ഈ നാട് ഇന്ത്യയായി തന്നെ നിലനിൽക്കണം, നടക്കുന്നത് വിലപ്പെട്ടതെല്ലാം തച്ചുടക്കാനുള്ള നീചശ്രമം’: വിഡി സതീശൻ


തിരുവനന്തപുരം: ഇന്ത്യ എന്നപേര് മാറ്റി ഭാരതം എന്നാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ രം​ഗത്ത്. ‘ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല എന്നാണ് വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. രാജ്യത്തിൻ്റെ പേരുമാറ്റത്തിലൂടെ വിലപ്പെട്ടതെല്ലാം  മാറ്റിമറിക്കാനും പ്രിയപ്പെട്ടതെല്ലാം തച്ചുടക്കാനുമുള്ള നീചവും യുക്തിരഹിതവുമായ ശ്രമമാണ് നടക്കുന്നത്. വിവിധ  കാലങ്ങളുടെ, ചരിത്രവഴികളി ലൂടെ സമ്മേളിച്ച് രൂപമെടുത്ത പേരാണ്  ഇന്ത്യ. ഈ നാട് ഇന്ത്യയായി തന്നെ നിലനിൽക്കണമെന്നും അദ്ദേഹം കുറിച്ചു. 

വിഡി സതീശന്റെ കുറിപ്പ് വായിക്കാം

ഇന്ത്യ’ എന്നതു പോലെ ഇമ്പവും സ്നേഹവും അഭിമാനവും ഒഴുകിച്ചേരുന്നൊരു പേര് മറ്റൊന്നില്ല. സിന്ധു തടങ്ങളിൽ വസിക്കുന്നവർ സൈന്ധവർ, അവർ ഹിന്ദു ആയി അവർ വസിച്ച ഇടം ഹിന്ദുസ്ഥാനും ഇന്ത്യയുമായി. ഗ്രീക്കുകാർ മുതൽ ഈ മണ്ണിലേക്ക് ഒടുവിലെത്തിയ ബ്രിട്ടീഷുകാർ വരെ നമ്മുടെ സംസ്കൃതിയെ രൂപപ്പെടുത്തി, ഭാഷയെ സമ്പുഷ്ടമാക്കി.
സങ്കലനത്തിൻ്റെ, മഹാ സംസ്കൃതിയുടെ പേരാണ് ഇന്ത്യ. ഓരോ ഇന്ത്യൻ പൗരൻ്റെയും ഇന്ത്യയെ സ്നേഹിക്കുന്നവരുടെയും ആത്മാവിൽ ആലേഖനം ചെയ്യപ്പെട്ട പേരാണ് ഇന്ത്യ. ആസേതു ഹിമാചലം വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവ ളുമായ മഹാമാതൃ രൂപമാണ് ഇന്ത്യ. ആധുനിക ഇന്ത്യ എന്തെല്ലാം ചരിത്ര സന്ധികളി ലൂടെ കടന്നു പോയി… ആരെല്ലാം ഈ നാടിനായി പൊരുതി മരിച്ചു… എത്രയെത്ര കോടി ജനങ്ങൾ ഈ നാടിനായി അക്ഷീണം പ്രയത്നിച്ചു.

ഇന്ത്യ എന്ന മഹാ സങ്കൽപ്പത്തെ നാം ഒരോരുത്തരും അഗാധമായും ആത്മാർഥമായും സ്നേഹിച്ചു. രാജ്യത്തിൻ്റെ പേരുമാറ്റത്തിലൂടെ വിലപ്പെട്ടതെല്ലാം മാറ്റിമറിക്കാനും പ്രിയപ്പെട്ടതെല്ലാം തച്ചുടക്കാനുമുള്ള നീചവും യുക്തിരഹിതവുമായ ശ്രമമാണ് നടക്കുന്നത്.

RSS എന്ന സംഘടനയുടെ മതാധിഷ്ഠിത രാഷ്ട്രീയ ഗൂഢാലോചനയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിലൂടെ പുറത്തു വരുന്നത്. വിവിധ കാലങ്ങളുടെ, ചരിത്രവഴി കളിലൂടെ സമ്മേളിച്ച് രൂപമെടുത്ത പേരാണ് ഇന്ത്യ. അത് ഒരു സംസ്ക്കാരമാണ്… ഓർമ്മകളും ഭാവിയുടെ സ്വപ്നങ്ങളുമാണ്… ഈ നാട് ഇന്ത്യയായി തന്നെ നിലനിൽ ക്കണം. മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ഗാന്ധി ഘാതകരുടെ കാൽക്കൽ അടിയറ വയ്ക്കാനുള്ളതല്ല സിന്ധുവിൻ്റെ സംസ്കൃതിയിലൂടെ പരന്നൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ പാദം ചേർക്കുന്ന ഈ മണ്ണ്. ഉറപ്പിച്ച് തന്നെ പറയാം; എൻ്റെ നാടിൻ്റെ പേര് ഇന്ത്യ, ഞങ്ങൾ ഇന്ത്യക്കാർ.


Read Previous

ഇമാമുള്‍ ഹഖും റിസ് വാനും ചേര്‍ന്നു നയിച്ചു; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ ജയം

Read Next

നേതാജിയുടെ ആശയങ്ങള്‍ കൊണ്ടുപോകുന്നതില്‍ ബിജെപി പരാജയപ്പെട്ടു | എനിക്ക് തുടര്‍ന്നു പോകാന്‍ കഴിയില്ല’; സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ ബിജെപി വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular