യു.കെയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കെതിരായ ആക്രമണം; തക്കതായ നടപടി പ്രതീക്ഷിക്കുന്നുവെന്ന്, വിദേശകാര്യമന്ത്രി ജയശങ്കർ


ന്യൂഡൽഹി: കഴിഞ്ഞ വർഷം യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന ആക്രമണങ്ങളിൽ പ്രതികൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ടി.വി 9 നെറ്റ്വർക്ക് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ജയശങ്കർ പറഞ്ഞു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് അതിക്രമിച്ച് കയറിയവർക്കെതിരേയും കാനഡയിൽ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയവർക്കെതിരേയും നടപടി പ്രതീക്ഷിക്കുന്നു.

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് തങ്ങൾക്ക് താത്ക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. കാനഡയിലെ തങ്ങളുടെ നയതന്ത്രജ്ഞരെ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായതിനെ തുടർന്നായിരുന്നു ഇത്തരമൊരു നീക്കം. എന്നാൽ, ഇന്ന് വിസ പ്രവർത്തനങ്ങളെല്ലാം സാധാരണ നിലയിലാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനും ചോദ്യം ചെയ്യാനും സാധിക്കില്ല. എംബസികളിലേക്ക് സ്മോക് ബോംബെറിയുന്നതും സൗഹൃദപരമായി നിലകൊള്ളുന്ന ഒരു രാജ്യത്തെ ആക്രമിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോ​ഗമാണ്.

ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്.

യു.കെയിലും സമാനമായ രീതിയിലുള്ള ആക്രമണങ്ങളുണ്ടായി. തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച സംരക്ഷണം വിഷത്തിലുണ്ടായില്ല. അതേസമയം, നിലവിൽ യു.കെയിൽ കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ യു.എസും ഓസ്‌ട്രേലിയയും ഉറച്ച നിലപാടെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു യു.എസിലെ സാൻഫ്രാൻസിസ്‌കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് നേർക്ക് ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേർക്ക് ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തുകയും ദേശീയപതാകയോട് അനാദരവ് കാണിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു സാൻ ഫ്രാൻസിസ്‌കോയിലെ അതിക്രമം.

ഇന്ത്യൻ കോൺസുലേറ്റിന്റെ വാതിലിലെയും ജനാലയിലെയും ചില്ലുകൾ അക്രമികൾ തകർത്തു. അക്രമികളുടെ കൈവശമുണ്ടായിരുന്ന, ഖലിസ്ഥാൻ കൊടികെട്ടിയ തടിയുടെ ദണ്ഡുകൊണ്ടായിരുന്നു അന്നത്തെ ആക്രമണം.


Read Previous

ഗഗന്‍യാനില്‍ ബഹിരാകാശത്തേക്ക് പോകാനുള്ള യാത്രികര്‍ തിരുവനന്തപുരത്തെത്തി; യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി പ്രഖ്യാപിയ്ക്കും

Read Next

മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച്  MDMA വില്‍പ്പന; ഉന്മാദാവസ്ഥയിലായിരുന്ന പ്രതി അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular