90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് ഓടില്ല, 160 കിമി വേഗത്തില്‍ ഓടുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് എന്ത് പ്രയോജനം´: മെട്രോമാൻ്റെ വാക്കുകൾ ചർച്ചയാകുന്നു, കേരള സർക്കാരിൻ്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്രമോദി സർക്കാരിൻ്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി, അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കു മെന്ന്: സിപിഎം


വന്ദേഭാരത് ട്രെയിനുകൾ സംസ്ഥാനത്ത് എത്തിയത് വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി ട്രെയിനുകൾ കേരളത്തെ തേടി എത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു മുന്നോടിയായാണ് സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചതായി വാർത്തകൾ പുറത്തുവന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നതും.

വന്ദേ ഭാരത് ട്രെയിനിൻ്റെ വരവോടെ കേരളത്തിലെ ഭരണമുന്നണി ഭരണത്തിന് നേതൃത്വം വഹിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിൽ പ്രചരണ യുദ്ധങ്ങളും ആരംഭിച്ചു കഴിഞ്ഞു. അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കുമെന്നാണ് സിപിഎം വാദിക്കുന്നത്. അതേസമയം കേരള സർക്കാരിൻ്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്രമോദി സർക്കാരിൻ്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി വാദിക്കുന്നു. വന്ദേ ഭാരത് ട്രെയിനുകൾക്ക് വലിയ രീതിയിൽ പ്രചാരം നൽകുവാനാണ് ബിജെപി തീരുമാനം. അതുകൊണ്ടു കൂടിയാണ് കഴിഞ്ഞദിവസം ട്രെയിനുകൾ കേരളത്തിൽ എത്തിയപ്പോൾ അത് നിർത്തിയ സ്റ്റേഷനുകളിൽ ബിജെപി സ്വീകരണങ്ങൾ നൽകിയതും.

അതേസമയം ആഴ്ചകൾക്കു മുൻപ് വന്ദേ ഭാരത് ട്രെയിനിനെ സംബന്ധിച്ച് മെട്രോമാൻ ഇ ശ്രീധരൻ്റെ അഭിപ്രായങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ച ചെയ്യപ്പെടു കയാണ്. കേരളത്തില്‍ വന്ദേഭാരത് ട്രെയിനിൻ്റെ പ്രായോഗികത സംബന്ധിച്ചാണ് ഇ ശ്രീധരൻ അഭിപ്രായം പറഞ്ഞത്. വന്ദേഭാരത് കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ല എന്ന വാദമാണ് ഇ ശ്രീധരൻ ഉയർത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ ഓടിക്കാന്‍ ക‍ഴിയുമെങ്കിലും ഗുണമുണ്ടാകില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായ പ്പെട്ടത്. കേരളത്തിലുള്ള ട്രാക്കുക‍ള്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ അനുയോജ്യ മല്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

“നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നത്. എന്നാൽ പരമാവധിയില്‍ നിന്ന് 10 കിലോമീറ്റർ വേഗത കുറച്ചെ ഈ ട്രാക്കുകളിലൂടെ ട്രെയിനുകൾ ഓടിക്കാന്‍ ക‍ഴിയു. അതായത് 90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് അടക്കുമള്ള ഒരു ട്രെയിനിനും കേരളത്തില്‍ ഓടാന്‍ ക‍ഴിയില്ല. അപ്പോള്‍ 160 കിമി വേഗത്തില്‍ ഓടാന്‍ ക‍ഴിയുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ല´´- ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു.

വന്ദേഭാരത് കൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും പ്രചാരണവും മേനിനടിക്കലും മാത്രമെ ഈ നീക്കം കൊണ്ട് പ്രാവർത്തികമാവുകയുള്ളൂ എന്നും മെട്രോമാൻ ചൂണ്ടിക്കാട്ടിരുന്നു. വന്ദേ ഭാരത് ട്രെയിൻ ബിജെപിയുടെ നേട്ടമായി കേരളത്തിലെ ബിജെപി ഘടകം ഉയർത്തിക്കാട്ടുമ്പോൾ കഴിഞ്ഞതവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെട്രോ മാൻ്റെ വാക്കുകൾ പരക്കെ ചർച്ച ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിൻ്റെ വാക്കുകളെ ബിജെപി ആക്രമിക്കുവാനുള്ള ആയുധമാക്കിയും പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്.


Read Previous

കേളി കേന്ദ്ര കമ്മറ്റിയും ബത്ഹ ഏരിയയും സംയുക്തമായി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു

Read Next

വിവാഹിതയെ പ്രേമിച്ചത് സജാദ്, ശ്രീജിത്തിനൊപ്പം ചേർന്ന് കൂട്ട ബലാത്സംഗം, ലെെംഗികബന്ധത്തിന് വീട് നൽകിയ അഭയനും പീഡിപ്പിച്ചു, വിവരം പുറത്തു പറയാതിരിക്കാൻ തനിക്കും വഴങ്ങണമെന്ന് യുവതിയുടെ അയൽക്കാരൻ: കേസായതിനു പിന്നാലെ അയൽക്കാരൻ ആത്മഹത്യ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular