മാതാപിതാക്കള്‍ മകനെ തിരഞ്ഞു നടന്നത് 4മണിക്കൂര്‍;അപകടത്തിൽ മകൻ മരിച്ചതറിയാതെ


തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന മകൻ കൺമുന്നിൽനിന്നു കുറച്ചകലെ അപകടത്തിൽപ്പെട്ടതറിയാതെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂറോളം. കിഴക്കേക്കോട്ടയിൽ ഞായറാഴ്ച രാത്രി സ്വകാര്യ ബസിടിച്ച് മരിച്ച അഭിജിത്തിന്റെ അച്ഛനും അമ്മയുമാണ് അർധരാത്രിവരെ മകനെ തിരക്കിനടന്നത്. പാപ്പനംകോട് സത്യൻനഗർ കൊല്ലംകോണം മിസ്‌ഫയിൽ ബിനുവിന്റെയും വനജയുടെയും മകൻ അഭിജിത്ത് (26) ആണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ ദാരുണമായി മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ബിനുവും കുടുംബവും തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റ് കണ്ട് കാറിൽ മടങ്ങിവരുന്ന വഴിയിൽ കിഴക്കേക്കോട്ടയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറി. റസ്റ്ററന്റിൽ തിരക്കായതിനാൽ ഭക്ഷണം കഴിക്കാതെ അവിടെ നിന്നിറങ്ങി കാർ നിർത്തിയിട്ട സ്ഥലത്തേക്ക് ബിനുവും ഭാര്യയും പിന്നാലെ അഭിജിത്തും നടന്നു. ബിനുവും വനജയും കാറിന്റെ അടുത്തെത്തിയിട്ടും അഭിജിത്തിനെ കാണാത്തതിനാൽ ഇവർ പരിഭ്രാന്തരായി തിരക്കാൻ തുടങ്ങി. മകനെ കണ്ടെത്താത്തതിനാൽ ബിനു ബന്ധുക്കളെ വിവരം അറിയിക്കുകയും ഫോർട്ട് പോലീസിൽ പരാതി നൽകുകയും ചെയ്തു. അപ്പോഴും സമീപത്തുനടന്ന അപകടം ബിനു അറിഞ്ഞിരുന്നില്ല.

അഭിജിത്തിനെ ഒരിടത്തും കാണാത്തതിനാൽ ഇവർ രാത്രി പന്ത്രണ്ടുമണിയോടെ വീട്ടിലേക്കു പോയി. പഴവങ്ങാടി ക്ഷേത്രത്തിനു സമീപമുള്ള നോർത്ത് ബസ് സ്റ്റോപ്പിലേക്ക് സിഗ്നൽ തെറ്റിച്ച് യു ടേൺ എടുത്ത സ്വകാര്യ ബസിടിച്ച് മരിച്ചത് അഭിജിത്ത് ആണെന്ന് തിരിച്ചറിഞ്ഞ ഫോർട്ട് പോലീസ് വിവരം തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ അറിയിച്ചപ്പോഴാണ് മകൻ നഷ്ടപ്പെട്ട വിവരം ബിനുവും വനജയും അറിഞ്ഞത്.

അപകടമുണ്ടായയുടൻ ബസിൽനിന്നിറങ്ങി ഓടിയ ഡ്രൈവർ സന്തോഷിനെ പിന്നീട് ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു. മരിച്ച അഭിജിത്ത് ഫിസിയോ തെറാപ്പി കോഴ്‌സ് കഴിഞ്ഞയാളാണ്. സഹോദരി അഭില ചെന്നൈയിൽ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്.


Read Previous

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ യുവാക്കള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്; കാലത്തിന്റെ മാറ്റമെന്ന് മുഖ്യമന്ത്രിയുടെ മറുപടി

Read Next

കീമോയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ മരുന്നുകൂട്ടുമായി ടാറ്റ ആശുപത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular