പി.സിയും കാവിയും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. എന്നാല്‍ റാഡിക്കലായി ഒരു മാറ്റവും സംഭവിച്ചില്ല; പി.സി ജോര്‍ജ് കൊതിച്ചത് അനില്‍ ആന്റണിക്ക് വിധിച്ചു; നിരാശ പൊട്ടിത്തെറിയായി


പി.സിയും കാവിക്കാരും തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു. എന്നാല്‍ റാഡിക്കലായി ഒരു മാറ്റവും സംഭവിച്ചില്ല. ഏറെ മോഹങ്ങളോടെയാണ് പി.സി ജോര്‍ജും പരിവാരങ്ങളും ബി.ജെ.പിയില്‍ ലയിച്ചത് പി.സിക്ക് മുമ്പേ ബി.ജെ.പി പാളയത്തിലെ ത്തിയ സാക്ഷാല്‍ എ.കെ ആന്റണിയുടെ പുതന്‍ അനില്‍ ആന്റണിക്ക് അവര്‍ പത്തനംതിട്ട ലോക്‌സഭാ സീറ്റ് നല്‍കി. ലയനത്തിന് മുന്നോടിയായി ബി.ജെ.പി പി.സിക്ക് ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതൊക്കെ ഇപ്പോള്‍ അങ്ങ് പൂഞ്ഞാറിലെ പരണത്തായി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.

”അപ്പന്റെ പിന്തുണ മകനില്ല. ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെ…” എന്നാണ് കലിപ്പടങ്ങാത്ത പി.സിയുടെ പരിഹാസം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി ടിക്കറ്റ് പി.സി ജോര്‍ജ് വല്ലാതെ സ്വപ്നം കണ്ടിരുന്നു. മണ്ഡലത്തില്‍ തമ്പടിച്ച് അദ്ദേഹം ചില ‘അണ്‍ ഒഫീഷ്യല്‍’ പ്രചാരണങ്ങള്‍ക്ക് കോപ്പുകൂട്ടുകയും ചെയ്തു. ഇപ്പോള്‍ നട്ടപ്പാതിരായ്ക്ക് വിളിച്ചെഴുന്നേല്‍പ്പിച്ചിട്ട് ”ചോറില്ല…” എന്ന് പറയുംപോലെയായി കാര്യങ്ങള്‍.

സഹിക്കവയ്യാതെ പി.സി പൊട്ടിത്തെറിച്ചു… ”ഈ പത്തനംതിട്ട സീറ്റിനോട് അനില്‍ ആന്റണിക്ക് ഇത്രമാത്രം താല്‍പ്പര്യത്തിന് കാരണമെന്താണെന്ന് എനിക്കറിയില്ല. ഒന്നാമത് പ്രശ്‌നം, സ്ഥാനാര്‍ഥിയെന്ന നിലയില്‍ പരിചയപ്പെടുത്തണ്ടേ. ഒരു പത്ത് പേരെ കൊണ്ട് നിര്‍ത്തി അനില്‍ ആന്റണി ആരാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും മനസി ലാകില്ല. ഇത് ഞങ്ങളുടെ സ്ഥാനാര്‍ഥി അനില്‍ ആന്റണി ആണേയെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട ഒരു ഗതികേടുണ്ട്. അതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം…”

കണ്‍ട്രോള് പോയ പി.സി തന്റെ ഇച്ഛാഭംഗം മറച്ചുവെച്ചില്ല…”ഞാന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി വരരുത് എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാറുമാണ്. അവരുടെ ആഗ്രഹം സാധിക്കട്ടെ. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാമോ എന്ന് ആരെയും ഫോണ്‍ വിളിച്ച് ചോദിച്ചിട്ടില്ല…” പി.സി തുടര്‍ന്നു.

”മണ്ഡലത്തിലെ എന്‍.ഡി.എ നേതാക്കള്‍ തന്നെ ഞാന്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആഗ്രഹിച്ചു. അവര്‍ ബി.ജെ.പി നേതൃത്വത്തോട് പി.സി ജോര്‍ജ് ആയിരിക്കണം സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ എനിക്കും തോന്നി സ്ഥാനാര്‍ത്ഥി ആയാലെന്താ എന്ന്. അത് പ്രകാരം ചില നീക്കങ്ങള്‍ നടത്തി. പെന്തക്കോസ്ത്, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നു. അവരോട് നീതി ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ദുഖമേ ഉളളൂ…” കഷ്ടം വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ.

പി.സി എന്തുകൊണ്ട് തഴയപ്പെട്ടു എന്ന് ചോദിച്ചാല്‍ ”കൈയ്യിലിരുപ്പ്…” എന്നാണ് പലരും പറയുക. അതേ, സ്വയം കൃതാനര്‍ത്ഥം അല്ലെങ്കില്‍ അവനവന്‍ കുരുക്ക്. ഏഴുവര്‍ഷം പ്രായമുള്ള തന്റെ സ്വന്തം കേരള ജനപക്ഷം സെക്യൂലര്‍ പാര്‍ട്ടിയുമായാണ് മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തെത്തി നരേന്ദ്രമോദിക്ക് ജെയ് വിളിച്ച് പി.സി കാവിവല്‍ക്കരിക്കപ്പെട്ടത്.

ഐക്യ ജനാധിപത്യ മുന്നണിയുടെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെയും ഭാഗമായി രാഷ്ട്രീയം കളിച്ച പി.സി ജോര്‍ജ് ഈ മുന്നണികളിലൊന്നും പെടാതെ സ്വതന്ത്രനായി വേഷം കെട്ടിയാടി തിരഞ്ഞെടുപ്പ് വിജയം നേടിയ വ്യക്തിയുമാണ്. പി.സിക്ക് പലപ്പോഴും നാക്ക് ഉളുക്കാറുണ്ട്.

ഗുരുതരമായ സംസാര വിവാദങ്ങളില്‍ പെട്ട് പാര്‍ട്ടികളിലും മുന്നണികളിലും ലയിക്കുകയും അവിടെനിന്നെല്ലാം ഉടക്കിത്തെറിച്ച് മാറുകയുമൊക്കെ ചെയ്ത പി.സി ജോര്‍ജിനെ പോലെ സ്ഥിരം രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത വ്യക്തികളുടെ അവസാനത്തെ അത്താണിയാണോ, അതോ വഴിയമ്പലമോ സത്രമോ ആണോ ബി.ജെ.പി കൂടാരം എന്ന് ഇപ്പോള്‍ സംശയമുണ്ട്. പത്തനംതിട്ട സീറ്റ് കിട്ടാത്തതിന്റെ പേരില്‍ അദ്ദേഹം ചില കടുത്ത തീരുമാനങ്ങള്‍ എടുത്താല്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാലും നഷ്ടം പി.സിക്കു തന്നെ.

സാക്ഷാല്‍ കെ.എം മാണിയുടെ വിശ്വസ്ഥനായിരുന്നു ഒരുകാലത്ത് പി.സി ജോര്‍ജ്. പിന്നെ അദ്ദേഹത്തിന്റെ ബദ്ധവൈരിയായി. 1977-ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.ജെ ജോസഫിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്ന് ആ പാര്‍ട്ടിയുടെ ലീഡര്‍ സ്ഥാനം വഹിച്ചു. 2004 മെയ് 31 വരെ ജോസഫ് ഗ്രൂപ്പിലായിരുന്നു.

തുടര്‍ന്ന് ജോസഫിനെ തള്ളി കേരള കോണ്‍ഗ്രസ് (സെക്യുലര്‍) രൂപീകരിച്ചു. ആ സമയത്ത് പി.സി ജോര്‍ജ് ഇടതു മുന്നണിയിലായിരുന്നു. അതിനുശേഷം സെക്യുലര്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യു.ഡി.എഫിലെത്തി. 2016-ലെ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എല്ലാ മുന്നണികളെയും ഞെട്ടിച്ചു. 2017-ല്‍ അദ്ദേഹം കേരള ജനപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി.

1980, 1982 കാലത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായാണ് പൂഞ്ഞാറില്‍ നിന്ന് പി.സി നിയമസഭയിലെത്തിയത്. ജോസഫ് വിഭാഗത്തില്‍ നിന്നുകൊണ്ടു തന്നെ 1987ല്‍ മത്സരിച്ചെങ്കിലും സ്വന്തം മണ്ഡലം അദ്ദേഹത്തെ കൈവിട്ടു. ജെ.എന്‍.പിയുടെ (ജനതാ ദള്‍) എന്‍.എം ജോസഫാണ് പി.സിയെ അന്ന് പരാജയപ്പെടുത്തിയത്.

1996ലും 2001ലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും 2006ല്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ഥിയായും 2011ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ലേബലിലും പി.സി പൂഞ്ഞാറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ്കുട്ടി അഗസ്തിയെ പരാജയപ്പെടുത്തി. 2021ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ചെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കലിനോട് പരാജയപ്പെട്ടു. ഇതിനിടെ 2011-ലെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരില്‍ 2015 ഏപ്രില്‍ എട്ടു വരെ ക്യാബിനറ്റ് പദവിയോടു കൂടി നിയമസഭയില്‍ ചീഫ് വിപ്പായി പ്രവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച പി.സി ജോര്‍ജ് 1974ല്‍ കെ.എസ്.സിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബി.ജെ.പി അംഗത്വം സ്വീകരിച്ചപ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന് എന്തു റോളാണ് ലഭിക്കുകയെന്ന ചോദ്യമുയര്‍ന്നിരുന്നു. ഒരു റോളും കിട്ടിയില്ലെന്ന് മാത്രമല്ല, ആശിച്ച പത്തനംതിട്ട സീറ്റ് അനില്‍ കൊത്തിക്കൊണ്ട് പോവുകയും ചെയ്തു. ഇതില്‍ കൂടുതലായി ഇനി എന്ത് കിട്ടാന്‍…


Read Previous

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  ( AI )  അനന്തസാധ്യതകളെ ചർച്ച ചെയ്ത് ആര്‍ എസ് സി ടെക്സ്‌ലെന്‍സ് മീറ്റ്

Read Next

ശിഥിലാവസ്ഥയില്‍ നിന്നും ഉണര്‍വ്വ് പ്രാപിച്ച് ഇന്ത്യാസഖ്യം, എന്‍.ഡി.എ.ക്ക് ഭീഷണി ആകുമോ? കണക്കുകള്‍ ഫലിച്ചാല്‍ മോദി വിയര്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular