വർക്കലയിൽ ഇനി ഫ്ലോട്ടിങ് ബ്രിഡ്ജും; തിരകൾക്ക് മുകളിലൂടെ നടക്കാം; 100 മീറ്റർ നീളത്തിൽ


തിരുവനന്തപുരം: തലസ്ഥാനത്തും ഇനി തിരകൾക്ക് മുകളിലൂടെ നടക്കാം. തിരുവനന്ത പുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വർക്കല തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിൻ്റെയും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെയും വ‍ർക്കല നഗരസഭയുടെയും സഹകരണത്തോടെ ഡിടിപിസി യാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് യാഥാർഥ്യമാക്കിയത്.

100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഫ്ലോട്ടിങ് ബ്രിഡ്ജിൻ്റെ അവസാനഭാഗത്ത് 11 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് കാഴ്ചകൾ കാണാനുള്ള പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം.

ആദ്യദിനം തന്നെ നിരവധി പേരാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ആസ്വദിക്കാൻ എത്തിയത്. ഫോട്ടിങ് ബ്രിഡ്ജ് അടിപൊളിയാണെന്ന് എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു. ഫ്ലോട്ടിങ് ബ്രിഡ്ജിനു പുറമേ, ബനാന ബോട്ട്, ജിസ്‌ക്കി സ്പീഡ് ബോട്ട് മുതലായ ബോട്ടുകളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

കേരളത്തിലെ എല്ലാ ബീച്ചുകളിലും സാഹസിക വിനോദങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതൊരു വലിയ മാറ്റമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാട്ടർ സ്പോർട്സിനായി പോകുന്നവർ ഭാവിയിൽ കേരളത്തിലേക്ക് വരുമെന്നും മന്ത്രി കൂട്ടിച്ചേ‍ർത്തു. വ‍ർക്കലയിലും ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നതോടെ സംസ്ഥാനത്തെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ എണ്ണം ഏഴായി.

തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ്. കേരളത്തിലെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ്. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും. അവസാനഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയും. സുരക്ഷയ്ക്കായി സുരക്ഷാ ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ, ലൈഫ് ഗാർഡുകൾ. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുമണിവരെ പ്രവേശനം. ഒരേസമയം 100 പേർക്ക് വരെ പ്രവേശിക്കാം. പാലം ഉറപ്പിച്ചിരിക്കുന്നത് 700 കിലോഗ്രാം ഭാരമുള്ള നങ്കൂരം ഉപയോഗിച്ച്. ബ്രിഡ്ജ് നിർമിച്ചത് 1400 ഓളം ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് ബ്ലോക്കുകൾ ചേർത്ത്.


Read Previous

ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാ​കു​ന്ന സംഭവം വർധിക്കുന്നു; മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Read Next

കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular