കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം നിമിഷ പ്രിയയെ കാണാൻ അമ്മ യമനിലേക്ക്; സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി #NIMISHAPRIYAS MOTHER TO YEMEN


എറണാകുളം : വലിയ കാത്തിരിപ്പിനും നിയമ പോരാട്ടത്തിനും ശേഷം യമനിലേക്ക് പോകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നിമിഷ പ്രിയയയുടെ അമ്മ പ്രേമകുമാരി. യമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് നൽകാൻ അഭ്യർഥിക്കും. യമൻ എന്ന രാജ്യത്തിനോടും തൻ്റെ മകളുടെ മോചനത്തിനായി പ്രവർത്തിക്കുന്ന എല്ലാവരോടും ഒരുപാട് നന്ദിയും കടപ്പാടുമുണ്ടെന്ന് അവർ പറഞ്ഞു. തൻ്റെ മകൾക്ക് യമൻ പൗരൻ്റെ കുടുംബം മാപ്പുനൽകുമെന്നാണ് കരുതുന്നതെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേർക്കുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്‌ത, നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി നാളെ (ഏപ്രില്‍ 20) ആണ് യമനിലേക്ക് തിരിക്കുന്നത്. ശനിയാഴ്‌ച രാവിലെ അഞ്ചര മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നും മുബൈ വഴി ഒമാനിലേക്കും അവിടെ നിന്ന് യമനിലേക്കും പോകും. യമനിലെ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ തമിഴ്‌നാട് സ്വദേശി സമുവൽ ജെറോമും പ്രേമകുമാരിയുടെ ഒപ്പം യമനിലേക്ക് പോകും. സന്തോഷം കൊണ്ട് ഹൃദയം പൊട്ടുകയാണന്ന് പ്രേമകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു. പന്ത്രണ്ടു വർഷ ത്തിന് ശേഷമാണ് മകളെ നേരിൽ കാണാൻ പോകുന്നത്.

യമനിലേക്ക് പോകാൻ അനുവാദം നൽകണമെന്ന അമ്മയുടെയും നിമിഷ പ്രിയ സേവ് ഫോറത്തിന്‍റെയും അപേക്ഷ കേന്ദ്ര സർക്കാർ സുരക്ഷ കാരണത്താൻ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു മകളുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിച്ചും യമനിൽ പോകാൻ അനുമതി തേടിയും അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് നിയമപോരാട്ടത്തിലൂടെയായിരുന്നു സ്വന്തം നിലയിൽ യമനിലേക്ക് പോകാൻ നിമിഷയുടെ അമ്മയ്ക്കും സാമുവൽ ജെറോമിനും കോടതി അനുമതി നൽകിയത്. 2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്.

ജീവിതം തകിടം മറിച്ചത് ആ കൂട്ടുകച്ചവടം : വിവാഹ ശേഷം 2012ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യമനിൽ ജോലിക്കായി എത്തിയിരുന്നു. യമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്‌ണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണ മായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.

ഇതോടെയാണ് നിമിഷ യമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യമൻ വനിതയും രക്ഷപെട്ടത്.

എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ താലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും വെട്ടി മുറിച്ച നിലയിൽ ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊല പ്പെടുത്തിയിട്ടില്ലെന്ന് യമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.

ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ യമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്.

കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷ പ്രിയക്ക് കഴിയുകയുള്ളൂ. ഇതിനു വേണ്ടി യമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കാണാനാണ് യമനിലേക്ക് പോകുന്നത്. അതിനു കഴിഞ്ഞി ല്ലങ്കിൽ കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾക് നഷ്‌ടപരിഹാരമായി ദയാധനം നൽകി മോചിപ്പിക്കാനുള്ള ചർച്ചകളിലേക്കും കടക്കാനാണ് ആക്ഷൻ കമ്മറ്റി പ്രവർത്തകരുടെ തീരുമാനം.


Read Previous

പൂരാവേശത്തില്‍ തൃശൂര്‍; വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ചെറുപൂരങ്ങളുടെ വരവ്

Read Next

രജനിയും കമലും അജിത്തും, വോട്ട് രേഖപ്പെടുത്തി പ്രമുഖര്‍ ; ഒന്നാംഘട്ട പോളിങ് പുരോഗമിക്കുന്നു – Eminent Votes In LS Polls Phase

Leave a Reply

Your email address will not be published. Required fields are marked *

Most Popular