മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്കരിക്കാനാകാതെ;നടൻ കെ ഡി ജോർജിന്‍റെ സംസ്കാരം നാളെ


കൊച്ചി: അന്തരിച്ച പഴയകാല നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കെ.ഡി. ജോർജിന്റെ മൃതദേഹം രണ്ടാഴ്ച പിന്നിട്ടിട്ടും സംസ്കരിക്കാനാകാതെ സഹപ്രവർത്തകർ. മൃതദേഹം ഏറ്റെടുക്കാൻ മറ്റ് ബന്ധുക്കളാരുമില്ലെന്ന് അറിയിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങളുടെ ഭാ​ഗമായി മൃതദേഹം വിട്ടു നൽകിയിരുന്നില്ല. ചർച്ചകൾക്ക് പിന്നാലെ സംസ്കാരം തിങ്കളാഴ്ച രവിപുരം ശ്മശാനത്തിൽ നടത്താൻ തീരുമാനമായി.

ശനിയാഴ്ച എറണാകുളം ജനറൽ ആശുപത്രി മോർച്ചറിക്ക് മുന്നിൽ നടത്തിയ പൊതുദർശനത്തിനിടെയാണ് കെ.ഡി. ജോർജിന് സഹപ്രവർത്തകർ അന്തിമോപചാരമർപ്പിച്ചത്.

ഇക്കഴിഞ്ഞ 21നാണ് കെ ഡി ജോർജ് അന്തരിച്ചത്. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് കെ ഡി ജോർജ് അന്തരിച്ചത്. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളില്ലെന്ന് വ്യക്തമാക്കി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിം​ഗ് ആർട്ടിസ്റ്റിന്റെ ഭാരവാഹികൾ മൃതദേഹം ഏറ്റെടുത്ത് അന്ത്യകർമങ്ങൾക്ക് തയാറാണെന്ന് വ്യക്തമാക്കി ആശുപത്രിയേയും കോർപറേഷനേയും പോലീസിനേയും അറിയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങളുടെ ഭാ​ഗമായി മൃതദേഹം വിട്ടുനൽകാതിരിക്കുകയായിരുന്നു. പിന്നീട് മന്ത്രിമാരെയടക്കം സമീപിച്ച ശേഷമാണ് മൃതദേഹം വിട്ട് നൽകാൻ തീരുമാനമായത്.

നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്‍റെ അടിസ്ഥാനത്തിൽ ആദ്യം പത്രപരസ്യം കൊടുത്തിരുന്നു. എന്നാൽ മൃതദേഹം ഏറ്റെടുക്കാൻ ആരും വരാത്തതോടെ ഏഴുദിവസം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകാമെന്ന് പറയുകയും പിന്നാലെ സർക്കാർ തന്നെ മ‍ൃതദേഹം സംസ്കരിക്കാൻ തീരുമാനമാവുകയായിരുന്നു.

” ഞങ്ങളുടെ സഹപ്രവർത്തകനാണ്. കഴിഞ്ഞ അഞ്ച് കൊല്ലമായി ഞങ്ങളുടെ സംഘടന അദ്ദേഹത്തിന് പെൻഷൻ നൽകുന്നു. കോവിഡ് കാലത്തടക്കം സംഘടനയുടെ സംരക്ഷണയിലായിരുന്നു അദ്ദേഹം. രക്തബന്ധമുള്ളവർ മാത്രമല്ല ബന്ധുക്കൾ. ഞങ്ങളും അദ്ദേഹത്തിന്റെ ബന്ധുക്കളാണ്. അദ്ദേഹം അനാഥനല്ല.”- ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഷോബി തിലകൻ പറഞ്ഞു.


Read Previous

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം: `ഒരു കോടി വേണം´: എം വി ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിൻ്റെ വക്കിൽ നോട്ടീസ്

Read Next

ജിയോയും എയര്‍ടെലും അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ പിന്‍വലിച്ചേയ്ക്കും 

Leave a Reply

Your email address will not be published. Required fields are marked *

Most Popular