“അമ്മമ്മയും അമ്മയും പോയി, ഞാനും പോകുന്നു”, 7500രൂപ മകന് ഗൂഗിൾപേ ചെയ്ത് സൂര്യപ്രകാശും ആത്മഹത്യ ചെയ്തു



കാഞ്ഞങ്ങാട് : ആവിക്കരയിലെ വീട്ടിൽ മൂന്നുപേർ മരിച്ചുവെന്ന വിവരമറിഞ്ഞാണ് വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഉണർന്നത്. കേട്ടപാതി കേൾക്കാത്തപാതി ആളുകൾ അവിടേക്കോടി. നാടറിയുന്ന, നാട്ടുകാർക്കെല്ലാം സുപരിചിതനായ കാഞ്ഞങ്ങാട്ടെ സയിന്റിഫിക് വാച്ച് വർക്‌സ് ഉടമ സൂര്യപ്രകാശാണ് മരിച്ചവരിലൊരാൾ എന്നറിഞ്ഞതോടെ മറ്റിടങ്ങളിൽനിന്നുള്ള ആളുകളുമെത്തി.

സൂര്യപ്രകാശിന്റെ അമ്മ മുൻ അധ്യാപിക ലീലയും ഭാര്യ ഗീതയുമാണ് മരിച്ച മറ്റു രണ്ടുപേരെന്ന് വൈകാതെ നാടറിഞ്ഞു. പോലീസെത്തി പരിശോധിച്ചപ്പോൾ ആദ്യം കണ്ടത് ആത്മഹത്യാക്കുറിപ്പായിരുന്നു. ഇത്‌ സൂര്യപ്രകാശിന്റെ കൈയക്ഷരത്തതിലുള്ളാതണെന്ന് പ്രാഥമിക അന്വേഷണത്തിൽതന്നെ പോലീസിന് ബോധ്യമായി. സാമ്പത്തികമായി തളർന്ന ഒരാളുടെ സങ്കടംകൂടി നിഴലിച്ച കുറിപ്പ്.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന മകൻ അജയ് പ്രകാശിനെ വിളിച്ച് നിമിഷങ്ങൾക്കകമാണ് സൂര്യപ്രകാശ് ജീവനൊടുക്കിയത്. രണ്ടുമുറികളാണ് വീട്ടിലുള്ളത്. ഒരു മുറിയിൽവെച്ച് ഗീതയെയും മറ്റൊരു മുറിയിൽവെച്ച് ലീലയെയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പോലീസിന്റെ നിഗമനം.

4.30-നും 4.50-നുമിടയിലാണ് കൊലനടന്നതെന്ന് കരുതുന്നു. അഞ്ചുമണിക്കാണ് സൂര്യപ്രകാശ് മകനെ വിളിച്ച് അമ്മമ്മയും അമ്മയും പോയി, ഞാനും പോകുന്നുവെന്ന് പറഞ്ഞത്. മകന്റെ ഗൂഗിൾപേയിൽ 7500 രൂപയും അയച്ചശേഷമാണ് ഇയാൾ അടുക്കളയിലെത്തി ഫാനിന്റെ ഹൂക്കിൽ കയറിട്ട് തൂങ്ങിമരിച്ചത്.

സൂര്യപ്രകാശിന്റെയും ഗീതയുടെയും മൂത്തമകൾ ഐശ്വര്യയെ നീലേശ്വരം പാലായിലേക്കും രണ്ടാമത്തെ മകൾ ആര്യയെ അതിയാമ്പൂരിലേക്കുമാണ് കല്യാണം കഴിച്ചയച്ചത്. എല്ലാ ശനിയാഴ്ചയും ഇരുവരും ഭർത്താവിനും മക്കൾക്കുമൊപ്പം അച്ഛനെയും അമ്മയെയും കാണാനെത്തുമായിരുന്നു. വെള്ളിയാഴ്ച വൈകീട്ടും പതിവ് ഫോൺവിളിക്കിടെ ഗീത ആര്യയോട് ചോദിച്ചു. മോളേ നാളെ വരില്ലേ. ഇതു പറഞ്ഞ് പൊട്ടിക്കരയുന്നു ആര്യയും ഭർത്താവ് ഷാലുവും.

നാടിന്റെ ‘സമയം’ നേരേയാക്കി ജീവിതം കെട്ടിപ്പടുത്ത സൂര്യപ്രകാശ് ഇടറിവീണത് സമ്പത്തിന്റെ സൂചികയിൽ തട്ടി. കാഞ്ഞങ്ങാട് വാച്ചുകട നടത്തി കുടുംബം പുലർത്തുന്ന സൂര്യപ്രകാശ് എന്തിനാണ് ഇത്രയും വലിയ ക്രൂരത ചെയ്തെന്ന ചോദ്യമാണ് ആളുകൾക്ക്. ഈ ചോദ്യത്തിനുത്തരം ഒരു പേജിൽ ഒതുക്കിയെഴുതിയിട്ടുണ്ട് അദ്ദേഹം. കോട്ടച്ചേരിയിൽ സയിന്റിഫിക്ക് എന്ന പേരിൽ വാച്ചുകട നടത്തുന്ന ഇദ്ദേഹം വാച്ചും ഘടികാരവും വിൽക്കുകയും അവ നന്നാക്കിക്കൊടുക്കുകയും ചെയ്യാൻ തുടങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ടിലേറെയായി.

സംസാരത്തിലെ എളിമയാണ് സൂര്യപ്രകാശിനെ അളുകളുമായി അടുപ്പിക്കുന്നത്. സ്‌നേഹപൂർണമായ സംസാരവും പെരുമാറ്റവും വ്യാപാരിസുഹൃത്തുക്കൾക്കിടയിൽപ്പോലും ആഴമേറിയ ബന്ധമുണ്ടാക്കി. മരണവിവരമറിഞ്ഞെത്തിയവരെല്ലാം സൂര്യപ്രകാശിന്റെ സ്വഭാവത്തെയും അടുപ്പത്തെയും പറ്റിയാണ് പറഞ്ഞത്.

സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിൽ അതു തുറന്നുപറയുകയല്ലേ വേണ്ടതെന്ന കുറ്റപ്പെടുത്തൽ നടത്തുമ്പോഴും അദ്ദേഹവുമായുള്ള സ്‌നേഹത്തെയും സൗഹൃദത്തെയും പറ്റി പറഞ്ഞുകൊണ്ടേയിരുന്നു ആളുകൾ.


Read Previous

പരീക്ഷാഹാളിൽനിന്ന് മൊബൈൽ പിടിച്ചു; വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു

Read Next

വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം,  നോട്ടീസ് ഈ ആഴ്ച തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular