനസിനെ എങ്ങനെയൊക്കെയാണ് വിപുലീകരിക്കുക യും സഹായിക്കുകയും ചെയ്യുന്നതെന്നുവരെ വിശദീകരിക്കുന്നു.

ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും ആനിമേഷന്റെയും സംവാദാത്മക പ്രദര്‍ശന വസ്തുക്കളുടേയുമെല്ലാം സഹായത്തോടെയാണ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത്. വെളിച്ചം പതിക്കുമ്പോള്‍ കണ്ണിന്റെ റെറ്റിന ചുരുങ്ങുന്നതും വെളിച്ചം കുറയുമ്പോള്‍ വികസിക്കുന്നതും മൊബൈല്‍ ഫോണിലെ ടോര്‍ച്ചിന്റെ സഹായത്തോടെ വ്യക്തമായും വലുതായും ഇവിടെ കാണാം.

മനുഷ്യരുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏതു ഭാഗമാണെന്ന് മനസിലാക്കാന്‍ വലിയ സ്‌ക്രീനില്‍ ഡിസൈഡിങ് എന്നെഴുതിയ ഭാഗത്ത് സ്പര്‍ശിച്ചാല്‍ മതി. ഇത്തരത്തില്‍ തലച്ചോറിന്റെ ഓരോ ഭാഗവും എന്തൊക്കെ ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നതെന്ന് നിഷ്പ്രയാസം മനസിലാക്കാന്‍ സാധിക്കും.

ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളെപ്പറ്റിയും ഉറക്കത്തില്‍ സ്വപ്നം ഉണ്ടാകുന്നതെങ്ങനെ എന്നതിനെപ്പറ്റിയുമൊക്കെ ഈ പവലിയനിലെ കാഴ്ചകളിലൂടെ മനസിലാക്കാം. ഇരുപതോളം ലൈറ്റ് ബോക്‌സുകളും അത്രത്തോളം സംവാദാത്മക സ്‌ക്രീനുകളുമെല്ലാം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. വെളിച്ച വിന്യാസത്തോടെയുള്ള തലച്ചോറിന്റെ വലിയ ഇന്‍സ്റ്റലേഷനും പവലിയനിലുണ്ട്. കാഴ്ചകള്‍ വിശദീകരിച്ചു നല്‍കാന്‍ വോളന്റിയര്‍മാരായി എന്‍സിസി കേഡറ്റുകളുമുണ്ട്. ഫെബ്രുവരി 15 വരെയാണ് പ്രദര്‍ശനം. പ്രവേശന ടിക്കറ്റുകള്‍ gsfk.org എന്ന വെബ്‌സൈറ്റ് വഴിയും ഫെസ്റ്റിവല്‍ വേദിയോടനുബന്ധിച്ചുള്ള കൗണ്ടറുകള്‍ വഴിയും ലഭിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം.


Read Previous

നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ, മറ്റൊരാളെ ഏല്‍പ്പിച്ച് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി; ആശുപത്രിയില്‍ ഓടിയെത്തി അച്ഛന്‍

Read Next

ചൈനയില്‍ വന്‍ ഭൂചലനം: വീടുകള്‍ തകര്‍ന്നു; ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം; പാകിസ്ഥാന്‍, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular