കെജരിവാളിന്‍റെ പേഴ്‌സണൽ സെക്രട്ടറിയുടെ വസതിയിലടക്കം ഇ.ഡിയുടെ വ്യാപക റെയ്ഡ്


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി അടുത്ത വൃത്തങ്ങളെയും ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കെജ് രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍, എഎപി രാജ്യസഭാ എംപി എന്‍.ഡി. ഗുപ്ത, ഡല്‍ഹി മുന്‍ ജല്‍ ബോര്‍ഡ് അംഗം ശലഭ് കുമാര്‍ തുടങ്ങിയവരുടെ വസതികളിലടക്കം 12-ഓളം സ്ഥലങ്ങളിലാണ് ഇ.ഡിയുടെ റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രകാരമാണ് റെയ്‌ഡെന്നാണ് ഇ.ഡി.യുടെ വിശദീകരണം.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ പേടിക്കില്ലെന്നും ഡല്‍ഹി മന്ത്രിയും എഎപി വക്താവുമായ അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘മദ്യ കുംഭകോണത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി എഎപി നേതാക്കളെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഒരാളുടെ വീട് റെയ്ഡ് ചെയ്യുന്നു, ഒരാള്‍ക്ക് സമന്‍സ് ലഭിക്കുന്നു, ഒരാളെ അറസ്റ്റ് ചെയ്യുന്നു. രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിന് റെയ്ഡുകള്‍ക്ക് നടത്തിയ ഇ.ഡി. ഒരു രൂപ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല, തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതിയും അവരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍വഴി ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ബിജെപി ആഗ്രഹിക്കുന്നു, പക്ഷേ, എനിക്ക് അവരോട് പറയാന്‍ ഒന്നേയുള്ളൂ. ഞങ്ങള്‍ പേടിക്കില്ല’, അതിഷി പറഞ്ഞു.

ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ 30 കോടിയുടെ അനധികൃത കരാറുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ റെയ്‌ഡെന്നാണ് ഇ.ഡി.വ്യക്തമാക്കുന്നത്. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഹാജാരാകാനുള്ള ആവശ്യം കെജരിവാള്‍ ആവര്‍ത്തിച്ച് തള്ളിയ സാഹചര്യത്തില്‍ ഇ.ഡി. അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റെയ്ഡ്.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുന്നെന്ന എഎപി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കെജരിവാളിനും അതിഷിക്കും ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.


Read Previous

ഡോ. വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണമില്ല; പിതാവിന്‍റെ ഹര്‍ജി തള്ളി

Read Next

പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular