രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കുറയും; പ്രധാന പാര്‍ട്‌സുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന പാര്‍ട്സുകളുടെ ഇറക്കുമതി തീരുവ 15 ല്‍ നിന്ന് 10 ശതമാനമായി വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ബാറ്ററി എന്‍ക്ലോസറുകള്‍, പ്രൈമറി ലെന്‍സുകള്‍, ബാക് കവറുകള്‍, സിം സോക്കറ്റ് തുടങ്ങി പ്ലാസ്റ്റിക്, മെറ്റല്‍ എന്നിവയുടെ കോമ്പിനേഷനില്‍ നിര്‍മ്മിച്ച വിവിധ മെക്കാനിക്കല്‍ ഘടകങ്ങളുടെ ഇംപോര്‍ട്ട് ഡ്യൂട്ടിയാണ് കുറച്ചത്.ഇന്നലെ പുറത്തുവന്ന സര്‍ക്കാര്‍ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ നീക്കം ഉല്‍പാദനത്തിലും കയറ്റുമതിയിലും സ്മാര്‍ട്ട്‌ഫോണ്‍ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ രാജ്യത്ത് ഫോണുകളുടെ വിലയും കുറയും. ഈ മാസം തുടക്കത്തില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രീമിയം ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ തീരുമാനം ആപ്പിള്‍ പോലുള്ള കമ്പനികളെ സഹായിക്കുമെന്നും മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഇന്ത്യയുടെ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണുകളുടെ ഉല്‍പാദനച്ചെലവ് കുറയ്ക്കുന്നതിനും ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഏകദേശം 12 ഘടകങ്ങളുടെ തീരുവ വെട്ടിക്കുറയ്ക്കണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ കമ്പനികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

അതേസമയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെതിരെ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) രംഗത്ത് വന്നു. നിലവിലെ താരിഫ് ഘടനയില്‍ മാറ്റം വരുത്തുന്നത് പ്രാദേശിക ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നിലവിലെ നിരക്കുകള്‍ നിലനിര്‍ത്തുന്നത് വ്യവസായ വളര്‍ച്ചയെ സന്തുലിതമാക്കുന്നതിനും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ദീര്‍ഘകാല വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണം ചെയ്യുമെന്ന് ജിടിആര്‍ഐ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട് ഫോണു കള്‍ക്ക് ഇന്ത്യന്‍ നിര്‍മാതാക്കള്‍ തീരുവ അടയ്ക്കണം. എന്നാല്‍ കയറ്റുമതിയെ അത്തരം തീരുവകളില്‍ നിന്ന് ഒഴിവാക്കണമെന്നും തിങ്ക് ടാങ്ക് പറയുന്നു.

അതേസമയം ഹാന്‍ഡ്സെറ്റുകളുടെ ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പി ക്കുന്നതിനും തദേശീയ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നതിനുമായി മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ (ഐസിഇഎ) ആവശ്യപ്പെട്ടു.


Read Previous

ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ ആക്രമണം; കല്ലേറില്‍ ചില്ല് തകര്‍ന്നു – വീഡിയോ

Read Next

പുതുപ്പള്ളിയിലെ പുതിയ വീട് കാണാന്‍ പാകിസ്ഥാന്‍കാരന്‍ തൈമൂര്‍ താരിഖ് എത്തി; സന്ദര്‍ശനം ആഘോഷമാക്കി ഭാര്യാ വീട്ടുകാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular