2030 ഓടെ പ്രതിവര്‍ഷം മൂന്നു കോടി ഉംറ വിസ നല്‍കും, മദീന പള്ളിയില്‍ ഒരു ദിവസം ഉപയോഗിക്കുന്നത് 30 ടണ്‍ പെര്‍ഫ്യൂം; തീര്‍ത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ശേഖരിക്കും


മദീന: ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമായ മദീന മസ്ജിദുന്നബവിയില്‍ പ്രതിദിനം ഉപയോഗിക്കുന്നത് 30 മെട്രിക് ടണ്‍ (30,000 ലിറ്റര്‍) സുഗന്ധദ്രവ്യം. നിസ്‌കാരത്തിനുള്ള പരവതാനികള്‍ വൃത്തിയാക്കാന്‍ 115 മെട്രിക് ടണ്‍ അണുനാശിനിയും ഓരോ ദിവസവും ചെലവുവരുന്നതായി ഇരുഹറം പരിപാലന അതോറിറ്റി ഉപ മേധാവി ഫൗസി അല്‍ ഹുജൈലി പറഞ്ഞു.

ഇതിനു പുറമേ നിലം വൃത്തിയാക്കാന്‍ ഓരോ ദിവസവും 110 മെട്രിക് ടണ്‍ അണു നാശിനി ലായനിയാണ് ഉപയോഗിച്ചുവരുന്നത്. സൗദി വാര്‍ത്താ ചാനലായ അല്‍ ഇഖ്ബാരിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫൗസി അല്‍ ഹുജൈലി മദീന മസ്ജിദുന്നബവിയുടെ ദൈംദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

നിലം കഴുകാനും മറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ 600നു മുകളില്‍ വരും. നന്നായി പരിശീലനം ലഭിച്ച തൊഴിലാളികളാണ് ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കഴിഞ്ഞ ഡിസംബറിലെ കണക്കനുസരിച്ച് ഓരോ ആഴ്ചയും 52 ലക്ഷം തീര്‍ത്ഥാടക രാണ് മദീന സന്ദര്‍ശിക്കുന്നത്. ഇത്തവണത്തെ ഉംറ സീസണ്‍ ആരംഭിച്ച് ആറു മാസം പിന്നിടുകയാണ്. വിദേശ തീര്‍ത്ഥാടകര്‍ക്കായി ഈ സീസണില്‍ ഒരു കോടി ഉംറ വിസ നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തുന്ന തീര്‍ത്ഥാടകരെല്ലാം മദീനയിലെത്തി പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ അന്ത്യവിശ്രമ സ്ഥലമായ റൗദ ശരീഫ് സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്.

മൊബൈല്‍ ഫോണ്‍ വഴി തീര്‍ഥാടകരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതി സൗദി അറേബ്യ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒമ്പതു രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വിവരങ്ങളാണ് തുടക്കത്തില്‍ ശേഖരിക്കുന്നത്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടപ്പാക്കുന്നതെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത് പറഞ്ഞു.

മൊബൈല്‍ ഫോണിലെ ആപ് തുറന്നാലുടന്‍ വിരലുകള്‍ സ്‌ക്രീനില്‍ വെച്ചാല്‍ വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സ്ഥിരീകരിക്കും. ഇതിനു ശേഷം വിസ ഇഷ്യൂ ചെയ്യാന്‍ സാധിക്കും. 2030 ഓടെ പ്രതിവര്‍ഷം മൂന്നു കോടി വിദേശ ഉംറ തീര്‍ഥാടകരെയാണ് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിദേശങ്ങളിലെ സൗദി എംബസികള്‍ സന്ദര്‍ശിക്കാതെ ഓണ്‍ലൈന്‍ ആയി ഹജ്ജ് വിസ ലഭിക്കുന്ന കെഎസ്എ വിസ പ്ലാറ്റ്ഫോം കഴിഞ്ഞ ഡിസംബറില്‍ സൗദി ആരംഭിച്ചിരുന്നു. ഹജ് സീസണ്‍ ആരംഭിക്കുന്നതിനു മുമ്പായി പുണ്യസ്ഥലങ്ങളിലെ 1,60,000 ലേറെ തമ്പുകള്‍, 90,000 ലേറെ ടോയ്ലറ്റുകള്‍ തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കുന്ന ജോലി മക്ക നഗരസഭ ആരംഭിച്ചതായി മക്ക മേയര്‍ മുസാഅദ് അല്‍ദാവൂദ് പറഞ്ഞു. ഹജ്ജ് സീസണില്‍ മാത്രമാണ് ഇവിടെ സന്ദര്‍ശകരെ ത്തുന്നത്. വര്‍ഷം മുഴുവന്‍ താമസക്കാരില്ലാത്ത ഇത്തരം പുണ്യസ്ഥലങ്ങളില്‍ തെരുവ് മൃഗങ്ങളെയും കീടങ്ങളെയും ചെറുക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.


Read Previous

ഈ വർഷത്തെ ശെെത്യകാലത്ത് കൂടുതൽ മഴ ലഭിക്കാൻ സാധ്യത; മുന്നറിയിപ്പുമായി സൗദി ദേശീയ കാലാവസ്ഥ കേന്ദ്രം

Read Next

ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular