ഒരു കലാകാരന്‍ എപ്പോഴും കാണികളുടെ അടിമ’ ‘കഥകളി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ ഒളിച്ചോടി, അന്ന് രക്ഷയായത് ഒരു മുസ്ലീം ആണ്’


ഒരു കലാകാരന്‍ എപ്പോഴും പ്രേക്ഷകരുടെ അടിമയാണെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍. ഒരു കലാകാരന് പ്രേക്ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മനസ്സ് ഉണ്ടായിരിക്കണം. പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ഒരു കലാകാരനുണ്ട്. അതിന് സാധിക്കില്ലെന്ന് പറയാന്‍ കലാകാരന്മാര്‍ക്ക് അവകാശമില്ലെന്നും ഗോപി ആശാന്‍ പറഞ്ഞു.

നളചരിതത്തിലെ നളനാണ് തന്നെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്ര മെന്ന് ഗോപി ആശാന്‍ പറഞ്ഞു. വികാരാധീനനായ കാമുകന്‍ മുതല്‍ ദുഃഖിതനായ കഥാപാത്രമായി വരെ നളന്‍ വരുന്നുവെന്ന് ഗോപി ആശാന്‍ കൂട്ടിച്ചേര്‍ത്തു.

കഥകളിയില്‍, കൈമുദ്രകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, അത് നിശബ്ദമായ ആവിഷ്‌കാരമാണ്. അഭിനയത്തിന്റെ സൂക്ഷ്മതകളിലൂടെ ഒരു കഥാപാത്രത്തിന്റെ സത്തയിലേക്ക് ആഴ്ന്നിറങ്ങുകയാണ്. കഥകളിയില്‍ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഭാവങ്ങളിലൂടെ അവതരിപ്പിക്കണം, സിനിമയില്‍ അത് കൂടുതല്‍ സ്വാഭാവികമാണ്.

നടന്‍ മോഹന്‍ലാല്‍ നല്ല സുഹൃത്താണ്. എന്റെ പിറന്നാളിന് അദ്ദേഹം ആശംസകള്‍ അയക്കും. അദ്ദേഹത്തിന് ഞാനും ആശംസ അറിയിക്കും. വാനപ്രസ്ഥം സിനിമയുടെ ഷൂട്ടിങ്ങിന് മുന്നോടിയായി, മോഹന്‍ലാല്‍ ഒരു മാസത്തോളം കഥകളി പഠിക്കാന്‍ ചെലവഴിച്ചു.

ഷൂട്ടിങ്ങില്‍ നിന്ന് ഇടവേളയെടുത്താണ് ലാല്‍ കഥകളി പരിശീലനം നടത്തിയത്. അഭ്യസിച്ചത്. അദ്ദേഹത്തിന്റെ ആ സമര്‍പ്പണമാണ് കഥാപാത്രത്തിന്റെ പ്രകടനത്തെ ഉയര്‍ത്തിയത്. ഇത്തരം സമര്‍പ്പണം എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ലെന്ന് ഗോപി ആശാന്‍ പറഞ്ഞു.

ഇപ്പോള്‍ കഥകളി വേഷം പഠിക്കുന്നതിന് കുട്ടികളുടെ കുറവ് വലിയ തോതില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍. നിരവധി പെണ്‍കുട്ടികള്‍ ഇപ്പോള്‍ കോഴ്സിന് ചേരുന്നുണ്ട്. അതേസമയം, ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ ആണ്‍കുട്ടികള്‍ മാത്രമാണ് കഥകളി കോഴ്സില്‍ ചേരുന്നത്. ആണ്‍കുട്ടികളുടെ കുറവ് ആശങ്കയു ണ്ടാക്കുന്നുവെന്നും ഗോപി ആശാന്‍ പറഞ്ഞു.

കഥകളി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാൻ കുട്ടിക്കാലത്ത് ഒളിച്ചോടിയിട്ടുണ്ടെന്ന് കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന്‍. പതിനൊന്നാം വയസില്‍ കൊല്ലൂര്‍ മനയിൽ കഥികളി അഭ്യസിച്ചിരുന്ന കാലത്ത് അധ്യാപകന്റെ ശിക്ഷ ഭയന്നാണ് സൈന്യത്തിൽ ചേരാൻ ഒളിച്ചോടിയതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം ഓർമിച്ചു.

‘ഓട്ടംതുള്ളന്‍ പഠിച്ച ശേഷമാണ് കഥകളി പരിശീലനത്തിനായി അച്ഛന്‍ കൊല്ലൂര്‍ മനയില്‍ എന്നെ അയക്കുന്നത്. അവിടെ അധ്യാപകന്‍ ശിഷ്യന്മാരെ വളരെ അധികം ശിക്ഷിച്ചിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒളിച്ചോടി. ഒരു പുഴ കടന്ന് വേണം അപ്പുറം കടക്കാന്‍. സമീപം ചായക്കട നടത്തിയിരുന്ന ഒരു മനുഷ്യനോട് പുഴ കടക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹം ഒരു മുസ്ലീം ആയിരുന്നു.

അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. എനിക്ക് എവിടേക്കാണ് പോകേണ്ടതെന്ന് അന്വേ ഷിച്ചു. എനിക്ക് സൈന്യത്തില്‍ ചേരണമെന്നും ഇവിടെ നിന്നും രക്ഷപ്പെടണമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സൈന്യത്തില്‍ കുട്ടികളെ എടുക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം എന്നെ സമാധാനിപ്പിച്ചു. അദ്ദേഹം എനിക്ക് കഴിക്കാന്‍ ഭക്ഷണം തന്ന ശേഷം എന്നെ കൊല്ലൂര്‍ മനയില്‍ തിരികെ എത്തിക്കാന്‍ സഹായിക്കുകയും ചെയ്‌തു. അതിന് ശേഷം 1951ലാണ് കലാമണ്ഡലത്തില്‍ പ്രവേശനം നേടുന്നത്. കവി വള്ളത്തോള്‍ നാരായണ മേനോന്‍ ആണ് അന്ന് എനിക്ക് പ്രവേശനം നല്‍കിയത്’-അദ്ദേഹം പറഞ്ഞു.

കഥകളി പഠിക്കുന്നതില്‍ സ്ത്രീകള്‍ക്ക് മുൻപും വിലക്കുണ്ടായിരുന്നില്ല. കൊല്ലൂര്‍ മനയില്‍ പെൺകുട്ടികളും കഥകളി അഭ്യസിച്ചിരുന്നു. എന്റെ ബാച്ചിൽ രണ്ട് പെൺക്കുട്ടികൾ ഉണ്ടായിരുന്നു. സരോജിനിയും നാരായണിക്കുട്ടിയും. എന്നാല്‍ അന്ന് കലാമണ്ഡലത്തില്‍ കഥകളി അഭ്യസിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമുണ്ടായിരുന്നില്ല’. താന്‍ കലാമണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ആയ ശേഷം ആ നിയമം മാറ്റി. ഇപ്പോള്‍ കലാമണ്ഡലത്തില്‍ കഥകളിക്ക് സ്ത്രീകൾക്ക് നല്ലൊരു ട്രൂപ്പു തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read Previous

‘ഡീന് വീഴ്ച സംഭവിച്ചു’; ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

Read Next

വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular