ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത പാർട്ടി, 9 വർഷത്തിനു ശേഷം നമുക്കു നൽകുന്നത് ഒരു പേരുമാറ്റം മാത്രം; എം.കെ.സ്റ്റാലിൻ


ന്യൂഡൽഹി: ഇന്ത്യയോ ഭാരതോ? ഭരണഘടനയിൽ രണ്ടും പറയുന്നുണ്ട് – ‘ഇന്ത്യ അതായത്, ഭാരത്’ എന്ന്. ഇംഗ്ലിഷിൽ ഇന്ത്യയെന്നും ഹിന്ദിയിൽ ഭാരത് എന്നും മറ്റു ഭാഷകളിൽ രണ്ടും ഉപയോഗിക്കാം എന്നാണ് പൊതുവേ കരുതിപ്പോരുന്നത്. നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഭരണഘടന നിർമാണസഭ ഈ നിലപാടിലെത്തിയത്.

സിന്ധു നദിയുടെ കരയ്ക്ക് ഇരുവശമുള്ള പ്രദേശം എന്ന നിലയിൽ സിന്ധുവെന്നും ഹിന്ദ് എന്നും ഇന്ദ് എന്നും ആദ്യം ഗ്രീക്കുകാരും പിന്നീട് പേർഷ്യക്കാരും അറബികളും ഹൂണന്മാരും വിളിച്ചിരുന്നു. അതിൽ നിന്നാണ് യൂറോപ്യൻ ഭാഷകളിൽ ഇൻഡീസും ഇന്ത്യയും രൂപം കൊണ്ടത്. 

സ്വാതന്ത്ര്യസമരകാലത്ത് ഭാരത്, ഇന്ത്യ, ഹിന്ദുസ്ഥാൻ, അൽ ഹിന്ദ് എന്നീ വാക്കുകൾ ഭാഷയ്ക്കു വഴങ്ങുന്നതനുസരിച്ച് ഉപയോഗിച്ചിരുന്നു. ഇതിൽ ഏതു പേര് രാഷ്ട്രത്തിന് നൽകണമെന്ന കാര്യത്തിൽ ചർച്ചകളും വിവാദങ്ങളുമുണ്ടായി. അൽ ഹിന്ദ് എന്നത് ഉർദുവിൽ മാത്രം ഉപയോഗിച്ചിരുന്നതായതിനാൽ പൊതുവേ സ്വീകാര്യമായില്ല. ഹിന്ദുസ്ഥാനു വേണ്ടി ഹിന്ദുക്കളിലെയും മുസ്​ലിംകളിലെയും വലിയ വിഭാഗങ്ങൾ വാദിച്ചുവെന്നതാണ് രസകരം. ഹിന്ദുക്കളുടെ നാട് എന്ന അർഥത്തിലാണ് ഹിന്ദുത്വവാദികൾ അതിനെ കണ്ടതെങ്കിൽ, മുഗൾ ചക്രവർത്തിമാരുടെ കാലത്ത് പ്രചാരം ലഭിച്ച നാമമായാണ് മുസ്​ലിംകൾ അതിനെ കണ്ടത്. 

മുഗൾ–ബ്രിട്ടിഷ് കാലഘട്ടത്തിലാണ് ഹിന്ദുസ്ഥാൻ എന്ന വാക്ക് ഏതാണ്ട് ഔദ്യോഗികമായിത്തന്നെ ഉപയോഗിച്ചുതുടങ്ങിയത്. എന്നാൽ 18–ാം നൂറ്റാണ്ടിലെ സൈനിക–രാഷ്ട്രീയ രേഖകൾ പരിശോധിച്ചാൽ ഉത്തരേന്ത്യയെ ആണ് ഹിന്ദുസ്ഥാൻ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന് മനസ്സിലാകും. ദക്ഷിണം, ദക്ഷൺ, ദക്കൺ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചുവന്ന ഡെക്കൺ എന്ന വാക്കാണ് ദക്ഷിണേന്ത്യയ്ക്കായി ഭരണകൂടം ഉപയോഗിച്ചിരുന്നത്. ഉദാഹരണത്തിന് മറാഠകൾക്കെതിരെ വടക്കേ ഇന്ത്യയിൽ നിന്ന് ജെറൾഡ് ലേക്ക് നയിച്ച പടയെ ‘ആർമി ഓഫ് ഹിന്ദുസ്ഥാൻ’ എന്നും ദക്ഷിണേന്ത്യയിൽ നിന്ന് വെല്ലസ്​ലി നയിച്ച പടയെ ‘ആർമി ഓഫ് ദ് ഡെക്കൺ’ എന്നുമാണ് വിളിച്ചിരുന്നതെന്ന് കാണാം. ഏതായാലും ഹിന്ദുസ്ഥാൻ എന്ന വാക്ക് സ്വീകാര്യമാകാതിരിക്കാൻ ഈ വ്യത്യാസം തന്നെ കാരണങ്ങളിലൊന്നായി എന്നു കരുതാം. അതിനിടയിൽ ചില പ്രവിശ്യാ രാഷ്ട്രീയ സമിതികൾ ആ പേര് അവരുടേതായി ഉപയോഗിച്ചിരുന്നു താനും.

ഭാരത്, ഭാരതവർഷം എന്നീ വാക്കുകൾ പണ്ടുമുതലേ നിലനിന്നിരുന്നതാണെങ്കിലും പൗരാണികരേഖകളിൽ കണ്ടുതുടങ്ങിയത് ഒന്നാം നൂറ്റാണ്ടു മുതലാണ്. അതിനുമുമ്പ് ആര്യാവർത്തമെന്ന വാക്കാണ് മനുസ്മൃതിയിലും മറ്റും കാണുന്നത്. ഹിമാലയത്തിനും തെക്ക് മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശമായി വിഷ്ണുപുരാണത്തിലും മാർക്കണ്ഡേയ പുരാണത്തിലും ഭാരതത്തെ നിർവചിച്ചിട്ടുണ്ട്. 

ഭരണഘടന രൂപീകരണസമയമായപ്പോഴേക്കും ഹിന്ദുസ്ഥാൻ പൊതുവേ തിരസ്ക്കരിക്കപ്പെട്ടിരുന്നു. ഭാരതും ഇന്ത്യയും തമ്മിലായിരുന്നും മത്സരം.‘ഇന്ത്യ അതായത്, ഭാരത്’ എന്നതിനു പകരം ‘ഭാരത്, അതായത് ഇംഗ്ലിഷിൽ ഇന്ത്യ’ എന്നാക്കണമെന്ന് എച്ച്.വി.കാമത്ത് നിർദേശിച്ചു. ‘ഭാരത് അതായത്, ഇന്ത്യ’ എന്നാകാമെന്ന് കോൺഗ്രസ് നേതാവ് കമലാപതി ത്രിപാഠിയും. എന്നാൽ ഡോ. അംബേദ്കറും മറ്റും ‘ഇന്ത്യ അതായത്, ഭാരത്’ എന്നതിൽ ഉറച്ചു നിന്നു. നാട് ഏതെന്ന് ചോദിച്ചാൽ ഇന്ത്യ അതായത് ഭാരത് എന്ന് ഉത്തരം നൽകുമോ എന്ന് സഭയിൽ ചില അംഗങ്ങൾ അംബേദ്കറെ പരിഹസിക്കുകവരെ ചെയ്തു. 

ഇതൊക്കെയാണെങ്കിലും ഇന്ത്യയും ഭാരതും വ്യത്യസ്തമാണെന്ന വാദഗതിയും നിലവിലുണ്ട്. ഭാരതെന്നത് ദേശത്തിന്റെ ഉദാത്ത സംസ്കാരത്തെ പ്രതിനിധാനം ചെയ്യുമ്പോൾ ഇന്ത്യ എന്നത് ആധുനികതയുടെ കളങ്കം പേറുന്ന പദമാണെന്നും കരുതുന്നവരുണ്ട്. ഡൽഹിയിൽ 2012ൽ നാടിന്റെ മനസ്സാക്ഷിയെ നടുക്കിയ പീഡനക്കൊലപാതകം ഉണ്ടായ സമയത്ത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞത് ഇങ്ങനെയായിരുന്നു – ‘ഇത്തരം കുറ്റങ്ങൾ ഭാരതത്തിൽ നടക്കാറില്ല, ഇന്ത്യയിൽ വളരെയധികം നടക്കുന്നു’.

2004ൽ ഉത്തർപ്രദേശ് നിയമസഭ പാസാക്കിയ പ്രമേയത്തിൽ ഭരണഘടനയിൽ ഭാരതെന്ന പേര് ആദ്യവും ഇന്ത്യയെന്നതു രണ്ടാമതുമാക്കി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയിലെ ‘ഇന്ത്യ അതായത് ഭാരത്’ എന്നതു ‘ഭാരത് അതായത് ഇന്ത്യ’ എന്നു മാറ്റാനാണ് അന്നത്തെ മുഖ്യമന്ത്രി മുലായം സിങ് യാദവ് അവതരിപ്പിച്ച പ്രമേയം ശുപാർശ ചെയ്തത്. അന്നു പ്രതിപക്ഷമായിരുന്ന ബിജെപി പ്രമേയം പാസാക്കും മുൻപേ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

ന്യൂഡൽഹി∙ അക്ഷരത്തെറ്റുകളോടെ ഭരണഘടനയുടെ ആമുഖത്തിന്റെ ചിത്രം പങ്കുവച്ച കോൺഗ്രസിനെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പരിഹസിച്ചു. രാജ്യത്തിന്റെ പേര് ഭാരത് എന്നു മാത്രമാക്കാനുള്ള കേന്ദ്ര നീക്കത്തോടു പ്രതികരിക്കവേയാണ് ആമുഖത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ കോൺഗ്രസ് പങ്കുവച്ചത്. ഭരണഘടനയുടെ ആമുഖം പോലും അറിയാത്ത കോൺഗ്രസിൽനിന്നു മറ്റെന്തു പ്രതീക്ഷിക്കാനാണെന്നു നഡ്ഡ ചോദിച്ചു.

∙ ‘‘പ്രതിപക്ഷ നിരയിലെ ഐക്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ബിജെപി ഇന്ത്യ എന്ന ഒറ്റപ്പേരു കൊണ്ട് തന്നെ പരിഭ്രാന്തിയിലായി. ഇന്ത്യയെ മാറ്റുമെന്ന് വാഗ്ദാനം ചെയ്ത പാർട്ടി, 9 വർഷത്തിനു ശേഷം നമുക്കു നൽകുന്നത് ഒരു പേരുമാറ്റം മാത്രം.’’ – എം.കെ.സ്റ്റാലിൻ, തമിഴ്നാട് മുഖ്യമന്ത്രി

∙ ‘‘എന്റെ രാജ്യത്തിന്റെ പേര് ആദ്യമേ ‘ഭാരത്’ എന്നായിരുന്നു, ഇപ്പോഴും അങ്ങനെയാണ്, നാളെയും അതു തന്നെയായിരിക്കും. അതിൽ കോൺഗ്രസിന് എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല’’ – രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി


Read Previous

യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിന് മുകേഷ് നായർക്കെതിരെ എക്സൈസ് കേസ്

Read Next

കലിഫോർണിയയിലെ ദേശീയപാത, ഇന്ത്യൻ വംശജനായ ‘റോനിൽ സിങ്ങിന്‍റെ’ പേരിൽ അറിയപ്പെടും

Leave a Reply

Your email address will not be published. Required fields are marked *

Most Popular