ഉലകനായകൻ കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ.


ഉലകനായകൻ എന്ന കമൽഹാസന് ഇന്ന് 69-ാം പിറന്നാൾ. എന്തുകൊണ്ട് കമൽഹാസൻ ഉലകനായകനെന്ന് വിളിക്കപ്പെടുന്നു? സിനിമയെ ഉലകോളം സ്നേഹിച്ച, ഉലകിൽ വംശനാശമില്ലാതെ അവശേഷിക്കേണ്ട മഹത്തായ ഒന്നാണ് സിനിമയെന്ന് വിശ്വസിച്ച കലാകാരന് ചാർത്തിക്കൊടുക്കാൻ ഉലകനായകൻ എന്നതിലുപരി ഒരു പദമുണ്ടോയെന്ന് സംശയം.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം സ്കൂൾ തമിഴ്നാട്ടിൽ പണിതുയർത്തുകയെന്ന സ്വപ്നം മനസിൽ പേറി നടന്ന വ്യക്തി. തമിഴന്, അതിലുപരി ഇന്ത്യൻ പൗരന് അത്തര മൊരു പെരുമയ്ക്ക് അവകാശമുണ്ടെന്നും അദ്ദേഹം വിശ്വസിച്ചു. അയൽരാജ്യങ്ങളെ അപേക്ഷിച്ച് ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കപ്പെടുന്നത് ഇന്ത്യയി ലാണെങ്കിൽ, താരതമ്യേന ഇം​ഗ്ലിഷ് സാക്ഷരതയിൽ നമ്മൾ മുന്നിലാണെങ്കിൽ, ഞൊടിയിടയിൽ ‘ഇന്റർനാഷണൽ’ ആവാൻ പ്രാപ്തിയുള്ളവരാണ് തങ്ങളെന്ന് അദ്ദേഹം ഉറച്ചുപറഞ്ഞു. അതൊരു സിനിമാപ്രേമിയുടെ ആണയിടലാണ്. ആറ് ദശകത്തിന് മേലെയായി സിനിമയെ അടുത്തറിഞ്ഞതിന്റെ ഉൾബലമാണ്. താങ്കളുടെ ഉള്ളിലെ പ്രതിഭ സംതൃപ്തിപ്പെടുന്നത് എന്തിലെന്ന ചോദ്യമുയർത്തുമ്പോൾ ഭരദ്വാജ് രംഗൻ ഒരിക്കലും ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചു കാണില്ല. അവിടെയാണ് കമൽ ഹാസൻ എന്ന വ്യക്തി നടനപ്പുറം നമുക്കൊപ്പമുള്ളൊരു സാമൂഹ്യജീവിയാണെന്ന തോന്നൽ ജനിപ്പിക്കുന്നത്.

തമിഴ്നാട്ടിൽ ഫിലിം സ്കൂളെന്ന സ്വപ്നം അദ്ദേഹത്തിന്റെ ജീവിതത്തിലെ എത്രാമത്തെ ആ​ഗ്രഹമായിരിക്കും? എത്രാമത്തെ ആയാലും സിനിമയുമായി ബന്ധപ്പെട്ട ആദ്യസ്വപ്നം അഭിനയം തന്നെയായിരുന്നു, അതും നന്നേ ചെറുപ്പത്തിൽ. ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിർമാണക്കമ്പനികളിൽ ഒന്നായിരുന്ന മെയ്യപ്പ ചെട്ടിയാരുടെ ഉടമസ്ഥതയിലുളള എ വി എം സിനിമാ കമ്പനി ഒരു പടം പിടിക്കാൻ തീരുമാനിച്ചു. മക്കളായ ശരവണൻ, കുമാരൻ, മുരുകൻ എന്നിവരുടെ ആലോചനയിൽ പിറന്ന ആശയം. Nobody Child എന്ന ചൈനീസ് ചിത്രത്തിൽനിന്ന് കടമെടുത്ത ആശയവുമായി ഒരു സിനിമ. ജമിനി ഗണേശനും സാവിത്രിയും നായകനും നായികയുമായി. അന്ന് സിനിമാവിപണിയിൽ ഏറ്റവും താരമൂല്യമുളള ബാലതാരം ഡെയ്സി ഇറാനിയെ ജമിനിയുടെ മകന്റെ വേഷത്തിനായി തീരുമാനിക്കുകയും ചെയ്തു. ‌

അപ്രതീക്ഷിതമായിട്ടായിരുന്നു ചെട്ടിയാരുടെ കുടുംബ ഡോക്ടർ സാറാ രാമചന്ദ്രൻ ഒരു കൊച്ചു പയ്യനെയും കൊണ്ട് വീട്ടിലേക്ക് വന്നത്. അവന്റെ ആ​ഗ്രഹം സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു. ഡോക്ടർ ഈ കാര്യം ചെട്ടിയാരോട് പറയാൻ ലേശം വൈകിയതിൽ അവന്റെ മുഖം കറുത്തത് ചെട്ടിയാർ ശ്രദ്ധിച്ചു. കയ്യിലിരുന്ന വെളിച്ചം മുഖത്തേക്ക് നീക്കി ചെട്ടിയാർ പറഞ്ഞു, അത്രയ്ക്ക് കൊതിയെങ്കിൽ നീ ഒന്ന് അഭിനയിച്ച് കാണിച്ചേ, അന്നത്തെ പ്രകടനത്തിലൂടെ ആ പയ്യന് മുന്നിൽ തുറന്നത് ലോകസിനിമയിലേക്കുളള കവാടമായിരുന്നു.

അങ്ങനെ 1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പം എ വി എമ്മിന്റെ ‘കളത്തൂർ കണ്ണമ്മ’യിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്രരംഗത്ത് എത്തി. അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരവും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ ‘കണ്ണും കരളും’ എന്ന മലയാള ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബാലതാരമായി അഭിനയിച്ചു. ചെന്നൈ സാന്തോമിലെ കോൺവെന്റ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന കമലഹാസന്റെ സിനിമാ വരവ് തികച്ചും യാദൃച്ഛികമെന്ന് പറയുമ്പോഴും അന്നേ അതാ ബാലന്റെ സ്വപ്നമായിരുന്നുവെന്ന് വേണം മനസിലാക്കാൻ. 1963-നുശേഷം പഠനത്തിനായി കമൽ സിനിമയിൽനിന്ന് വിട്ടുനിന്നു. ഇടയിൽ ഭാ​ഗമായ ടി കെ ഷൺമുഖത്തിന്റെ ടി കെ എസ് നാടകസഭയിലെ അനുഭവങ്ങളായിരുന്നു പിന്നീടുളള കാലം കമലഹാസനിലെ നടനെ രൂപപ്പെടുത്തിയത്.

ശേഷം 1970ൽ തിരിച്ചുവരവ്. അഭിനയത്തിനുപുറമെ സിനിമയുടെ സാങ്കേതികവ ശങ്ങളും പഠിച്ചുകൊണ്ടുളള രണ്ടാം വരവ്. ‘മാനവൻ’, ‘പരുവകാലം’, ‘ഗുമസ്താവിൻ മകൻ’ എന്ന സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. കെ. ബാലചന്ദറിന്റെ ‘നാൻ അവനില്ലെ’ എന്ന ചിത്രത്തിൽ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് ‘കന്യാകുമാരി’, ‘വിഷ്ണുവിജയം’ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിക്കുന്നത്. ഇടയിൽ സഹസംവിധായകനായിരുന്ന ‘അണ്ണൈ വേളാങ്കണ്ണി’ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം അദ്ദേഹം ചെയ്യുകയുണ്ടായി. 1973-ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത ‘അരങ്ങേറ്റം’ എന്ന ചിത്രം അഭിനയവഴിയിൽ പ്രശംസയ്ക്ക് കാരണമായി. അങ്ങനെ തുടങ്ങിയ അഭിനയ ജീവിതം 70കളിൽ തന്നെ മലയാളത്തിലേക്കും തമിഴിലേക്കും തെലുങ്കിലേക്കും, 78ന് ശേഷം തെലുങ്കിലും കന്നടയിലേക്കും 80കളുടെ തുടക്കത്തിൽ ഹിന്ദിയിലേക്കും വ്യാപിച്ചു. കമൽ ഹാസൻ എന്ന നടന്റെ ജീവിതത്തിൽ പിന്നീടുണ്ടായതെല്ലാം ഇന്ത്യൻ സിനിമയുടെയും ചരിത്രം.

അഭിനയം കൂടാതെ സിനിമയുടെ പല മേഖലകളിലും കമൽഹാസൻ കൈവച്ചു. ‘രാജ പാർവൈ’, ‘അപൂർവ സഹോദരങ്ങൾ’, ‘മൈക്കിൾ മദന കാമരാജൻ’, ‘തേവർ മകൻ’, ‘മഹാനദി’, ‘ഹേറാം’, ‘ആളവന്താൻ’, ‘അൻപേ ശിവം’, ‘നള ദമയന്തി’, ‘വിരുമാണ്ടി’, ‘ദശാവതാരം’, ‘മൻമദൻ അമ്പ്’ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയൊരുക്കി. രാജ്‌കമൽ ഇന്റർനാഷണൽ എന്ന പേരിൽ സിനിമാ നിർമ്മാണ കമ്പനിയും സ്വന്തമായി സ്ഥാപിച്ചു. സംവിധാനവും ഇഷ്ട ഇടം. ‘ഹേ റാം’ ഒരു വിജയമായിരുന്നെങ്കിൽ താൻ മുഴുവൻ സമയ സംവിധാനത്തിലേക്കു തിരിഞ്ഞേനേയെന്ന് കമൽഹാസൻ ഒരിക്കൽ പറഞ്ഞതായി അറിവുണ്ട്. തന്റെ ചില ചിത്രങ്ങൾക്ക് വേണ്ടി ഗാനരചനയും നിർവഹിച്ചിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങൾ പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുമുണ്ട്. ഇന്ത്യൻ സിനിമയുടെ അഭിമാനവും അഹങ്കാരവുമായ സകല കലാ വല്ലഭന് പിറന്നാൾ ആശംസ നേർന്നുകൊണ്ടുതന്നെ ആ വിജയയാത്ര ഓർമിക്കാം.


Read Previous

വെടിക്കെട്ട് നിരോധനം രാത്രി 10 മുതല്‍ ആറു വരെ; ആചാരം അനുസരിച്ച് ഇളവാകാം; വ്യക്തത വരുത്തി ഹൈക്കോടതി

Read Next

‘എന്റെ ജീവതത്തിലെ എല്ലാ പ്രചോദനങ്ങള്‍ക്കും പിന്നില്‍ പപ്പ; ‘പപ്പയാണ് യഥാർഥ റോക്ക്‌സ്റ്റാര്‍’; ജന്മദിനത്തില്‍ കമല്‍ഹാസനൊപ്പ മുള്ള നിമിഷങ്ങള്‍ റീല്‍സാക്കി ആശംസ നേര്‍ന്ന് ശ്രുതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular