ബീഫ് കഴിച്ച വിദ്യാര്‍ഥിനിക്ക് മര്‍ദ്ദനം! പര്‍ദ്ദ കൊണ്ട് അധ്യാപകര്‍ ഷൂസ് തുടപ്പിച്ചെന്നും പരാതി, സംഭവം കോയമ്പത്തൂരില്‍


തമിഴ്‌നാട്ടില്‍ ബീഫ് കഴിച്ചതിന് അധ്യാപകര്‍ വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചതായി പരാതി. കോയമ്പത്തൂര്‍ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുടുംബമാണ് മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അധ്യാപികരായ അഭിനയയും രാജ്കുമാറും കുട്ടിയെ പീഡിപ്പിക്കുകയും ഷൂ പോളിഷ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു.

രണ്ട് മാസത്തോളമായി പീഡനം നടക്കുന്നുണ്ടെന്ന് കുട്ടിയുടെ കുടുംബത്തെ സഹായിച്ച സാമൂഹ്യപ്രവര്‍ത്തകനായ ഹുസൈന്‍ പറഞ്ഞു. ബീഫ് കഴിച്ചതിന്റെ പേരില്‍ അഭിനയയില്‍ നിന്ന് കടുത്ത പീഡനം ഏറ്റുവാങ്ങി. പരാതി നല്‍കിയിട്ടും പ്രധാനാധ്യാപകനും അഭിനയയും കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നു. പരാതി തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രധാനാധ്യാപകനെ നേരിട്ട് ചോദ്യം ചെയ്‌തെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

‘ഞങ്ങളുടെ ഇടപെടലിനെത്തുടര്‍ന്ന്, അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ലോക്കല്‍ പോലീസും സ്‌കൂള്‍ സന്ദര്‍ശിച്ച് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുനല്‍കി. എന്നിട്ടും പീഡനം തുടര്‍ന്നു. തന്നെ തല്ലിയെന്നും മറ്റുള്ളവരുടെ ഷൂസ് തന്റെ പര്‍ദ ഉപയോഗിച്ച് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചെന്നും കുട്ടി വെളിപ്പെടുത്തി. പിന്നാലെ കുട്ടിക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഭീഷണിപ്പെടുത്തി, ”ഹുസൈന്‍ പറഞ്ഞു. പരാതിയില്‍ ചീഫ് എജ്യുക്കേഷന്‍ ഓഫീസര്‍ അന്വേഷണം ആരംഭിച്ച് ഉചിതമായ നടപടി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈ മാസം കോയമ്പത്തൂരിലെ പിഎസ്‌ജി കോളേജ് ഓഫ് ടെക്‌നോളജിയിൽ ജൂനിയർ വിദ്യാർത്ഥിയെ മർദ്ദിക്കുകയും റാ​ഗ് ചെയ്യുകയും ചെയ്തതിന് ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. പിഎസ്‌ജി കോളേജ് ഓഫ് ടെക്‌നോളജിയിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുകയും ബലമായി തല മൊട്ടയടിക്കുകയും ചെയ്തത്.

“രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച അവർ അവനെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി, അവിടെവച്ച് മണിക്കൂറുകളോളം മർദ്ദിച്ചു“ ഇന്ത്യാ ടുഡേയോട് സംസാരിക്കവെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സീനിയർ വിദ്യാർത്ഥികൾ ബെൽറ്റ് ഉപയോഗിച്ചാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്നും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരയായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ ഏഴ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട ഏത് നിയമ നടപടികളോടും കോളേജ് മാനേജ്‌മെന്റ് പൂർണമായും സഹകരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.


Read Previous

കനയ്യ ലാലിന്റെ ഘാതകരെ തൂക്കിലേറ്റേണ്ട സമയം കഴിഞ്ഞു: അന്വേഷണം മന്ദഗതിയിൽ: വിമർശിച്ച് അശോക് ഗെലോട്ട്

Read Next

പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാക്കണം’: യുഎന്നില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular