കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു


കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അർധ സഹോദരൻ കൂടിയായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിന്റെ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്.

അരനൂറ്റാണ്ടിന്റെ ഭരണപരിചയവും വിവിധ മേഖലകളിലെ നിർണായക മാറ്റങ്ങൾക്കു ചുക്കാൻ പിടിച്ച മികവുമായാണ് ഷെയ്ഖ് നവാഫ് കുവൈത്ത് അമീറായി ചുമതലയേറ്റത്. അതിർത്തി കാക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയിൽ മുൻപേ ശ്രദ്ധേയനായിരുന്നു.

സാമൂഹിക-തൊഴിൽ മന്ത്രി എന്ന നിലയിൽ വിധവകൾ, പ്രായമുള്ളവർ, അനാഥർ എന്നിവരുടെ ക്ഷേമത്തിനായുള്ള നൂതന പദ്ധതികളുടെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം. പത്താമത്തെ അമീർ ആയിരുന്ന ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പുത്രനായ ഷെയ്ഖ് നവാഫ്, 1961ൽ ഹവല്ലി ഗവർണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടർന്ന അദ്ദേഹം 1978ൽ ആഭ്യന്തരമന്ത്രിയും 1988ൽ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തിൽ സാമൂഹിക-തൊഴിൽ മന്ത്രിയുമായി.


Read Previous

തൃശൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്കു തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

Read Next

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *

Most Popular