സുധാകരന്‍ വീണ്ടും കെപിസിസി അധ്യക്ഷ പദവിയിലേക്ക്; നാളെ ചുമതലയേല്‍ക്കും, ഇടഞ്ഞ ഹസനെ അനുനയിപ്പിച്ച് ഹൈക്കമാന്‍ഡ്


തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്ന് താത്കാലികമായി ഒഴിഞ്ഞ കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍ തിരികെയെത്തുന്നു. നാളെ രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തി സുധാകരന്‍ വീണ്ടും ചുമതലേയറ്റെടുക്കും.

പകരം ചുമതലയേറ്റെടുത്ത യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ സ്ഥാനമൊഴിയാന്‍ വിമുഖത കാട്ടിയതോടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിലായെങ്കിലും ഹൈക്ക മാന്‍ഡ് ഇടപെട്ട് ഹസനെ അനുനയിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി പ്രസിഡന്‍റിന്‍റെ ചുമത വഹിക്കാനാണ് ഹസനനെ ചുമതലപ്പെടുത്തിയിരു ന്നതെങ്കിലും ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ജൂണ്‍ 2 വരെ തനിക്ക് തുടരാമെന്ന വാദമുയര്‍ത്തി ഹസന്‍ പദവിയില്‍ തുടരുകയായിരുന്നു.

കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തി നാളെ രാവിലെ കെ സുധാകരന്‍ വീണ്ടും പ്രസിഡന്‍റായി ചുമതലേയറ്റെടുക്കും.

മാത്രമല്ല, ജൂണ്‍ 4ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതുവരെ പദവി നീട്ടിക്കൊണ്ടു പോയാല്‍ ഒരു പക്ഷേ കേരളത്തില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടാല്‍ സുധാകരന്‍റെ തിരിച്ചു വരവ് അസാധ്യമാകുമെന്ന കണക്കുകൂട്ടലും താത്കാലിക അധ്യക്ഷ സ്ഥാന ത്ത് തുടരാന്‍ ഹസന് പ്രേരണയായി. ‘നീട്ടിക്കൊണ്ടുപോകല്‍ തന്ത്ര’ത്തിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ മെയ് 4ന് ഹസന്‍ തെരഞ്ഞെടുപ്പ് അവലോകന യോഗവും വിളിച്ചു.

ഇതോടെ മെയ് നാലിന് അവലോകന യോഗത്തിന് ശേഷം ഹസന്‍ പദവിയൊഴിയും എന്നു സുധാകരന്‍ കണക്കുകൂട്ടിയെങ്കിലും ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 2ന് മാത്രമേ കഴിയൂ എന്ന വാദമുയര്‍ത്തി ഹസന്‍ പദവിയില്‍ തുടര്‍ന്നു. അപകടം മണത്ത സുധാകരന്‍ ഉടന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് ഈ വസ്‌തുതകള്‍ ചൂണ്ടിക്കാട്ടുക യായിരുന്നു. എന്നാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് അവസാനിച്ച ജൂണ്‍ 26 വരെ മാത്രമാണ് ഹസന് പ്രസിഡന്‍റ് പദം നല്‍കിയതെന്നും മനഃപൂര്‍വ്വം ചുമതലയൊഴിയാന്‍ ഹസന്‍ തയ്യാറാകാത്തത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുധാകരന്‍ വാദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കു ന്നതിന് ഇതിടയാക്കുമെന്നും സുധാകരന്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോടും സുധാകരന്‍ ഇക്കാര്യങ്ങള്‍ നേരിട്ട് വിശദീകരിച്ചു. ഇതോടെ അടിയന്തിരമായി സ്ഥാനമൊഴിയാന്‍ ഹസന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്ന് എറണാകുളത്ത് മാധ്യമങ്ങളെ കണ്ട സുധാകരന്‍ ഹസന്‍റെ സമീപനത്തോടുള്ള നീരസം പരസ്യമാക്കി. ആര് വിചാരിച്ചാലും തന്‍റെ പദവി ഇല്ലാതാക്കാനാകില്ലെന്നായിരുന്നു സുധാകരന്‍റെ പ്രതികരണം.


Read Previous

കേരളത്തിലെ ആദ്യ വനിത കള്ളുചെത്ത് തൊഴിലാളി; നിശ്ചയദാർഢ്യത്തിന്‍റെ മറുപേരായി കണ്ണൂരിലെ ഷീജ

Read Next

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular