പ്രതിദിനം 45,000 ബാരല്‍ എണ്ണ: ഇന്ത്യയില്‍ പുതിയ ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി; ഊര്‍ജ്ജ മേഖലയില്‍ സുപ്രധാന ചുവടുവെപ്പ്


ബംഗളൂരു: രാജ്യത്ത് പുതിയ ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തി. കാക്കിനാഡ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ അകലെ കൃഷ്ണ-ഗോദാവരി തടത്തിലാണ് ക്രൂഡ് ഓയില്‍ നിക്ഷേപം കണ്ടെത്തിയത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. 2016-17 കാലത്താണ് കാക്കിനഡയില്‍ പര്യവേഷണം ആരംഭിച്ചത്. ഒഎന്‍ജിസിയാണ് പര്യവേഷണത്തിന് ചുക്കാന്‍ പിടിച്ചത്.

കോവിഡ് മഹാമാരി പദ്ധതിക്ക് കാലതാമസം വരുത്തിയിരുന്നു. അവിടെയുള്ള 26 എണ്ണ കിണറുകളില്‍ നാല് എണ്ണത്തില്‍ നിന്ന് ക്രൂഡ് ഓയില്‍ ഉല്‍പാദനം ആരംഭിച്ചതായി മന്ത്രി അറിയിച്ചു. പ്രകൃതി വാതകത്തിന് പുറമേ മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 45,000 ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

രാജ്യത്തിന്റെ ആകെ ക്രൂഡ് ഓയില്‍ ഉല്‍പാദനത്തിന്റെ ഏഴ് ശതമാനം വര്‍ധനവാണ് പുതിയ കണ്ടെത്തലിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയെ സംബന്ധിച്ച് പുതിയ നിക്ഷേപം വലിയൊരു ചുവടുവെയ്പ്പാണെന്ന് പ്രമുഖ ഊര്‍ജ്ജ വിദഗ്ധന്‍ നരേന്ദ്ര തനേജ പറഞ്ഞു. നിലവില്‍ 45,000 ബാരലിന്റ ഉല്‍പാദനമാണ് ഒഎന്‍ജിസി നടത്തുന്നത്. ഭാവിയില്‍ ഇത് 75,000 ബാരലാകും.

2024 ജൂണില്‍ ഉല്‍പാദനം പൂര്‍ണ്ണ തോതില്‍ എത്തും. ഇതിലൂടെ ഒഎന്‍ജിസിയുടെ ആകെ എണ്ണ, വാതക ഉല്‍പാദനം യഥാക്രമം 11 ശതമാനവും 15 ശതമാനവും വര്‍ധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.


Read Previous

ദക്ഷിണ കൊറിയന്‍ വിഭവങ്ങളില്‍ നിന്ന് പട്ടിയിറച്ചി ഔട്ട്; ബില്ല് പാസാക്കി പാര്‍ലമെന്റ്: ഇനി പട്ടിയിറച്ചി അകത്താക്കിയാല്‍ ‘അകത്താകും’

Read Next

ഇസ്രയേല്‍ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം, അല്‍ അറൂരിയുടെയും വിസം അല്‍ തവീലിന്റെയും ചോരയ്ക്കുള്ള തിരിച്ചടിയെന്ന് ഹിസ്ബുള്ള

Leave a Reply

Your email address will not be published. Required fields are marked *

Most Popular